റയൽ, ബാഴ്സ, യുവന്റസ് ടീമുകൾക്കെതിരെ യുവേഫയുടെ അച്ചടക്ക നടപടി തുടങ്ങി
|കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരോഷത്തെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറി
യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്നും ഇനിയും പിന്മാറാത്ത റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് ടീമുകൾക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് ആവര്‍ത്തിച്ച് യുവേഫ. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് യൂറോപ്പിലെ 12 വമ്പന്‍ ക്ലബ്ബുകള്‍ ലീഗ് പ്രഖ്യാപിച്ചത്. ആരാധകരോഷത്തെ തുടര്‍ന്ന് ഒമ്പത് ക്ലബ്ബുകള്‍ പിന്മാറി.
"യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി ഇൻസ്പെക്ടേഴ്സ് 'സൂപ്പർ ലീഗ്' പ്രോജെക്റ്റുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ടീമുകൾ യുവേഫയുടെ നിയമപരമായ ചട്ടക്കൂടിനെ ലംഘിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും." യുവേഫ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വന്‍ തുക പിഴക്കു പുറമെ ഈ ക്ലബുകളെ ചാമ്പ്യൻസ് ലീഗിൽ നിന്നും ഒന്നോ രണ്ടോ സീസണുകളിലേക്ക് വിലക്കാനുള്ള തീരുമാനവും യുവേഫ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
സൂപ്പർ ലീഗിൽ നിന്നുള്ള ഒമ്പത് ടീമുകള്‍ പിന്മാറിയെങ്കിലും റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നീ ക്ലബുകൾ സൂപ്പർ ലീഗ് പദ്ധതിയിൽ നിന്നും പിൻവാങ്ങില്ലെന്നും കൂടുതൽ സ്വീകാര്യമായ തരത്തിൽ അതു നടത്താനുള്ള പ്രവർത്തനങ്ങൾ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് യുവേഫ ഇവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ തയ്യാറെടുക്കുന്നത്. യൂറോപ്യൻ സൂപ്പർ ലീഗ് ഇല്ലാതായി എന്ന് ആരും കരുതണ്ടേന്ന് റയൽ മാഡ്രിഡ് പ്രസിഡന്റ് പെരസ് പറഞ്ഞിരുന്നു.