Football
സ്റ്റേഡിയത്തിലേക്ക് തള്ളികയറാൻ കാണികളുടെ ശ്രമം; ചാമ്പ്യൻസ് ലീഗ് ഫൈനൽ തുടങ്ങിയത് അരമണിക്കൂർ വൈകി
Football

സ്റ്റേഡിയത്തിലേക്ക് തള്ളികയറാൻ കാണികളുടെ ശ്രമം; ചാമ്പ്യൻസ് ലീഗ് ഫൈനൽ തുടങ്ങിയത് അരമണിക്കൂർ വൈകി

Web Desk
|
28 May 2022 7:54 PM GMT

ടിക്കറ്റുകൾ കിട്ടാനില്ലെന്നും ടിക്കറ്റുകളെല്ലാം കരിഞ്ചന്തയിൽ വിറ്റെന്നുമാണ് ലിവർപൂൾ ആരാധകർ പറയുന്നത്

പാരീസ്: ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം തുടങ്ങിയത് 36 മിനുറ്റ് വൈകി. പാരീസിൽ ഇന്ത്യൻ സമയം രാത്രി 12.30നായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. എന്നാൽ മത്സരം ആരംഭിച്ചത് ഇന്ത്യൻ സമയം 1.06 നാണ്. മത്സരം കാണാനെത്തിയ കാണികൾ സ്റ്റേഡിയത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെയാണ് മത്സരം അരമണിക്കൂർ വൈകി തുടങ്ങിയത്.

ചില സുരക്ഷാ കാരണങ്ങളാലാണ് മത്സരം വൈകുന്നതെന്നായിരുന്നു സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്. ലിവർപൂളിന്റെ ആരാധകരാണ് സ്റ്റേഡിയത്തിലേക്ക് തള്ളികയറാൻ ശ്രമിച്ചതെന്ന് മിറർ റിപ്പോർട്ട് ചെയ്തു. എന്നാൽ, ടിക്കറ്റുകൾ കിട്ടാനില്ലെന്നും ടിക്കറ്റുകളെല്ലാം കരിഞ്ചന്തയിൽ വിറ്റെന്നുമാണ് ലിവർപൂൾ ആരാധകർ പറയുന്നത്.



അതേസമയം, ഫൈനലിൽ ലിവർപൂൾ അവരുടെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഇറങ്ങുമ്പോൾ റയൽ മാഡ്രിഡ് 14ാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. ഇരു ടീമുകളും 2019ൽ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ റയൽ മാഡ്രിഡ് ആയിരുന്നു കിരീടം നേടിയത്. ആ കണക്ക് കൂടി തീർക്കാനുണ്ട് ലിവർപൂളിന്. അന്ന് 3-1നായിരുന്നു ലിവർപൂൾ തോറ്റിരുന്നത്. ഇതിന്റെ സൂചന സലാഹ് നൽകുകയും ചെയ്തു. ഒരു കണക്ക് തീർക്കാനുണ്ടെന്ന തരത്തിലുള്ള പ്രതികരമാണ് സലാഹ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.



സ്പാനിഷ് ലാലിഗ തിരിച്ചുപിടിച്ചതിന്റെ ആവേശത്തിലാണ് റയലിന്റെ വരവ്. തകർന്നുകിടന്ന റയലിനെ വമ്പൻതാരങ്ങളെ കൊണ്ടുവരാതെ ഫോമിലേക്ക് മടക്കിക്കൊണ്ടുവന്നെന്ന നേട്ടം പരിശീലകൻ ആൻസലോട്ടിക്ക് അവകാശപ്പെടാം. കരീം ബെൻസേമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും റോഡ്രിഗോയുടെയുമൊക്കെ മികവിലാണ് റയലിന്റെ പ്രതീക്ഷ. ബെൻസീമ തന്നെയാണ് റയലിനെ മുന്നിൽ നിന്ന് നയിക്കുന്നത്.

സീസണിൽ രണ്ടു കിരീടങ്ങൾ നേടിയാണ് ലിവർപൂൾ എത്തുന്നത്. എഫ്.എ.കപ്പും ലീഗ് കപ്പും. അതേസമയം പ്രീമിയർ ലീഗ് കിരീടം ഒരു പോയന്റ് വ്യത്യാസത്തിൽ നഷ്ടമായതിന്റെ സങ്കടവും അവർക്കുണ്ട്. ചാമ്പ്യൻസ് ലീഗ് കൂടി നേടി മൂന്നാം കിരീടമാണ് ക്ലോപ്പും സംഘവും ലക്ഷ്യമിടുന്നത്. തന്ത്രങ്ങളുടെ ആശാനാണ് പരിശീലകൻ ക്ലോപ്പ്. മുന്നേറ്റത്തിലെ മുഹമ്മദ് സല-സാദിയോ മാനെ-ലൂയി ഡയസ് ത്രയമാണ് ടീമിന്റെ ശക്തി. മികച്ച മധ്യ-പ്രതിരോധ നിരകളും ടീമന് കരുത്തേകുന്നു. ഇന്ന് രാത്രി 12.30നാണ് ഫൈനൽ നടക്കുക. കളി തത്സമയം സോണി ലൈവിലും ടെൻ 2 എച് ഡിയിലും കാണാം.

Similar Posts