Football
ലോകം മാറിയിട്ടില്ല, അവരിൽ വിശ്വാസമർപ്പിക്കുക; മെസിപ്പടയെ പിന്തുണച്ച് നദാൽ
Football

'ലോകം മാറിയിട്ടില്ല, അവരിൽ വിശ്വാസമർപ്പിക്കുക'; മെസിപ്പടയെ പിന്തുണച്ച് നദാൽ

Web Desk
|
24 Nov 2022 1:55 PM GMT

ഇനി രണ്ട് മത്സരങ്ങൾ കൂടി ഉണ്ട്. അവരിൽ വിശ്വാസമർപ്പിക്കുക, ബഹുമാനം നൽകുക, നദാൽ പറഞ്ഞു

ദോഹ: അർജന്റീനയ്ക്ക് പിന്തുണയുമായി സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ. സൗദിയോട് തോറ്റത് ചൂണ്ടി അർജന്റീനയുടെ ടൂർണമെന്റിലെ സാധ്യതകൾ അവസാനിച്ചതായി ആർക്കും പറയാനാവില്ലെന്ന് നദാൽ പറഞ്ഞു. അത് വലിയ സന്തോഷം നൽകുന്നതുമല്ല, വലിയ ദുരന്തവുമല്ല. ലോകം മാറിയിട്ടില്ല. അവർ ഒരു കളി തോറ്റു. അത്രയും ലളിതമാണ് അത്. ഇനി രണ്ട് മത്സരങ്ങൾ കൂടി ഉണ്ട്. അവരിൽ വിശ്വാസമർപ്പിക്കുക, ബഹുമാനം നൽകുക, നദാൽ പറഞ്ഞു.

അമേരിക്കയിലെ ചാമ്പ്യന്മാരായാണ് അവർ വരുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയ തുടർച്ചയാണ് അവർ കണ്ടെത്തിയത്. പിന്നെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നത് എന്തിനാണ്. മുൻപോട്ട് പോകാൻ കരുത്തുള്ള ടീമാണ് അർജന്റീന എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, സ്പാനിഷ് ടെന്നീസ് ഇതിഹാസം പറഞ്ഞു.

മെക്സിക്കോയോടും പോളണ്ടിനോടുമാണ് ഗ്രൂപ്പിൽ അർജന്റീനയുടെ ഇനിയുള്ള മത്സരങ്ങൾ. പോളണ്ട്- മെക്സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞതുകൊണ്ട് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ അർജന്റീനയ്ക്ക് പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാം. എന്നാൽ, ഒരു സമനിലയും ഒരു ജയവുമാണ് നേടുന്നതെങ്കിൽ മറ്റുള്ള ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും അർജന്റീനയുടെ ഭാവി.

ഒരു ജയം നേടിയ സൗദിയാണ് മൂന്ന് പോയിന്റുമായി നിലവിൽ ഗ്രൂപ്പ് സിയിൽ ഒന്നാമത്. ഒരു പോയിന്റുള്ള പോളണ്ടും മെക്സിക്കോയും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ സമനില നേടിയാൽ പോലും സൗദിക്ക് പ്രീക്വാർട്ടറിലെത്താം.

Similar Posts