ചാമ്പ്യന്സ്ലീഗ്: സിറ്റിക്കും റയലിനും ലിവര്‍പൂളിനും ജയം
|ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് ആര്‍ബി ലെയ്പ്സിഗിനെ തോല്‍പ്പിച്ചു
ചാമ്പ്യന്‍സ് ലീഗ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്, ലിവര്‍പൂള്‍,ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ടീമുകള്‍ക്ക് ജയം.
നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നിനെതിരെ ആറുഗോളുകള്‍ക്ക് ആര്‍ബി ലെയ്പ്സിഗിനെ തോല്‍പ്പിച്ചു.സിറ്റിക്ക് വേണ്ടി നതാന്‍ അകെ,റിയാദ് മെഹ്റസ്,ജാക്ക് ഗ്രീലിഷ്,ജോവാന് കാന്‍സെലോ,ഗബ്രിയേല്‍ ജെസ്യൂസ് എന്നിവര്‍ വലകുലുക്കിയപ്പോള്‍ നോര്‍ഡി മുകിയേലിയുടെ സെല്‍ഫ് ഗോളും സിറ്റിക്ക് തുണയായി. ലെയ്പ്സിഗിനായി ക്രിസ്റ്റഫര്‍ എന്‍കുനു ഹാട്രിക്ക് നേടി. അതേസമയം, എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ പിഎസ്ജിയെ താരതമ്യേന ദുര്‍ബലരായ ക്ലബ് ബ്രഗ്ജ് സമനിലയില്‍ തളച്ചു.
ഗ്രുപ്പ് ബി യില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ലിവര്‍പൂള്‍ കരുത്തരായ എ സി മിലാനെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്റെ വിജയം. മുഹമ്മദ് സല, ഹെന്ഡേഴ്സണ് എന്നിവര്‍ ടീമിനായി ഗോളുകള്‍ നേടിയപ്പോള്‍ ഫിക്കായോ ടൊമോറിയുടെ സെല്‍ഫ് ഗോള്‍ ടീമിന് തുണയായി. ആന്റെ റെബിച്ച്,ബ്രാഹിം ഡയസ് എന്നിവര്‍ മിലാന് വേണ്ടി വലകുലുക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിലെ നിലവിലെ ലാലിഗ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡ് സമനിലക്കുരുക്കില്‍ വീണു. പോര്‍ട്ടോയാണ് അത്ലറ്റിക്കോയെ ഗോള്‍രഹിത സമനിലയില്‍ കുടുക്കിയത്.
ഗ്രൂപ്പ് സി യില്‍ നടന്ന ബൊറൂസ്സിയ ഡോര്‍ട്മുണ്ട് ബെസിക്റ്റാസിനെ കീഴടക്കി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ഡോര്‍ട്മുണ്ടിന്റെ വിജയം. ഡോര്‍ട്മുണ്ടിനായി എര്‍ലിങ് ഹാളണ്ടും ജൂഡ് ബെല്ലിങ്ങാമും സ്കോര്‍ ചെയ്തപ്പോള്‍ ഫ്രാന്‍സിസ്കോ മോണ്ടെറോ ബെസിക്റ്റാസിന്റെ ആശ്വാസഗോള്‍ നേടി.
ഗ്രൂപ്പ് ഡി യില്‍ നടന്ന തുല്യശക്തികളുടെ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് റയലിന്റെ ജയം. റോഡ്രിഗോയാണ് റയലിനായി സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് ഡി യിലെ മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ഡോണെക്സിനെ ഷെറിഫ് അട്ടിമറിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ഷെറിഫിന്റെ വിജയം.