ജപ്പാന് വൃത്തി വിട്ടൊരു കളിയില്ല; എന്തു വെടിപ്പാണിത്!
|ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജപ്പാൻ ശക്തരായ ജർമനിയെ തോൽപ്പിച്ചത്
ജർമനിക്കെതിരെ നേടിയ അട്ടിമറി വിജയശേഷവും സ്വന്തം മൂല്യങ്ങൾ കൈവിടാതെ ജപ്പാൻ ടീം. ആഘോഷം കൊണ്ട് മതി മറക്കാതെ, ഡ്രസിങ് റൂമെല്ലാം വൃത്തിയാക്കിയാണ് ടീം സ്‌റ്റേഡിയത്തിൽനിന്ന് മടങ്ങിയത്. നേരത്തെ, കളിക്കു ശേഷം സ്‌റ്റേഡിയം വൃത്തിയാക്കിയ ജപ്പാൻ ആരാധകർ കായിക ലോകത്തിന്റെ പ്രശംസയ്ക്ക് പാത്രമായിരുന്നു.
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിനാണ് ജപ്പാൻ ശക്തരായ ജർമനിയെ തോൽപ്പിച്ചത്. മുപ്പത്തിമൂന്നാം മിനിറ്റിൽ ഗുന്തോഗൻ എടുത്ത പെനാൽറ്റിയിലൂടെ ജർമനിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ 75-ാം മിനിറ്റിൽ റിറ്റ്‌സു ഡോൺ, 83-ാം മിനിറ്റിൽ ടകുമോ അസോനോ എന്നിവർ നേടിയ ഗോളിൽ ജപ്പാൻ വിജയം പിടിച്ചുവാങ്ങുകയായിരുന്നു.
ആരാധകർക്കു പുറമേ, ജപ്പാൻ താരങ്ങളും വലിയ ആഘോഷമാണ് സ്‌റ്റേഡിയത്തിൽ നടത്തിയത്. എന്നാൽ ലോക്കർ റൂമിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് എല്ലാം ചിട്ടയോടെ അടുക്കി വച്ചാണ് ടീം പുറത്തു പോയത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
താരങ്ങൾ ഇങ്ങനെയാണെങ്കിൽ ആരാധകർക്ക് വെറുതെ ഇരിക്കാൻ കഴിയുമോ? അവർ കളി നടന്ന ഖലീഫ സ്റ്റേഡിയം മുഴുവൻ വൃത്തിയാക്കി. കുപ്പിയും കടലാസും കൂടകളിലാക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചത്.
നവംബർ 27ന് കോസ്റ്റാറിക്കയ്‌ക്കെതിരെയാണ് ജപ്പാന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളിന് സ്‌പെയിനിനോട് തോറ്റാണ് ആഫ്രിക്കൻ ടീം വരുന്നത്.