നിർണായക മത്സരത്തിൽ സൂപ്പർ താരത്തിന് വിലക്കും പിഴയും; ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി
|ഇന്ന് ജീവന്മരണ പോരാട്ടമാണ് ബ്ലാസ്‌റ്റേഴ്‌സിന്
കൊച്ചി: ഇന്ത്യൻ സൂപ്പർലീഗിൽ സെമി ഫൈനൽ ലക്ഷ്യവുമായി ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. പ്രതിരോധത്തിലെ വിശ്വസ്ത താരം ഹർമൻജോത് ഖബ്രയുടെ സേവനം ഇന്ന് ടീമിന് നഷ്ടമാകും. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലെ മോശം പെരുമാറ്റം മൂലം രണ്ടു മത്സരങ്ങളിൽ വിലക്കും ഒന്നര ലക്ഷം രൂപ പിഴയുമാണ് ഖബ്രയ്ക്ക് എഐഎഫ്എഫ് അച്ചടക്കസമിതി വിധിച്ചിട്ടുള്ളത്.
'എതിർ കളിക്കാരനെ മനഃപൂർവ്വം ഇടിച്ചു' എന്ന കുറ്റത്തിനാണ് ഖബ്രയ്ക്ക് വിലക്കും പിഴയും ചുമത്തിയത്. ഹൈദരാബാദ് താരം സാഹിൽ ടവോറയുടെ തലയ്ക്കാണ് ഖബ്ര ഇടിച്ചിരുന്നത്. ഇതിന് താരം മഞ്ഞക്കാർഡും കണ്ടിരുന്നു. അച്ചടക്ക സമിതിക്ക് മുമ്പാകെ ഖബ്ര സംഭവത്തിൽ ഖബ്ര ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ന് കളത്തിലുണ്ടാകില്ലെങ്കിലും ഓരോ ആരാധകനെയും പോലെ ടീമിനായി ആർത്തുവിളിക്കാൻ താനുണ്ടാകുമെന്ന് ഖബ്ര ട്വിറ്ററിൽ കുറിച്ചു. ഖബ്രയുടെ അസാന്നിധ്യത്തിൽ ഇന്ന് വലതു വിങ് ബാക്കായി രാഹുൽ കെപി എത്താനാണ് സാധ്യത. മത്സരത്തിന് മുമ്പോടിയായുള്ള വാർത്താ സമ്മേളനത്തിൽ കോച്ച് ഇവാൻ വുകുമനോവിച്ചിന്റെ കൂടെ രാഹുൽ പങ്കെടുത്തിരുന്നു.
Harmanjot Singh Khabra has been handed two-match suspension and a fine of 1.5 lakh. Khabra was held guilty of 'hitting an opponent when not challenging for the ball' after being charged with 'violent conduct' in a ISL match against Hyderabad FC last month.
— Marcus Mergulhao (@MarcusMergulhao) March 2, 2022
അതിനിടെ, ഇന്ന് ജീവന്മരണ പോരാട്ടമാണ് ബ്ലാസ്‌റ്റേഴ്‌സിന്. 18 മത്സരങ്ങൾ വീതം കളിച്ച മുബൈയും ബ്ലാസ്റ്റേഴ്സും പോയിന്റ് പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. ഇരു ടീമുകളും തമ്മിൽ വെറും ഒരു പോയിൻറിൻറെ വ്യത്യാസം മാത്രം. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ 33 പോയിൻറുമായി ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്തേക്ക് കയറാം.
കഴിഞ്ഞ മത്സരത്തിൽ ചെന്നെയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തതിൻറെ ആത്മവിശ്വാസത്തിലാവും ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാനിറങ്ങുക. മുംബൈയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ഗോവയെ തകർത്തതിൻറെ ആത്മവിശ്വാസത്തിലാണ് ഇന്ന് കളിക്കാനിറങ്ങുന്നത്.
സീസണിൽ ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ ബ്ലാസ്റ്റേഴ്‌സ് തകർത്തിരുന്നു. ഐ.എസ്.എല്ലിൽ 2016ലാണ് ബ്ലാസ്റ്റേഴ്സ് അവസാനമായി പ്ലേ ഓഫ് കളിച്ചത്.