'പുതിയ സീസണിൽ പുതിയ കളി ശൈലി' നയം വ്യക്തമാക്കി ബ്ലാസ്റ്റഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്
|കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട ചില താരങ്ങൾ മറ്റ് ടീമുകളിലേക്ക് പോയത് ടീമിനെ ബാധിക്കില്ലെന്നും കാരണം താരങ്ങളല്ല, ടീമാണ് വലുതെന്നും ആരാധകരുടെ പ്രിയ ആശാൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ടീമിന്റേത് പുതിയ കളി ശൈലി ആയിരിക്കുമെന്ന് കേരളാ ബ്ലാസ്റ്റഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്. 4-4-2 എന്ന ഫോർമേഷൻ തുടരില്ലെന്നും കളി ശൈലിയിൽ അടിമുടി മാറ്റമുണ്ടാകുമെന്നും അദ്ദേഹം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെറിയ പാസുകളിൽ ഊന്നി കളിക്കാൻ ടീമിനെ സജ്ജമാക്കിയിട്ടുണ്ടെന്നും പുതിയ സീസണിന്റേതായ മാറ്റം കളിക്കളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സീസണിൽ കളിച്ച ഹൈബോൾ രീതിക്ക് പകരം കുറിയ പാസുകളിലൂടെ കളിക്കുമെന്നും കോച്ച് പറഞ്ഞു.
കഴിഞ്ഞ സീസണിലെ പ്രധാനപ്പെട്ട ചില താരങ്ങൾ മറ്റ് ടീമുകളിലേക്ക് പോയത് ടീമിനെ ബാധിക്കില്ലെന്നും കാരണം താരങ്ങളല്ല, ടീമാണ് വലുതെന്നും ആരാധകരുടെ പ്രിയ ആശാൻ പറഞ്ഞു. അഡ്രിയാൻ ലൂന, വാസ്‌ക്വിസ് തുടങ്ങിയ താരങ്ങൾ കഴിഞ്ഞ സീസണിൽ എത്തുമ്പോൾ ആർക്കും അത്ര പരിചിതരായിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ആരൊക്കെ ക്ലബ് വിട്ടാലും തന്നെയും തന്റെ ടീമിനെയും വിശ്വസിക്കണെമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ നിരവധി കഴിവുറ്റ താരങ്ങൾ ടീമിനൊപ്പം ചേർന്നിട്ടുണ്ടെന്നും പറഞ്ഞു.
നിലവിലുള്ള താരങ്ങളൊക്കെയും മികച്ച ഫോമിലാണെന്നും ആരാധകർ സമ്മർദം നൽകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയിൽ കളിക്കുന്നത് ആവേശം നൽകുന്നതായും വുകമനോവിച്ച് പറഞ്ഞു.
Kerala Blasters coach Ivan Vukamanovic says that the team will have a new style of play in the new season of the Indian Super League.