എവേ ഗോൾ നിയമം അവസാനിപ്പിച്ച് യുവേഫ
|1965 മുതല്‍ നിലവിലുള്ള എവേ ഗോള്‍ നിയമമാണ് യുവേഫ ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്
ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് അടക്കമുള്ള ക്ലബ് ഫുട്ബോൾ ടൂർണമെന്റുകളിൽ നിന്നും എവേ ഗോൾ നിയമം ഉണ്ടാവില്ലെന്ന് യുവേഫ. യുവേഫയുടെ ക്ലബ് കോമ്പറ്റീഷന്‍ കമ്മറ്റി, യുവേഫ വിമന്‍സ് ഫുട്‌ബോള്‍ കമ്മിറ്റി എന്നിവര്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകരിച്ചതോടെയാണ് അടുത്ത സീസണ്‍ മുതല്‍ എവേ ഗോള്‍ നിയമം ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. 1965 മുതല്‍ നിലവിലുള്ള എവേ ഗോള്‍ നിയമമാണ് യുവേഫ ഇപ്പോള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.
⚽ The away goals rule will be removed from all UEFA club competitions from the 2021/22 season.
— UEFA (@UEFA) June 24, 2021
Ties in which the two teams score the same number of goals over the two legs will now have two 15-minute periods of extra time, and, if required, penalty kicks.#UCL #UWCL #UEL #UYL
രണ്ടു പാദങ്ങളിലായി നടക്കുന്ന നോക്ക്ഔട്ട് മത്സരങ്ങളിലെ വിജയികളെ വേഗത്തിൽ കണ്ടെത്താനാണ് എവേ ഗോൾ നിയമം നടപ്പിലാക്കിയിരുന്നത്. ഇരുപാദങ്ങളിലും രണ്ടു ടീമുകൾ ഒരുപോലെ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞാൽ എതിരാളിയുടെ മൈതാനത്ത് ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം അടുത്ത ഘട്ടത്തിലേക്ക് മുന്നേറുമെന്നാണ് ഈ നിയമത്തിന്റെ അടിസ്ഥാനം. രണ്ടു ടീമുകളും എതിരാളിയുടെ മൈതാനത്തും ഒരുപോലെയാണ് ഗോൾ നേടിയതെങ്കിൽ മാത്രം മത്സരം എക്‌സ്ട്രാ ടൈമിലേക്കും ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങും.
പുതിയ പരിഷ്‌കാരമനുസരിച്ച് എവേ ഗോള്‍ അനൂകൂല്യം ഉണ്ടാകില്ല. ഇരുപാദങ്ങളിലുമായി സ്‌കോര്‍ നില തുല്യമായാല്‍ അര മണിക്കൂര്‍ എക്‌സ്ട്രാ ടൈം അനുവദിക്കും. എന്നിട്ടും സ്‌കോര്‍ തുല്യമാണെങ്കില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജിയികളെ തീരുമാനിക്കുംമെന്നാണ് യുവേഫ അറിയിക്കുന്നത്.
പുതിയ തീരുമാനത്തിന് പിറകില്‍ കോവിഡ്
കൊവിഡ് മഹാമാരിയെത്തുടർന്നുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം ഈ സീസണിൽ ചാമ്പ്യൻസ് ലീഗിലെയും യൂറോപ്പ ലീഗിലെയും പല പോരാട്ടങ്ങളും നിഷ്പക്ഷ വേദിയിലാണ് നടന്നത്. അതുകൊണ്ടുതന്നെ എവേ ഗോൾ ആനുകൂല്യത്തിന് നിലവിലെ സാഹചര്യത്തിൽ പ്രസക്തിയുണ്ടായിരുന്നില്ല. ഇതാണ് യുവേഫയെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
പ്രതിരോധത്തിന് മുന്‍തൂക്കം?
നിലവിലെ ഹോം മത്സരങ്ങളില്‍ മുന്‍പുണ്ടായിരുന്നത്ര മുന്‍തൂക്കം ടീമുകള്‍ക്ക് അവകാശപ്പെടാന്‍ കഴിയില്ലെന്നും യുവേഫ തലവന്‍ അലക്സാണ്ടര്‍ സെഫെറിന്‍ പറഞ്ഞു. ഹോം ലെഗ് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിച്ചു കളിക്കാന്‍ മടി കാണിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് എവേ ഗോള്‍ നിയമം എടുത്തുകളയുന്നതെന്നും സെഫറിന്‍ കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിലെ ക്വാർട്ടർ പോരാട്ടത്തിൽ ബയേൺ മ്യൂണിക്ക് പിഎസ്ജിയുമായി 3-3 സമനിലയിൽ പിരിഞ്ഞെങ്കിലും എവേ ഗോൾ ആനുകൂല്യത്തിൽ പി.എസ്.ജി സെമിയിലെത്തി. എഫ് സി പോർട്ടോയുമായി 4-4 സമനിലിയിൽ പിരിഞ്ഞിട്ടും യുവന്റസും സെമി കാണാതെ പുറത്തായി.