സുപ്രീം കോടതി കയറി കോപ്പ അമേരിക്ക
|കോപ്പ പോലെ ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പരാതിക്കാറും പ്രതിപക്ഷ പാർട്ടികളും പറയുന്നു
കോപ്പ അമേരിക്ക ടൂർണമെന്റ് ബ്രസീലിൽ വെച്ചു നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള അവസാന തീരുമാനം ബ്രസീല്‍ സുപ്രീം കോടതിയുടേത്. സുപ്രീം കോടതി പ്രസിഡന്റ് ലൂയിസ് ഫുക്സ് അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ച് നിർണായകമായ തീരുമാനം കൈക്കൊള്ളുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബ്രസീൽ പ്രതിപക്ഷ പാർട്ടിയായ ബ്രസീൽ സോഷ്യലിസ്റ്റ് പാർട്ടിയും അതിന്റെ നേതാവ് ജൂലൊയോ ഡെൽഗാഡോയും ആണ് കോടതിയിൽ പോരാടുന്ന പ്രധാന പരാതിക്കാർ. കോടതി ടൂർണമെന്റ് ബ്രസീലില്‍ നടത്തുന്നത് വിലക്കിയാൽ അത് ഇത്തവണത്തെ കോപ്പ അമേരിക്ക തന്നെ ഒഴിവാക്കപ്പെടുന്നതിലേക്കാണ് വഴിയൊരുക്കുക
കോപ്പ പോലെ ഇത്ര വലിയ ടൂർണമെന്റ് ഇപ്പോൾ വെക്കുന്നത് രാജ്യത്തെ ആരോഗ്യ കാര്യങ്ങൾ താറുമാറാക്കും എന്നും ഇത് മനുഷ്യന്റെ ജീവിക്കാനുള്ള അവകാശങ്ങൾക്ക് എതിരാണ് എന്നും പരാതിക്കാറും പ്രതിപക്ഷ പാർട്ടികളും പറയുന്നു. രാജ്യത്തെ ആരോഗ്യപ്രവർത്തകരും ടൂർണമെന്റിന്റെ സംഘാടനത്തിന് എതിരാണ്.
അമേരിക്ക കഴിഞ്ഞാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ച രാജ്യമാണ് ബ്രസീൽ. 475000ൽ അധികം ആൾക്കാർ ബ്രസീലിൽ ഇതിനകം കൊറോണ ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്. ഈ ഞായറാഴ്ച ആണ് കോപ അമേരിക്ക ആരംഭിക്കേണ്ടത് . നേരത്തെ അർജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ആദ്യം കൊളംബിയയിൽ നിന്നും പിന്നീട് അർജന്റീനയിൽ നിന്നും ഒഴിവാക്കാൻ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനമെടുക്കയായിരുന്നു. പിന്നീട് ബ്രസീലിലേക്ക് ടൂർണമെന്റ് മാറ്റാൻ തീരുമാനം എടുത്തെങ്കിലും രാജ്യത്തെ കോവിഡ് സാഹചര്യം ഗുരുതരമായതു കൊണ്ട് തുടക്കം മുതൽ തന്നെ അതിനെതിരെ എതിർപ്പുകൾ ഉയർന്നു കൊണ്ടിരിക്കുന്നുണ്ട്.