റയലിനെതിരെ ലിവർപൂളൊരുങ്ങുന്നത് പഴയ കണക്ക് തീർക്കാൻ: ചാമ്പ്യൻസ് ലീഗ് ഫൈനലിൽ തീപാറും
|ഇരു ടീമുകളും 2019ൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്.
പാരീസ്: യൂറോപ്പിലെ ഏറ്റവും വലിയ കിരീടം ലക്ഷ്യമിട്ട് യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയല്‍ മാഡ്രിഡും ലിവര്‍പൂളും ഇന്നിറങ്ങുന്നു. പാരീസിൽ ശനിയാഴ്ച രാത്രി 12.30ന് നടക്കുന്ന ഫൈനലിൽ ലിവർപൂൾ അവരുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡ് 14ാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്.
ഇരു ടീമുകളും 2019ൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. ആ കണക്ക് കൂടി തീർക്കാനുണ്ട് ലിവർപൂളിന്. അന്ന് 3-1നായിരുന്നു ലിവർപൂൾ തോറ്റിരുന്നത്. ഇതിന്റെ സൂചന സലാഹ് നല്‍കുകയും ചെയ്തു. ഒരു കണക്ക് തീര്‍ക്കാനുണ്ടെന്ന തരത്തിലുള്ള പ്രതികരമാണ് സലാഹ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
സ്പാനിഷ് ലാലിഗ തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് റയലിന്റെ വരവ്. തകര്‍ന്നുകിടന്ന റയലിനെ വമ്പന്‍താരങ്ങളെ കൊണ്ടുവരാതെ ഫോമിലേക്ക് മടക്കിക്കൊണ്ടുവന്നെന്ന നേട്ടം പരിശീലകന്‍ ആന്‍സലോട്ടിക്ക് അവകാശപ്പെടാം. കരീം ബെന്‍സേമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും റോഡ്രിഗോയുടെയുമൊക്കെ മികവിലാണ് റയലിന്റെ പ്രതീക്ഷ. ബെൻസീമ തന്നെയാണ് റയലിനെ മുന്നിൽ നിന്ന് നയിക്കുന്നത്.
സീസണില്‍ രണ്ടു കിരീടങ്ങള്‍ നേടിയാണ് ലിവര്‍പൂള്‍ എത്തുന്നത്. എഫ്.എ.കപ്പും ലീഗ് കപ്പും. അതേസമയം പ്രീമിയര്‍ ലീഗ് കിരീടം ഒരു പോയന്റ് വ്യത്യാസത്തില്‍ നഷ്ടമായതിന്റെ സങ്കടവും അവര്‍ക്കുണ്ട്. ചാമ്പ്യന്‍സ് ലീഗ് കൂടി നേടി മൂന്നാം കിരീടമാണ് ക്ലോപ്പും സംഘവും ലക്ഷ്യമിടുന്നത്. തന്ത്രങ്ങളുടെ ആശാനാണ് പരിശീലകന്‍ ക്ലോപ്പ്. മുന്നേറ്റത്തിലെ മുഹമ്മദ് സല-സാദിയോ മാനെ-ലൂയി ഡയസ് ത്രയമാണ് ടീമിന്റെ ശക്തി. മികച്ച മധ്യ-പ്രതിരോധ നിരകളും ടീമന് കരുത്തേകുന്നു. ഇന്ന് രാത്രി 12.30നാണ് ഫൈനൽ നടക്കുക. കളി തത്സമയം സോണി ലൈവിലും ടെൻ 2 എച് ഡിയിലും കാണാം.
Summary- UEFA Champions League final Liverpool vs Real Madrid