'വീ വാണ്ട് മെസി'; ആർപ്പുവിളിച്ച് കാണികൾ, ഒടുവിൽ പകരക്കാരനായി ഇറക്കം
|ന്യൂയോർക്ക് റെഡ് ബുൾസ് ഹോംഗ്രൗണ്ടായ റെഡ്ബുൾ അരീന തിങ്ങിനിറഞ്ഞത് തന്നെ മെസിയെ കാണാനായിരുന്നു
ന്യൂജേഴ്സി: മേജര്‍ ലീഗ് സോക്കറില്‍( എം.എല്‍.എസ്) ന്യൂയോർക്ക് റെഡ് ബുൾസ് ഹോംഗ്രൗണ്ടായ റെഡ്ബുൾ അരീന തിങ്ങിനിറഞ്ഞത് തന്നെ മെസിയെ കാണാനായിരുന്നു. ഇന്റർമയാമിയുമായിട്ടുള്ള മത്സരത്തിന് മുമ്പെ തന്നെ ടിക്കറ്റുകളെല്ലാം വിറ്റുതീർന്നിരുന്നു.
എന്നാൽ എല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം വന്നു, ആദ്യ ഇലവനിൽ മെസി ഇല്ലെന്ന്. ഇന്റർമയാമി ജേഴ്സിയിൽ മിന്നിത്തിളങ്ങുന്ന മെസിയെ പകരക്കാരനാക്കിയായിരുന്നു പരിശീലകൻ ജെറാർഡോ മാർട്ടിനോ ടീമിനെ ഗ്രൗണ്ടിലെത്തിച്ചത്. ഇതോടെ മെസിക്കായി ആര്‍പ്പുവിളിയായി ഗ്രൗണ്ടിലെങ്ങും. 'വീ വാൻഡ് മെസി' എന്ന് സ്റ്റേഡിയത്തിന്റെ എല്ലാ മൂലയിൽ നിന്നും ഉയർന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും തരംഗമായി.
മത്സരത്തിന്റെ ഒന്നാം പകുതി പൂർത്തിയായത് മെസി ഇല്ലാതെയായിരുന്നു. എന്നാൽ 60ാം മിനുറ്റിൽ കാത്തിരുന്ന നിമിഷം എത്തി. മെസി കളത്തിലേക്ക്. ഈ നിമിഷത്തിൽ സ്റ്റേഡിയം ഇളകി മറിയുന്നുണ്ടായിരുന്നു. മൊബൈല്‍ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുണ്ടായിരുന്നു കാണികള്‍. പിന്നെ മെസിയുടെ കാലിൽ പന്ത് എത്തുമ്പോഴൊക്കെ സ്റ്റേഡിയം ആവേശത്തിലലിഞ്ഞു. ഈ കാണികളെ മെസി നിരാശപ്പെടുത്തിയില്ല. നിശ്ചിത സമയം തീരാൻ ഒരു മിനുറ്റ് ബാക്കിയിരിക്കെ മെസിയുടെ അത്ഭുത ഗോളും. ഈ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൈറലാകുന്നത്.