"ഒടുവില്‍ അത് യാഥാര്‍ത്ഥ്യമാവുന്നു "; ഫറ്റോര്‍ഡയിലെ മഞ്ഞക്കടലിരമ്പത്തെക്കുറിച്ച് വുകുമാനോവിച്ച്
|ആരാധകർക്ക് വേണ്ടിയാണ് തങ്ങള്‍ പന്തുതട്ടുന്നത് എന്ന് വുകുമാനോവിച്ച്
സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്ക് ഇരട്ടി ഊര്‍ജം നല്‍കുമെന്ന് കോച്ച് ഇവാന് വുകുമാനോവിച്ച്. ആരാധകർക്ക് വേണ്ടിയാണ് തങ്ങൾ ഫുട്ബോൾ കളിക്കുന്നത് എന്നും ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ കളിക്കുന്നത് അത്ര സുഖകരമായിരുന്നില്ലെന്നും കോച്ച് പറഞ്ഞു.
"ഒരു ടീമിൽ കളിച്ച താരവും പരിശീലകനും എന്ന നിലക്ക് പറയട്ടെ ആരാധകർക്ക് വേണ്ടിയാണ് ഞങ്ങൾ ഫുട്ബോൾ കളിക്കുന്നത്. കുറച്ച് മാസം ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ കളിച്ചതു തന്നെ വളരെ വിചിത്രമായാണ് എനിക്ക് തോന്നിയത്. ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കുന്നത് അത്ര സുഖകരമായിരുന്നില്ല. ഇപ്പോൾ ഞങ്ങളിതാ ആ യാഥാർഥ്യത്തിലേക്ക് നടന്നടുക്കുന്നു. ഞങ്ങൾ ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കളിക്കുകയാണ്. ഇത് കളിക്കാർക്ക് ഇരട്ടി ഊർജം നൽകും. ഏതൊരു കളിക്കാരന്റെയും ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാവും തങ്ങളുടെ പ്രിയപ്പെട്ട നാടിന്റെ ജേഴ്സിയണിഞ്ഞ് ആരാധകര്‍ക്ക് മുന്നില്‍ പന്തുതട്ടുക എന്നത്. അതാണിപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്"- വുക്കുമാനോവിച്ച് പറഞ്ഞു.
ബ്ലാസ്റ്റേഴ്സിലെ ഭൂരിഭാഗം താരങ്ങളും ടീമിൽ തുടരുമെന്ന് പരിശീലകൻ ഇവാൻ വുകമനോവിച്ച് കൂട്ടിച്ചേര്‍ത്തു. താനും ടീമിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ ടീമിൽ എല്ലാവരും വൈകാരികമായി അടുത്തുനിൽക്കുന്നു. നിലവിലെ കെട്ടുറപ്പ് തുടരണം. കൂടുതൽ നേട്ടങ്ങളിലേക്ക് എത്തണം. കൊച്ചിയിലെ മഞ്ഞക്കടലിന് നടുവിൽ കളിക്കാൻ ആഗ്രഹമുണ്ട്. ആ ആർപ്പുവിളികൾ ടീമിനാകെ ഊർജമാവും. സ്വന്തം കാണികളുടെ ആരവങ്ങൾക്ക് നടുവിൽ ടീമിന് ഇതിലും നന്നായി കളിക്കാനാവുമെന്ന് വുകുമാനോവിച്ച് പറഞ്ഞു.