Football
യൂറോകപ്പിന് ഇനി നൂറു ദിനങ്ങൾ; സ്വന്തം തട്ടകത്തിലെ ചാമ്പ്യൻഷിപ്പ് തിരിച്ചുവരവ് വേദിയാക്കാൻ ജർമ്മനി
Football

യൂറോകപ്പിന് ഇനി നൂറു ദിനങ്ങൾ; സ്വന്തം തട്ടകത്തിലെ ചാമ്പ്യൻഷിപ്പ് തിരിച്ചുവരവ് വേദിയാക്കാൻ ജർമ്മനി

Sports Desk
|
6 March 2024 3:52 PM GMT

ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മാറ്റുരക്കുന്നത്. 51 മത്സരങ്ങളാണ് 22 ദിവസങ്ങളിലായി നടക്കുക.

മ്യൂണിക്: ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന യൂറോകപ്പിന് ഇനി 100 ദിനങ്ങൾ കൂടി. ജർമ്മനി ആതിഥേയത്വം വഹിക്കുന്ന 17മത് ചാമ്പ്യൻഷിപ്പിനായുള്ള തയാറെടുപ്പിലാണ് ടീമുകൾ

. ജൂൺ 15ന് ജർമ്മനി സ്‌കോർട്ട്‌ലാൻഡ് മത്സരത്തോടെയാണ് വൻകരാ പോരിന് പന്തുരുളുക. ആറു ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മാറ്റുരക്കുന്നത്. 51 മത്സരങ്ങളാണ് 22 ദിവസങ്ങളിലായി നടക്കുക. ഇറ്റലിയാണ് നിലവിലെ യൂറോ ചാമ്പ്യൻമാർ.

യൂറോപ്പിലെ വിവിധ ക്ലബ് സീസൺ അവസാന ഘട്ടത്തിലെത്തിയതോടെ ദേശീയ ടീം പരിശീലകർ ഓരോ ടീമിലേയും താരങ്ങളുടെ പ്രകടനം വിലയിരുത്തികൊണ്ടിരിക്കുകയാണ്. പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. യൂറോ ചാമ്പ്യൻഷിപ്പിന് ശേഷം 39കാരൻ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. നിലവിൽ ഗ്രൂപ്പ് എയിൽ ജർമ്മനിയും സ്‌കോട്ട്‌ലാൻഡും ഹങ്കറിയും സ്വിറ്റ്‌സർലാൻഡുമാണ് ഇടം പിടിച്ചത്. ഇത്തവണ മരണഗ്രൂപ്പായി കണക്കാക്കുന്നത് ഗ്രൂപ്പ് ബിയാണ്. നിലവിലെ ചാമ്പ്യൻമാരായ ഇറ്റലിക്ക് പുറമെ മുൻ ചാമ്പ്യൻ സ്‌പെയിൻ, ക്രൊയേഷ്യ, അൽബേനിയ എന്നീ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ജർമനിക്കും ഫ്രാൻസിനും പോർച്ചുഗലിനും ഗ്രൂപ്പ് ഘട്ടം താരതമ്യേന എളുപ്പമാണ്.

ഗ്രൂപ്പ് എഫിൽ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കും തുർക്കിയും ജോർജിയ-ഗ്രീസ്, കസാകിസ്താൻ-ലക്‌സംബർഗ് പ്ലേ ഓഫ് വിജയികളുമാണ് ഉൾപ്പെടുക. ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാൻസിനാകട്ടെ നെതർലൻഡ്‌സ്, ഓസ്ട്രിയ എന്നിവർക്ക് പുറമെ പോളണ്ട്-വെയിൽസ്, ഫിൻലൻഡ്- എസ്റ്റോണിയ പ്ലേ ഓഫ് വിജയികളെയാകും നേരിടേണ്ടി വരിക. നിലവിലെ യൂറോ റണ്ണറപ്പുകളായ ഇംഗ്ലണ്ടിന് ഡെൻമാർക്ക്, സ്ലോവേനിയ, സെർബിയ എന്നിവരാണ് എതിരാളികൾ. ആറ് ഗ്രൂപ്പിലെയും ചാമ്പ്യൻമാരും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമാകും പ്രീ ക്വാർട്ടറിലെത്തുക.

ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ആതിഥേയരായ ജർമ്മനി യൂറോകപ്പിലേക്കെത്തുന്നത്. സമീപകാലത്തെ മോശം ഫോമിന്റെ പേരിൽ വലിയ പഴികേട്ട സംഘം ശക്തമായ തിരിച്ചു വരവാണ് സ്വന്തം കാണികൾക്ക് മുന്നിൽ ലക്ഷ്യമിടുന്നത്. ജൂലിയൻ നഗ്ലസ്മാന് കീഴിൽ ഇറങ്ങുന്ന മുൻ ചാമ്പ്യൻമാർ വിരമിച്ച മധ്യനിരതാരം ടോണി ക്രൂസിനെ ടീമിലേക്ക് മടക്കികൊണ്ടുവന്ന് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഈ വർഷം നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം ഐവറികോസ്റ്റും ഏഷ്യൻ വൻകരാ കിരീടം ഖത്തറുമാണ് സ്വന്തമാക്കിയത്. ഇരു ടീമുകളും സ്വന്തം നാട്ടുകാർക്ക് മുന്നിലാണ് നേട്ടങ്ങളുടെ നെറുകയിലെത്തിയത്. യൂറോപ്പിലെ വൻകരാ പോരിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ജർമ്മനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഈ കണക്കുകൾ.

Similar Posts