Football
യൂറോയില്‍ രാഷ്ട്രീയ യുദ്ധം; മഴവില്‍ സ്റ്റേഡിയം വേണ്ടെന്ന് യുവേഫ, എതിര്‍ത്ത് ജര്‍മ്മനി
Football

യൂറോയില്‍ രാഷ്ട്രീയ യുദ്ധം; മഴവില്‍ സ്റ്റേഡിയം വേണ്ടെന്ന് യുവേഫ, എതിര്‍ത്ത് ജര്‍മ്മനി

Web Desk
|
23 Jun 2021 2:29 PM GMT

സ്വവര്‍ഗ രതി, ലിംഗ മാറ്റം എന്നിവയെ സ്കൂളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹംഗറി പാര്‍ലമെന്‍റ് നിയമം പാസാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് യുവേഫയ്ക്ക് സിറ്റി കൗൺസില്‍ അപേക്ഷ നല്‍കിയത്

എൽ.ജി.ബി.ടി. സമൂഹത്തോട് ഐക്യദാർഢ്യവുമായി യൂറോ കപ്പ് മത്സരത്തിനിടെ അലിയൻസ് അറീന സ്റ്റേഡിയത്തിൽ മഴവിൽ നിറങ്ങൾ വിരിയിക്കാനുള്ള ജർമനിയുടെ തീരുമാനത്തിന് യുവേഫയുടെ വിലക്ക്. ഗ്രൂപ്പ് എഫിലെ ജര്‍മ്മനിയുടെ ഹംഗറിയുമായുള്ള അവസാന മത്സരത്തിനിടെ അലിയൻസ് അറീനയില്‍ മഴവില്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മ്യൂണിച്ചിലെ സിറ്റി കൗൺസിലിന്‍റെ അപേക്ഷയാണ് യുവേഫ നിരസിച്ചത്. രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനാണ് അപേക്ഷ നിരസിച്ചതെന്ന് യുവേഫ പ്രസ്താവനയില്‍ അറിയിച്ചു. D യുവേഫയുടെ ലോഗോയില്‍ മഴവില്‍ നിറം ചേര്‍ത്തു. പുതിയ ലോഗോ യുവേഫയുടെ ആശയങ്ങളേയും പ്രതിബദ്ധതയേയും സൂചിപ്പിക്കുന്നതാണെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

"വംശീയത, ഹോമോഫോബിയ, ലിംഗ വിവേചനം തുടങ്ങിയവ സമൂഹത്തെ ബാധിച്ച കറയാണെന്നും ഇന്ന് ഫുട്ബോള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നുമാണെന്നും" യുവേഫ പ്രസ്താവനയില്‍ പറഞ്ഞു.

സ്വവര്‍ഗ രതി, ലിംഗ മാറ്റം എന്നിവയെ സ്കൂളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹംഗറി പാര്‍ലമെന്‍റ് നിയമം പാസാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് യുവേഫയ്ക്ക് സിറ്റി കൗൺസില്‍ അപേക്ഷ നല്‍കിയത്. എന്നാൽ, ഈ നീക്കത്തെ ഹംഗറി ശക്തമായി എതിർത്തതിനെ തുടര്‍ന്ന് യുവേഫ വഴങ്ങി.

എന്നാൽ യുവേഫയുടെ തീരുമാനത്തെ വെല്ലുവിളിച്ച് ജർമനി രംഗത്തെത്തി. യുവേഫയുടെ നടപടിയെ ചോദ്യം ചെയ്ത ജർമനി സ്റ്റേഡിയത്തിൽ ഒഴികെ ബാക്കി എല്ലായിടത്തും മഴവിൽ നിറങ്ങൾ തെളിയിക്കുമെന്നറിയിച്ചു. ടൗൺ ഹാളിൽ മഴവിൽ നിറത്തിലുള്ള പതാക ഉയർത്തും. മ്യൂണിക് സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള വലിയ വിൻഡ് ടർബെയ്നിലും 291 മീറ്റർ ഉയരത്തിലുള്ള ഒളിമ്പിക് ടവറിലും മഴവിൽ വർണങ്ങൾ വിരിയിക്കും. ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലും കൊളോഗ്നെ, ഫ്രാങ്ക്ഫുർട്ട്, വോൾഫ്സ്ബർഗ് എന്നിവിടങ്ങളിലെ ബുണ്ടസ് ലിഗ സ്റ്റേഡിയങ്ങളിലും ദീപം തെളിയും.

അതേസമയം യുവേഫയുടെ ലോഗോയില്‍ മഴവില്‍ നിറം ചേര്‍ത്തു. പുതിയ ലോഗോ യുവേഫയുടെ ആശയങ്ങളേയും പ്രതിബദ്ധതയേയും സൂചിപ്പിക്കുന്നതാണെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.


നേരത്തെ ഫ്രാൻസിനും പോർച്ചുഗലിനുമെതിരായ മത്സരത്തിനിടെ ലൈംഗികന്യൂനപക്ഷത്തിന് (എൽ‌ജിബിടി) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായി ജർമ്മനി ഗോൾകീപ്പറും ക്യാപ്റ്റനുമായ മാനുവൽ ന്യൂയര്‍ മഴവില്‍ നിറത്തിലുള്ള ആംബാന്‍റ് ധരിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം യുവേഫ നിർത്തിവച്ചിരുന്നു.


മാനുവൽ ന്യൂയര്‍ മഴവില്‍ നിറത്തിലുള്ള ആംബാന്‍റുമായി

മാനുവൽ ന്യൂയര്‍ മഴവില്‍ നിറത്തിലുള്ള ആംബാന്‍റുമായി


Similar Posts