Football
മഞ്ഞപ്പടകൾ കിരീടം ചൂടിയ വർഷം; ജഴ്‌സി മാറുമ്പോൾ ഭാഗ്യവും അകലുമോ ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്?
Football

മഞ്ഞപ്പടകൾ കിരീടം ചൂടിയ വർഷം; ജഴ്‌സി മാറുമ്പോൾ ഭാഗ്യവും അകലുമോ ബ്ലാസ്‌റ്റേഴ്‌സിൽനിന്ന്?

Web Desk
|
18 March 2022 1:57 PM GMT

ഒരുവശത്ത് മഞ്ഞപ്പടക്കാർ കിരീടം ചൂടുമ്പോള്‍ നിരന്തരം തോൽവികൾ ഏറ്റുവാങ്ങാന്‍ മാത്രം വിധിയുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ചൂണ്ടിക്കാട്ടിയായിരുന്നു മാസങ്ങള്‍ക്കുമുന്‍പ് വരെ ട്രോളുകൾ

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ഐ.എസ്.എല്ലിന്റെ കലാശപ്പോരിനിറങ്ങുകയാണ്. ഞായറാഴ്ച ഗോവയിലെ ഫറ്റോർഡ സ്‌റ്റേഡിയത്തിൽ മഞ്ഞപ്പടകൾ തമ്മിലുള്ള പോരാട്ടത്തിൽ ആര് ജയിച്ചാലും ഐ.എസ്.എല്ലിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഉറപ്പ്. എന്നാൽ, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ പകരുന്ന ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്; ടീമിന് മഞ്ഞ ജഴ്‌സിയിൽ ഫൈനലിനിറങ്ങാൻ കഴിയില്ല!

ബ്ലാസ്റ്റേഴ്‌സിന്‍റെയും ഫൈനലിലെ എതിരാളികൾ ഹൈദരാബാദ് എഫ്.സിയുടെയും ഹോം ജഴ്‌സി മഞ്ഞയാണ്. ഐ.എസ്.എല്ലിന്റെ തുടക്കംതൊട്ടേ ബ്ലാസ്റ്റേഴ്‌സ് മഞ്ഞപ്പടയാണ്. 2019ൽ രൂപംകൊണ്ട് ഐ.എസ്.എല്ലിന്റെ ഭാഗമായതുതൊട്ട് ഹൈദരാബാദും മഞ്ഞക്കുപ്പായത്തിലാണ് ഇറങ്ങിയത്. എന്നാൽ, ഒരേമത്സരത്തിൽ ഇരുടീമുകൾക്കും ഒരേ നിറത്തിൽ ഇറങ്ങാൻ പറ്റാത്തതിനാലാണ് ലീഗ് ഘട്ടത്തിലെ പോയിന്റിന്റെ അടിസ്ഥാനത്തിൽ 'മഞ്ഞഭാഗ്യം' ഹൈദരാബാദിനെ തുണച്ചത്.

ഇത് മഞ്ഞക്കുപ്പായക്കാരുടെ കാലമോ?

മാസങ്ങൾക്കുമുൻപ് ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജഴ്‌സി സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു. അതുപക്ഷെ ഫുട്‌ബോൾ കാരണമല്ല. കഴിഞ്ഞ വർഷം നടന്ന മൂന്ന് സുപ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിൽ മഞ്ഞപ്പടക്കാരുടെ കിരീടനേട്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബ്ലാസ്റ്റേഴ്‌സിനുനേരെ ട്രോൾവർഷം. ഒരുവശത്ത് മഞ്ഞപ്പടക്കാർ കിരീടം ചൂടുമ്പോള്‍ നിരന്തരം തോൽവികൾ ഏറ്റുവാങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിനെ ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ.

കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പ്, ഐ.പി.എൽ, സയ്യിദ് മുഷ്താഖ് അലി എന്നിങ്ങനെയുള്ള മൂന്ന് സുപ്രധാന ക്രിക്കറ്റ് ടൂർണമെന്റുകളിൽ കിരീടം ചൂടിയത് മഞ്ഞപ്പടകളായിരുന്നു. ലോകകപ്പിൽ ആസ്‌ട്രേലിയയാണെങ്കിൽ ഐ.പി.എല്ലിൽ ധോണിയുടെ ചെന്നൈയായിരുന്നു ചാംപ്യന്മാർ. ഇതോടൊപ്പം രാജ്യത്തെ ആഭ്യന്തര ക്രിക്കറ്റിലെ ടി20 ചാംപ്യൻഷിപ്പായ സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മഞ്ഞക്കുപ്പായക്കാരായ തമിഴ്‌നാടും ജേതാക്കളായി.

കഴിഞ്ഞ ഒക്ടോബർ 15ന് ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന ഐ.പി.എൽ കലാശപ്പോരിൽ കൊൽക്കത്തയെ തകർത്തായിരുന്നു അവിസ്മരണീയമായ തിരിച്ചുവരവിലൂടെ ചെന്നൈ സൂപ്പർ കിങ്‌സ് കിരീടമണിഞ്ഞത്. നവംബർ 13ന് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ തന്നെ നടന്ന ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തായിരുന്നു ആസ്‌ട്രേലിയ കപ്പടിച്ചത്. നവംബർ 22ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ കർണാടകയെ നാലു വിക്കറ്റിന് തോൽപിച്ച് തമിഴ്‌നാട് മൂന്നാം കിരീടവും സ്വന്തമാക്കി.

ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം സീസൺ

ഐ.പി.എല്ലിൽ ഇത്തവണ ചെന്നൈ പുറത്തെടുത്തുന്ന അവിസ്മരണീയ തിരിച്ചുവരവുപോലെ ഈ ഐ.എസ്.എൽ ബ്ലാസ്‌റ്റേഴ്‌സ് വിസ്മയത്തിന്റെകൂടി സീസണായിരുന്നു. വിമർശകരെയും ആരാധകരെയുമെല്ലാം ഒരുപോലെ ഞെട്ടിക്കുകയായിരുന്നു സീസണിന്റെ തുടക്കംതൊട്ടേ വുകുമനോവിച്ചും സംഘവും. ഇതോടൊപ്പം ഫൈനൽ നടക്കുന്ന ഫറ്റോർഡയിലെ കണക്കുകളും ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമാണ്. ഇത്തവണ സ്‌റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച മത്സരങ്ങളിൽ തോൽവി നേരിട്ടത് ഒരിക്കൽ മാത്രം.

സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായിരുന്നു ഫറ്റോർഡ. ഇവിടെ എട്ടു കളിയിൽ ജയം ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു. അഞ്ച് മത്സരങ്ങൾ സമനിലയിലും പിരിഞ്ഞു. 24 ഗോളുകൾ ഇവിടെ ബ്ലാസ്റ്റേഴ്‌സ് അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് 11 എണ്ണം മാത്രം.

ലീഗ് ഘട്ടത്തിൽ പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിനു മുകളിലാണ് ഹൈദരാബാദിന്റെ സ്ഥാനം. 20 കളിയിൽ നിന്ന് 11 ജയവും അഞ്ച് സമനിലയും നാല് തോൽവിയുമായി രണ്ടാമതായാണ് ഹൈദരാബാദ് സെമിയിലേക്ക് കടന്നത്; ബ്ലാസ്റ്റേഴ്‌സ് നാലാമതായും.

Summary: ISL final: What will be the fate of yellow jersey when Blasters face Hyderabad in a battle of equals

Similar Posts