ക്രിസ്റ്റ്യാനോ വന്നതിന് പിന്നാലെ ലോകകപ്പ് സൂപ്പർ താരത്തെ കൈവിട്ട് അൽ നസ്ർ
|ജനുവരി 22നാണ് അൽ നസ്‌റിനായി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്റ്റിയാനോയെ അൽ നസ്ർ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്.
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവിനു പിന്നാലെ കാമറൂൺ താരം വിൻസെന്റ് അബൂബക്കറിനെ സൗദി ക്ലബ്ബ് അൽ നസ്ർ ടീമിൽനിന്ന് ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. അൽ നസ്‌റുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ സൗദി ക്ലബ്ബ് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. യൂറോപ്യൻ ക്ലബ്ബിൽ നിന്നുള്ള ഓഫർ സ്വീകരിക്കുന്നതിനായി അബൂബക്കർ സ്വന്തം താൽപര്യപ്രകാരം ക്ലബ്ബ് വിട്ടതാണെന്നും ചില ഫുട്‌ബോൾ മാധ്യമങ്ങൾ പറയുന്നുണ്ട്.
ലോകകപ്പിൽ ബ്രസീലിനെതിരെ കാമറൂണിന്റെ വിജയഗോൾ നേടിയതോടെയാണ് വിൻസന്റ് അബൂബക്കർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. 1998ന് ശേഷം ഒരൊറ്റ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പോലും തോറ്റിട്ടില്ലെന്ന ബ്രസീലിന്റെ റെക്കോർഡാണ് വിൻസന്റിന്റെ ഗോളിൽ കാമറൂൺ തിരുത്തിക്കുറിച്ചത്. ഗോൾ നേട്ടത്തിന് പിന്നാലെ ജഴ്‌സി ഊരി വീശിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് താരം പുറത്തായിരുന്നു.
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് വിൻസന്റ് അബൂബക്കറുമായി ചർച്ച ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ക്രിസ്റ്റ്യാനോ ക്ലബ്ബ് വിട്ട സാഹചര്യത്തിൽ വിൻസന്റ് അബൂബക്കറിനെ ഹ്രസ്വകാല കരാറിൽ ടീമിലെത്തിക്കാനാണ് മാഞ്ചസ്റ്റർ ലക്ഷ്യമിടുന്നത്. നേരത്തെ പോർട്ടോ, ബെസിക്റ്റാസ് തുടങ്ങിയ ക്ലബ്ബുകൾക്കായി കളിച്ചിട്ടുള്ള വിൻസന്റ് അബൂബക്കർ കഴിഞ്ഞ 18 മാസമായി അൽ നസ്ർ ക്ലബ്ബിന്റെ താരമാണ്. ക്ലബ്ബിനായി ഇതുവരെ 39 മത്സരങ്ങളിൽനിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്.
ജനുവരി 22നാണ് അൽ നസ്‌റിനായി ക്രിസ്റ്റിയാനോ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ക്രിസ്റ്റിയാനോയെ അൽ നസ്ർ കാണികൾക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ റിയാദ് മർസൂൽ പാർക്കിൽ കാൽ ലക്ഷത്തോളം ആരാധകരാണ് പ്രിയതാരത്തെ വരവേൽക്കാനായി എത്തിയത്.
സൂപ്പർ താരം എത്തിയതോടെ അൽ നസ്‌റിന്റെ സമൂഹമാധ്യമങ്ങളിലുള്ള പിന്തുണ കുതിച്ചുയർന്നിരുന്നു. 28-12.2022ന് 8.22 ലക്ഷം ഫോളോവേഴ്‌സാണ് അൽ നസ്‌റിന് ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നത്. റൊണാൾഡോ ടീമിലെത്തിയ വാർത്ത പുറത്തുവന്നതോടെ ഡിസംബർ 30ന് ഫോളോവേഴ്‌സിന്റെ എണ്ണം 2.4 മില്യനായി ഉയർന്നു. 8-01-2023ന് 10.8 മില്യൻ ആണ് അൽ നസ്‌റിന്റെ ഫോളോവേഴ്‌സ്.