Football
നുനോ ഗോമസിനെ പുറത്താക്കി ടോട്ടനം; കോണ്ടെ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍
Football

നുനോ ഗോമസിനെ പുറത്താക്കി ടോട്ടനം; കോണ്ടെ പരിശീലകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍

Web Desk
|
1 Nov 2021 1:49 PM GMT

മൗറിന്യോക്ക് പകരക്കാരനായി സ്‌പർസിന്റെ ചുമതല ഏറ്റെടുത്ത നുനോക്ക് കീഴിൽ പത്ത് മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 5 പരാജയങ്ങളും അഞ്ച് വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് സ്പർസ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടന്‍ഹാം പരിശീലകൻ നുനോ ഗോമസിനെ പുറത്താക്കി. ഒരൊറ്റ മാസം കൊണ്ട് നുനോയെ പുറത്താക്കാൻ സ്പർസ് തീരുമാനിച്ചിരിക്കുകയാണ്. സ്പർസ് ഇന്ന് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. മൗറിന്യോക്ക് പകരക്കാരനായി സ്‌പർസിന്റെ ചുമതല ഏറ്റെടുത്ത നുനോക്ക് കീഴിൽ പത്ത് മത്സരങ്ങൾ ലീഗിൽ കഴിഞ്ഞപ്പോൾ 5 പരാജയങ്ങളും അഞ്ച് വിജയങ്ങളുമായി എട്ടാം സ്ഥാനത്താണ് സ്പർസ്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ടതോടെയാണ് നുനോയെ പുറത്താക്കാൻ സ്പർസ് തീരുമാനിച്ചത്. മുൻ വോൾവ്സ് പരിശീലകൻ ആണ് നുനോ.

നുനോക്ക് പകരം കഴിഞ്ഞ സീസണിൽ ഇന്റർ മിലാനെ ഇറ്റാലിയൻ ലീഗ് കിരീടത്തിലേക്ക് നയിച്ച അന്റോണിയോ കോണ്ടേ സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്ടേയുടെ ടോട്ടനം ഹോട്സ്‌പറിലേക്കുള്ള വരവിനു ചുക്കാൻ പിടിക്കുന്നത് ക്ലബിന്റെ സ്പോർട്ടിങ് ഡയറക്ടറായ ഫാബിയോ പാരാറ്റിസിയാണ്. മുൻപ് ഇറ്റാലിയൻ ക്ലബായ യുവന്റസിൽ രണ്ടുപേരും ഒരുമിച്ചു ജോലി ചെയ്‌തിരുന്നു. മൗറിന്യോയെ പുറത്താക്കിയപ്പോൾ പകരക്കാരനായി ടോട്ടനം കോണ്ടേയെ സമീപിച്ചിരുന്നു എങ്കിലും ചർച്ചകൾ വിജയം കണ്ടില്ല.

2016-17 സീസണിൽ ചെൽസിയെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ച പരിചയസമ്പത്തുള്ള കൊണ്ടേ അതിനു ശേഷം ഇന്റർ മിലാനിലെത്തി അവർക്കു പതിനൊന്നു വർഷത്തിനു ശേഷം ലീഗ് കിരീടം സമ്മാനിച്ചിരുന്നു.

Similar Posts