റഫീന്യക്ക് ഹാട്രിക്ക്; ബയേണിനെതിരെ ബാഴ്സക്ക് തകർപ്പൻ ജയം 4-1
|ബയേണിനോട് നിരന്തരം തോൽവി വഴങ്ങിയ ബാഴ്സ 2015ന് ശേഷമാണ് വിജയം നേടുന്നത്.
ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. ബയേൺ മ്യൂണികിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കീഴടക്കിയത്. ബ്രസീലിയൻ ഫോർവേഡ് റഫീന്യ കറ്റാലൻ ക്ലബിനായി ഹാട്രിക് നേടി. റോബർട്ട് ലെവൻഡോവ്സ്കിയാണ് മറ്റൊരു ഗോൾ സ്കോറർ. ജർമൻ ക്ലബിനായി ഹാരി കെയിൻ ആശ്വാസ ഗോൾ കണ്ടെത്തി.
കളിയുടെ തുടക്കം മുതൽ ആക്രമിച്ചുകളിച്ച ബാഴ്സ ഒന്നാം മിനിറ്റിൽ തന്നെ ബയേണിനെ ഞെട്ടിച്ചു. റഫീന്യയുടെ ഷോട്ട് ഗോൾകീപ്പർ മാനുവൽ ന്യൂയറെ മറികടന്ന് വലയിൽ. ചാമ്പ്യൻസ് ലീഗിലെ സീസണീലെ ഏറ്റവും വേഗതയേറിയ ഗോളാണിത്. 18ാം മിനിറ്റിൽ ഹാരി കെയിനിലൂടെ ബയേൺ ഗോൾ മടക്കി. എന്നാൽ 36ാം മിനിറ്റിൽ ഫെർമിൻ ലോപ്പസിന്റെ അസിസ്റ്റിൽ ലെവൻഡോവ്സ്കി വീണ്ടും ലീഡെടുത്തു.
ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ഒരിക്കൽകൂടി റഫീന്യ വലകുലുക്കി. രണ്ടാം പകുതിയിൽ ലമീൻ യമാലിന്റെ അസിസ്റ്റിൽ റഫീന്യ ഹാട്രിക് കുറിച്ചു. 2015ന് ശേഷം ആദ്യമായാണ് ബയേൺ ബാഴ്സയോട് തോൽവി വഴങ്ങുന്നത്. ചാമ്പ്യൻസ് ലീഗിൽ വിൻസെന്റ് കൊമ്പനിയുടെ സംഘത്തിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.