ബയേണിൽ ഇനി ടുഷേൽ ടാക്റ്റിക്സ്, ചെൽസിയും, പി.എസ്.ജി യും മുമ്പ് ടുഷേലിനെ പുറത്താക്കിയിരുന്നു
|തോമസ് ടുഷേൽ ഇനി ബയേൺ മ്യൂണിക്ക് പരിശീലകൻ. 2025- ജൂൺ വരെയാണ് കരാർ. ജൂലിയൻ നഗെൽസ്മാന് പകരമാണ് നിയമനം. ചെൽസി, പാരീസ് സെയ്ൻ്റ് ജെർമെയ്ൻ, എന്നീ ടീമുകളുടെ കോച്ചായിരുന്ന ടുഷെൽ, ബയേൺ മ്യൂണിക്കിന്റെ ചിരവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
2021-ൽ ചെൽസിയെ ചാംപ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ടുഷേലിനെ തൊട്ടടുത്ത വർഷം ചെൽസി ബോർഡ് പുറത്താക്കിയ തീരുമാനം അപ്രതീക്ഷമായിരുന്നു. ഏതാണ്ട് ടുഷേലിനു സമാനമാണ് ജൂലിയൻ നഗെൽസ്മാന്റെ പുറത്താകലും. ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ പാരീസ് സെയ്ൻ്റ് ജെർമെയ്നെ പരാജയപ്പെടുത്തിയെങ്കിലും ബുണ്ടെസ് ലീഗയിൽ അത്ര ഫോമിലല്ല ബയേൺ. ലീഗിൽ ചിരവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനു താഴെ രണ്ടാമതാണ് നിലവിൽ ബയേൺ മ്യൂണിക്ക്. ലീഗിൽ എല്ലായ്പ്പോഴും ആധിപത്യം പുലർത്താറുളള ടീം പരിശീലകനെ പെട്ടെന്ന് പുറത്താക്കിയത് ഇതിനാലായിരിക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷരുടെ അഭിപ്രായം.. 2012 മുതൽ ബയേൺ മ്യൂണിക്ക് കുത്തകയാക്കി വെച്ചിരിക്കുകയാണ് ബുണ്ടെസ് ലീഗ കിരീടം.
പരിശീലകനായ ആദ്യ മത്സരത്തിൽ തന്നെ തന്റെ പഴയ ടീമും ബയേൺ മ്യൂണിക്കിന്റെ ബദ്ധവൈരികളുമായ ബൊറൂസിയ ഡോർട്മുണ്ടിനെയാണ് ടുഷെലിനു നേരിടേണ്ടത്. അടുത്ത മാസം മാഞ്ചസ്റ്റർ സിറ്റിയുമായുളള ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരവും ടുഷെലിനു മുന്നിലുളള വെല്ലുവിളിയാണ്. പാരീസ് സെയ്ൻ്റ് ജെർമെയ്നും സീസണിനിടക്ക് ടുഷേലിനെ പുറത്താക്കുകയായിരുന്നു.