ബ്ലാസ്‌റ്റേഴ്‌സിൽ പത്താം നമ്പറിന് പുതിയ അവകാശി; ഈ താരത്തിലാണ് പ്രതീക്ഷ...
|2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പല താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിൽ ചേരുകയും വിടുകയും ചെയ്യുകയാണ്.
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിലെ പത്താം നമ്പർ ജേഴ്‌സിയ്ക്ക് പുതിയ അവകാശി. ടീമിന്റെ കടിഞ്ഞാൺ പിടിക്കുന്ന ഉറുഗ്വൻ മിഡ്ഫീൽഡർ അഡ്രിയാൻ നിക്കോളസ് ലൂണയ്ക്കാണ് പത്താം നമ്പർ ജേഴ്‌സി നൽകിയിരിക്കുന്നത്. കഴിഞ്ഞ സീസണുകളിൽ ഈ ജേഴ്‌സിയണിയാറുള്ള ഹർമൻജ്യോത് ഖബ്ര ഈയിടെ ഈസ്റ്റ് ബംഗാൾ എഫ്‌സിയിലേക്ക് കൂടുമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് 20ാം നമ്പർ ജേഴ്‌സിയണിഞ്ഞിരുന്ന ലൂണയ്ക്ക് പുതിയ നമ്പർ നൽകിയത്.
ഏഴാം നമ്പർ ജേഴ്‌സിയ്ക്കും പുതിയ അവകാശിയായിട്ടുണ്ട്. മലയാളി താരം കെപി രാഹുലിന് ഈ ജേഴ്‌സി നൽകിയത്. നേരത്തെ 17ാം നമ്പറിലാണ് താരം കളിച്ചിരുന്നത്. 2022-23 സീസണിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാനിൽ ചേർന്ന പ്യൂട്ടിയയാണ് ഏഴാം നമ്പറിൽ ബ്ലാസ്‌റ്റേഴ്‌സിനായി കളിച്ചിരുന്നത്.
അതേസമയം, മറ്റൊരു മലയാളി താരം നിഹാൽ സുധീഷ് 77ാം നമ്പർ ജേഴ്‌സിയിൽ കളിക്കും. നേരത്തെ 28ാം നമ്പറിലാണ് ഇറങ്ങിയിരുന്നത്. ഉക്രൈൻ മിഡ്ഫീൽഡർ ഇവാൻ കലിയുഷ്‌നിയായിരുന്നു 77ാം നമ്പർ ജേഴ്‌സിയണിഞ്ഞിരുന്നത്. താരവും ടീം വിട്ടിരിക്കുകയാണ്.
2023-24 സീസണിലേക്ക് ടീം ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പല താരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിൽ ചേരുകയും വിടുകയും ചെയ്യുകയാണ്. ടീമിന്റെ മിഡ്ഫീൽഡർ സഹൽ അബ്ദുസമദ് മോഹൻ ബംഗാനിലേക്ക് മാറിയിരുന്നു. ഗോൾകീപ്പർ പ്രഭ്‌സുഖൻ സിംഗ് ഗില്ലും ടീം വിട്ടു. ഈസ്റ്റ് ബംഗാളിലേക്കാണ് താരം മാറിയത്.
അതേസമയം, മോഹൻ ബഗാനിൽ നിന്ന് പ്രീതം കോട്ടാൽ, ബംഗളൂരു എഫ്‌സിയിൽ നിന്ന് പ്രബീർ ദാസ്, വിവിധ ടീമുകളിൽ നിന്ന് ജോഷ്വ സൊറ്റിരിയോ, നവോച്ച, ബികാഷ് തുടങ്ങിയവർ ടീമിലെത്തിയിട്ടുണ്ട്. ലൂണയ്ക്ക് പുറമേ കഴിഞ്ഞ സീസണിൽ ടീമിനായി കളിച്ച ദിമിത്രിയോസ് ഡയമൻറക്കോസ്, ജീക്‌സണ സിംഗ്, ഡാനിഷ് ഫാറൂഖ്, രാഹുൽ കെ.പി തുടങ്ങിയ പ്രമുഖർ ഇക്കുറിയും സംഘത്തിലുണ്ട്. കോച്ച് ഇവാൻ വുകുമനോവിച്ചും ടീമിനൊപ്പമുണ്ട്. നിലവിൽ കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പ് തുടങ്ങിയിരിക്കുകയാണ്. 2023-24 സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യം കളിക്കാനുള്ള ഡ്യൂറനറ് കപ്പാണ്. ബംഗളൂരു എഫ്‌സി, ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നീ ടീമുകളുള്ള ഗ്രൂപ്പ് സിയിലാണ് മഞ്ഞപ്പടയുള്ളത്.
അഡ്രിയാൻ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ കുന്തമുന
ബ്ലാസ്‌റ്റേഴ്‌സിലെത്തിയത് മുതൽ ടീമിന്റെ കളി മെനയുന്നത് അഡ്രിയാൻ നിക്കോളസ് ലൂണയാണ്. ഇന്ത്യൻ സൂപ്പർലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ മിഡ്ഫീൽഡിന് കരുത്ത് പകരാൻ 2021-22 സീസണിന് മുന്നോടിയായാണ് ലൂണയെ മാനേജ്‌മെന്റ് ടീമിൽ എത്തിച്ചിരുന്നത്. മെൽബൺ സിറ്റി എഫ്.സി താരമായ അഡ്രിയാൻ ലൂണ മുമ്പുള്ള എ ലീഗ് സീസണിൽ 24 മൽസരങ്ങൾ നിന്നായി മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെൻസർ സ്‌പോർട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു അഡ്രിയാൻ ലൂണയുടെ ഫുട്ബോൾ കരിയറിന്റെ തുടക്കം.
ഉറുഗ്വേ അണ്ടർ17, അണ്ടർ20 മുൻ താരം കൂടിയായ അഡ്രിയാൻ ലൂണ ഇരു വിഭാഗങ്ങളിൽ നിന്നുമായി 19 മത്സരങ്ങളിൽ ദേശീയ ജഴ്‌സി അണിഞ്ഞു. 2009ൽ ഫിഫ അണ്ടർ17 ലോകകപ്പിലും 2011ൽ ഫിഫ അണ്ടർ20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂർണമെൻറുകളിലും ഓരോ ഗോൾ വീതവും നേടിയിരുന്നു.
അഡ്രിയാൻ ലൂണ എത്തിയ ശേഷം നടന്ന രണ്ട് ഐ.എസ്.എൽ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് താരത്തെയായിരുന്നു. രണ്ട് സീസണിലും ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്താനും സ്ഥിരത നിലനിർത്താനും അഡ്രിയാൻ ലൂണയ്ക്കു സാധിച്ചു. 2021 - 2022 സീസണിൽ 23 മത്സരങ്ങളിൽ ആറ് ഗോളും ഏഴ് അസിസ്റ്റും, 2022 - 2023 സീസണിൽ 20 മത്സരങ്ങളിൽ നാല് ഗോളും ആറ് അസിസ്റ്റും അഡ്രിയാൻ ലൂണ ഐ എസ് എല്ലിൽ നടത്തി. അതായത് ഐ എസ് എല്ലിൽ മാത്രം 43 മത്സരങ്ങളിൽ 10 ഗോളും 13 അസിസ്റ്റും. ലൂണ എന്തായിരുന്നുവെന്ന് ഈ കണക്കുകൾ തന്നെ ധാരാളം. ഐ.എസ്.എൽ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരം ലൂണയാണ്. 43 മത്സരങ്ങളാണ് ഉറുഗ്വേൻ താരം മഞ്ഞക്കുപ്പായത്തിൽ കളിച്ചിട്ടുള്ളത്.
കഴിഞ്ഞ ഐ.എസ്.എല്ലിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം അഡ്രിയാൻ ലൂണ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രസീൽ താരം വില്യൻ ബോർജസ് ഡാ സിൽവ അടിച്ചത് പോലൊരു മനോഹര ടീം ഗോൾ നേടിയിരുന്നു. ഹോർമിപാമിൽ നിന്ന് ലഭിച്ച പന്തുമായി എതിർഗോൾ മുഖത്തേക്കുള്ള മുന്നേറ്റം തുടങ്ങിയത് ലൂണയായിരുന്നു. ഒടുവിൽ ഗോളാക്കിയതും താരമായിരുന്നു. ആദ്യം സഹൽ അബ്ദുസമദിനും പിന്നീട് ദിമിത്രിയോസ് ഡയമൻഡക്കോസിനും പാസ് നൽകി താരം മുന്നേറി. ഒടുവിൽ ഡയമന്റാക്കോസ് അപ്പോസ്തലസ് ജിയാനുവിന് പന്ത് നൽകി. തുടർന്ന് ലൂണ 65ാം മിനുട്ടിൽ പാസ് സ്വീകരിച്ച് ജംഷഡ്പൂരിന്റെ ഉരുക്കുവല കുലുക്കുകയായിരുന്നു. മത്സരത്തിൽ ജംഷഡ്പൂർ വഴങ്ങിയ മൂന്നാമത്തെ ഗോളായിരുന്നിത്. നേരത്തെ ജിയാനുവും ഡയമൻറക്കോസും ഗോൾ നേടിയിരുന്നു.
2018 ജനുവരി 20ന് ബ്രൈട്ടനെതിരെ ചെൽസിക്ക് വേണ്ടി വില്യൻ സമാനമായ ഗോൾ നേടിയിരുന്നു. ഹസാർഡ്, ബത്ഷുഹായി എന്നിവർക്ക് പാസ് നൽകി മുന്നേറിയ വില്യൻ എതിർവലയിൽ തീയുണ്ട പായിക്കുകയായിരുന്നു. ടീം ഗോളെന്ന് വിശേഷിപ്പിക്കാവുന്ന പ്രകടനമായിരുന്നത്. മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ചെൽസി വിജയിച്ചിരുന്നു.
The new heir to the number 10 jersey of Kerala Blasters.