ആക്രമണത്തിന് മൂർച്ച കൂട്ടി ബാഴ്‌സ; ടീമിലെത്തിയത് മൂന്ന് കിടിലൻ താരങ്ങൾ
|ആരെയൊക്കെ കളിപ്പിക്കും, ആരെ പുറത്തിരുത്തും എന്നതാവും സീസണിന്റെ രണ്ടാം പകുതിയിൽ കോച്ച് ഷാവിയുടെ തലവേദന
ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചപ്പോൾ ബാഴ്‌സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. വിവാദങ്ങൾക്കും ചൂടൻ വാഗ്വാദങ്ങൾക്കുമൊടുവിൽ സൂപ്പർ താരം ഉസ്മാൻ ഡെംബലെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചു എന്നതു മാത്രമല്ല ആക്രമണ നിരയിലേക്ക് ഫെറാൻ ടോറസ്, പിയറി എമറിക് ഒൗബാമിയാങ്, ആദമ ട്രവോറെ എന്നിവരെ സ്വന്തമാക്കാനും കാറ്റലൻസിന് കഴിഞ്ഞു. പ്രീമിയർ ലീഗിൽ മികച്ച റെക്കോർഡുള്ള ഒബാമിയാങിന്റെയും ആദമയുടെയും വരവോടെ ആക്രമണത്തിന് മൂർച്ച കൂടുമെന്നും സീസണിൽ ശേഷിക്കുന്ന 17 മത്സരങ്ങളിൽ പരമാവധി പോയിന്റുകൾ സ്വന്തമാക്കി ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പാക്കുമെന്നുമാണ് പ്രതീക്ഷകൾ.
മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ടോറസിനെയാണ് ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സ ആദ്യം ടീമിലെത്തിച്ചത്. 55 മില്യൺ യൂറോ (460 കോടി രൂപ) എന്ന ഭീമൻ തുകയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വാങ്ങിയ ടോറസിനെ ഭാവിയിൽ ടീമിന്റെ പ്രധാന താരമായാണ് ബാഴ്‌സ കാണുന്നത്. വിങ്ങറായും പരമ്പരാഗത പത്താം നമ്പർ റോളിലും ഒരേപോലെ മികവ് പുലർത്താൻ കഴിയുന്ന ടോറസ് 2027 വരെ ക്യാംപ്‌നൗവിലുണ്ടാകും. ഒരു ബില്യൺ യൂറോ എന്ന അസാധ്യമായ റിലീസ് ക്ലോസാണ് താരത്തിന് ബാഴ്‌സ ഇട്ടിരിക്കുന്നത്.
അഞ്ച് മാസം കൂടി ശേഷിക്കുന്ന കരാർ റദ്ദാക്കി പിയറി എമറിക് ഔബമിയാങ്ങിനെ ഫ്രീ ഏജന്റായി പോകാൻ ആർസനൽ അനുവദിച്ചതോടെയാണ് വലിയ സാമ്പത്തിക ഭാരമില്ലാതെ ഗാബോൺ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സയ്ക്കു കഴിഞ്ഞത്. ഡിസംബർ തുടക്കത്തിൽ അച്ചടക്ക പ്രശ്‌നങ്ങളെ തുടർന്ന് ആർസനലിന്റെ നായകസ്ഥാനത്തു നിന്ന് മാറ്റപ്പെട്ട ഔബയ്ക്ക് പിന്നീട് കളിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ആഴ്ചയിൽ 3.5 ലക്ഷം പൗണ്ട് (3.5 കോടി രൂപ) എന്ന വൻതുക പ്രതിഫലം വാങ്ങുന്ന താരത്തെ ഒഴിവാക്കാനായിരുന്നു പിന്നീട് ഗണ്ണേഴ്‌സിന്റെ ശ്രമം. കുറഞ്ഞ പ്രതിഫലത്തിന് കളിക്കാൻ ഔബ തയാറായതോടെയാണ് ബാഴ്‌സലോണ താരത്തിനു വേണ്ടിയുള്ള ശ്രമം തുടങ്ങിയത്. ശമ്പള ഇനത്തിൽ 25 ദശലക്ഷം പൗണ്ട് ലാഭിക്കാം എന്നായതോടെ ആർസനൽ ഔബയെ ഫ്രീ ഏജന്റായി വിട്ടയക്കുകയായിരുന്നു.
ആർസനലിനായി 163 മത്സരങ്ങളിൽ നിന്ന് 92 ഗോൾ നേടിയ ഔബ ബാഴ്‌സയുടെ അറ്റാക്കിങ് പ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാവും. സമ്പന്നമായ മധ്യനിരയുള്ള ബാഴ്‌സയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മകളാണ് സീസണിലെ പ്രധാന പ്രശ്‌നം. ഫൈനൽ തേർഡിൽ ഔബയുടെ വരവ് കൂടുതൽ ഗോളവസരങ്ങളിലേക്കും ഗോളിലേക്കും വഴിതുറക്കുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.
ക്ലബ്ബ് വിടാനൊരുങ്ങിയ ഉസ്മാൻ ഡെംബലെയ്ക്ക് പകരക്കാരനായാണ് ആദമ ട്രവോറെയെ ബാഴ്‌സ ആദ്യഘട്ടത്തിൽ കണ്ടിരുന്നത്. വൂൾവറാംപ്ടൺ വാണ്ടറേഴ്‌സിൽ നിന്ന് ലോണിന് ബാഴ്‌സയിലെത്തിയ താരത്തെ സീസൺ ഒടുവിൽ 25 മില്യൺ യൂറോ നൽകി സ്വന്തമാക്കാനുള്ള അവസരവും ബാഴ്‌സയ്ക്കുണ്ട്. ഡ്രിബ്ലിങ് മികവ് കൊണ്ടും ശാരീരികക്ഷമത കൊണ്ടും ശ്രദ്ധേയനായ താരത്തെ ബാഴ്‌സ കോച്ച് ഷാവിക്ക് പല റോളുകളിൽ കളിപ്പിക്കാൻ കഴിയും. കരിയറിന്റെ വിവിധ ഘട്ടങ്ങളിലായി വിങ്ങർ, സ്‌ട്രൈക്കർ, വിങ് ബാക്ക് തുടങ്ങിയ പൊസിഷനുകളിൽ കഴിച്ചിട്ടുണ്ട്. ബാഴ്‌സയുടെ യൂത്ത് അക്കാദമിയിൽ കളി പഠിച്ച ആദമ പ്രൊഫഷണൽ കരിയറിന്റെ തുടക്കത്തിൽ സ്പാനിഷ് ക്ലബ്ബിനു വേണ്ടി ഒരു കളിയിൽ ബൂട്ടു കെട്ടിയിട്ടുമുണ്ട്.
പുതിയ താരങ്ങളുടെ വരവോടെ മുൻ കോച്ച് റൊണാൾഡ് കൂമൻ ടീമിലെത്തിച്ച മെംഫിസ് ഡിപായ്, ലൂക്ക് ഡിയോങ് എന്നിവരടക്കമുള്ള മുന്നേറ്റ താരങ്ങളുടെ സ്ഥാനമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഉസ്മാൻ ഡെംബലെ, അൻസു ഫാത്തി, അബ്ദെ എസ്സൽസുലി എന്നിങ്ങനെ വേറെയും അറ്റാക്കിങ് ഓപ്ഷനുകളും കോച്ച് ഷാവിക്കു മുന്നിലുണ്ട്. മധ്യനിരയിൽ രൂപപ്പെടുന്ന നീക്കങ്ങൾ വിജയകരമായി വലയിലെത്തിക്കാനുള്ള ഫോർമേഷനിൽ ആരെയെല്ലാം ഉൾപ്പെടുത്താമെന്നതും ആരെയൊക്കെ തഴയാമെന്നതുമായിരിക്കും ഷാവിയുടെ മുന്നിൽ ഇനിയുള്ള തലവേദന.