ചാമ്പ്യൻസ്ലീഗ്: ബാഴ്സക്കും ആർസനനലിലും അത്ലറ്റിക്കോക്കും തകർപ്പൻ ജയം; കഷ്ടകാലം മാറാതെ സിറ്റി
|ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മികച്ച ജയവുമായി വമ്പൻ ക്ലബുകൾ. ഫ്രഞ്ച് ക്ലബായ ബ്രസ്റ്റിനെ ബാഴ്സലോണ 3-0ത്തിനും പോർച്ചുഗീസ് ക്ലബായ സ്പോർട്ടിങ്ങിന്റെ ആർസനൽ 5-1നും ചെക്ക് ക്ലബായ സ്പാർട്ടയെ അത്ലറ്റിക്കോ മാഡ്രിഡ് 6-0ത്തിനും തോൽപ്പിച്ചു. അതേ സമയം ഡച്ച് ക്ലബായ ഫെയർന്യൂദിനെതിരെ മൂന്ന് ഗോളുകൾക്ക് മുന്നിട്ട് നിന്ന ശേഷം മാഞ്ചസ്റ്റർ സിറ്റി അവിശ്വസനീയമാം വിധം സമനില വഴങ്ങി.
സ്വന്തം തട്ടകത്തിൽ ബാഴ്സയുടെ പ്രകടനം ആധികാരികമായിരുന്നു. റോബർട്ട് ലെവൻഡോവ്സ്കി പത്താം മിനുറ്റിൽ പെനൽറ്റിയിലൂടെ ബാഴ്സയെ മുന്നിലെത്തിച്ചു. 66ാം മിനുറ്റിൽ ഡാനിൽ ഒൽമോയിലൂടെ ലീഡുയർത്തിയ ബാഴ്സക്കായി ഇഞ്ച്വറി ടൈമിൽ ലെവൻഡോവ്സ്കി ഒരു ഗോൾകൂടി നേടി.
ചെക്ക് ക്ലബായ സ്പോർട്ടയെ മൈതാനത്ത് നിലയുറപ്പിക്കാൻ അനുവദിക്കാതെയാണ് അത്ലറ്റിക്കോ വിലപ്പെട്ട മൂന്ന് പോയന്റുകൾ നേടിയത്. ഹൂലിയൻ അൽവാരസ്, ഏഞ്ചൽ കൊറിയ എന്നിവർ ഇരട്ട ഗോളുകളും അന്റോയ്ൻ ഗ്രീസ്മാൻ, മാർകോസ് ലോറന്റെ എന്നിവർ ഓരോ ഗോൾ വീതവും നേടി.
പോർച്ചുഗീസ് ലീഗിൽ ഉജ്ജ്വല ഫോമിലുള്ള സ്പോർട്ടിങ്ങിനെ ആർസനൽ തകർത്തെറിഞ്ഞു. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഗോൾ നേടുന്നതിൽ സ്പോർട്ടിങ്ങിന് പിഴച്ചു. ഗബ്രിയേൽ മാർട്ടിനെലി, കൈ ഹാവെർട്സ്, ഗബ്രിയേൽ മഗല്ലാസ്, ബുകായോ സാക്ക, ലിയാണ്ട്രോ ട്രൊസാർഡ് എന്നിവരാണ് ഗണ്ണേഴ്സിനായി ഗോൾ നേടിയത്.
ഗ്ലാമർ പോരാട്ടത്തിൽ പി.എസ്.ജിയെ എതിരില്ലാത്ത ഒരുഗോളിനാണ് ബയേൺ മറികടകന്നത്. 38ാം മിനുറ്റിൽ കിം മിൻ ജോയാണ് ബയേണിനായി സ്കോർ ചെയ്തത്. മത്സരത്തിന്റെ 56ാം മിനുറ്റിൽ ഒസ്മനെ ഡെംബലെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയത് പി.എസ്.ജിക്ക് വിനയായി.
മത്സരത്തിന്റെ 75 മിനുറ്റ് വരെ മുന്നിട്ട് നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്റർ സിറ്റി തോൽവിയോളം പോന്ന സമനില വഴങ്ങിയത്. 44ാം മിനുറ്റിൽ എർലിങ് ഹാളണ്ടിന്റെ പെനൽറ്റി ഗോളിൽ മുന്നിലെത്തിയ സിറ്റിക്കായി 50ാം മിനുറ്റിൽ ഇൽകയ് ഗുൻഡോഗൻ ലീഡുയർത്തി. വൈകാതെ 53ാം മിനുറ്റിൽ ഹാളണ്ട് വീണ്ടും ഗോൾ നേടിയതോടെ സിറ്റി വിജയമുറപ്പിച്ചു. എന്നാൽ 75ാം മിനുറ്റിൽ അനിസസ് ഹാജ് മൂസ, 82ാം മിനുറ്റിൽ സാന്റിയാഗോ ഗിമെനസ്, 89ാം മിനുറ്റിൽ ഡേവിഡ് ഹാൻകോ എന്നിവർ നേടിയ ഗോളുകൾ സിറ്റിയുടെ കഥ കഴിക്കുകയായിരുന്നു. ഒക്ടോബർ 26ന് പ്രീമിയർ ലീഗിൽ സൗതാംപ്ടണെതിരെ വിജയിച്ച ശേഷം ഒരു മത്സരത്തിലും സിറ്റിക്ക് വിജയിക്കാനായിട്ടില്ല.