എന്താണ് 'ക്വിക്ക് ഫ്രീകിക്ക്'? ഛേത്രിയുടെ കിക്ക് എങ്ങനെ ഗോളായി?
|ഛേത്രി എടുത്തത് 'ക്വിക്ക് ഫ്രീകിക്ക്' ആയിരുന്നുവെന്നാണ് ബെംഗളൂരു എഫ്.സി മത്സരത്തിനു പിന്നാലെ വ്യക്തമാക്കിയത്
ബംഗളൂരു: നിർണായക പ്ലേഓഫ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തുകളഞ്ഞ സുനിൽ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനെച്ചൊല്ലിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ച മുഴുവൻ. റഫറിയുടെ വിസിലോ നിർദേശമോ ഇല്ലാതെ, എതിർനിരയിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിരോധം ഉറപ്പാക്കുംമുൻപായിരുന്നു ഛേത്രിയുടെ അപ്രതീക്ഷിത ഗോൾ. ഇത് പ്രൊഫഷനൽ ഫുട്ബോൾ നിയമം അനുസരിച്ച് അനുവദനീയമാണോ എന്നാണ് ചർച്ച പുരോഗമിക്കുന്നത്.
'ക്വിക്ക് ഫ്രീകിക്ക്' ആണ് ഛേത്രി എടുത്ത ഷോട്ടെന്നാണ് ബെംഗളൂരു എഫ്.സി മത്സരശേഷം ആദ്യം തന്നെ പ്രതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ട്വീറ്റിനോടുള്ള പ്രതികരണമായായിരുന്നു ബെംഗളൂരുവിന്റെ വാദം.
അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ്(ഐ.എഫ്.എ.ബി) ആണ് ഫുട്ബോൾ നിയമങ്ങൾ തീരുമാനിക്കുന്നത്. ഐ.എഫ്.എ.ബിയുടെ ഫുട്ബോൾ നിയമപുസ്തകത്തിലെ 13.3 വകുപ്പിൽ 'ക്വിക്ക് ഫ്രീകിക്കി'നെക്കുറിച്ച് പറയുന്നുണ്ട്. അതിങ്ങനെയാണ്:
ഫ്രീകിക്ക് എടുക്കുമ്പോൾ എതിരാളി നിർദേശിക്കപ്പെട്ടതിലും കൂടുതൽ പന്തിന് അടുത്തായി നിൽക്കുകായണെങ്കിൽ കിക്ക് മാറ്റിയെടുക്കാം. ഇനി അറ്റാക്കിങ് സൈഡിലുള്ള താരം അതിവേഗത്തിൽ ഫ്രീകിക്ക് എടുക്കുകയും, പത്തുവാരയ്ക്ക്(9.15 മീറ്റർ) ഉള്ളിൽനിന്ന് എതിരാളി നീക്കം തടസപ്പെടുത്തുകയും ചെയ്താൽ റഫറി കളി തുടരാൻ അനുവദിക്കും. ഫ്രീകിക്ക് അതിവേഗം എടുക്കുന്നത് എതിരാളി തടഞ്ഞാൽ മുന്നറിയിപ്പ് നൽകണം.
ഛേത്രിയുടെ ഗോളിൽ എന്തു സംഭവിച്ചു?
'ക്വിക്ക് ഫ്രീകിക്ക്' ഫൗൾ സംഭവിച്ച ഉടൻ എടുക്കേണ്ടതാണ്. എന്നാൽ, ഛേത്രി സമയമെടുത്താണ് കിക്കെടുത്തതെന്ന് വ്യക്തമാണ്. ഈ സമയത്ത് ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭുസുഖൻ സിങ് ഗിൽ ടീമിന്റെ പ്രതിരോധം ഒരുക്കുകയായിരുന്നു. കീപ്പറും എതിർടീമും സജ്ജമാണെന്നു നോക്കേണ്ട റഫറി അക്കാര്യം പരിശോധിക്കുകയും ചെയ്തിരുന്നില്ല.
ഛേത്രിയുടെ ഫ്രീകിക്ക് ഗോളിലേക്ക് നയിച്ച ഫൗൾ സംഭവിച്ചത് 95.31 മിനിറ്റിലാണ്. എന്നാൽ, ഛേത്രി കിക്കെടുക്കുകയും ഗോളാക്കുകയും ചെയ്യുന്നത് 95.58 മിനിറ്റിലും. ഫൗളിനും ഫ്രീകിക്കിനും ഇടയിൽ 25 സെക്കൻഡിന്റെ ഇടവേളയുണ്ടെന്നർത്ഥം. അതുകൊണ്ടു തന്നെ ഇത് 'ക്വിക്ക് ഫ്രീകിക്ക്' ഗോളായി കണക്കാക്കാൻ പറ്റില്ലെന്നാണ് കളി നിരീക്ഷകർ വിലയിരുത്തുന്നത്.
'എല്ലാം ലൂണ കേട്ടു, ഷോട്ട് തടുക്കാനും നോക്കി'
വിവാദത്തിൽ ബംഗളൂരു എഫ്.സി നായകൻ സുനിൽ ഛേത്രി പ്രതികരിച്ചിരുന്നു. ഫ്രീകിക്കെടുക്കുമ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് താൻ റഫറിയോട് പറഞ്ഞിരുന്നുവെന്നാണ് ഛേത്രി വ്യക്തമാക്കിയത്. ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ കേട്ടതാണെന്നും ഛേത്രി അവകാശപ്പെട്ടു.
'ഞങ്ങൾക്ക് ഫ്രീകിക്ക് ലഭിച്ചപ്പോൾ വിസിലും പ്രതിരോധ മതിലും വേണ്ടെന്ന് ഞാൻ റഫറിയോട് പറഞ്ഞിരുന്നു. ഇതുകേട്ട് ഉറപ്പാണോ എന്ന് റഫറി എന്നോട് ചോദിച്ചു. ഞാൻ അതെ എന്നു തന്നെ പറഞ്ഞു. റഫറി ചോദ്യം ആവർത്തിക്കുകയും ഞാൻ ഇക്കാര്യം തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലൂണ അതെല്ലാം കേട്ടതാണ്'-സുനിൽ ഛേത്രി വാദിച്ചു.
ലൂണ പന്തിനു തൊട്ടടുത്ത് നിൽക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ ഷോട്ട് തടുക്കാൻ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ലൂണയ്ക്ക് അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കൽകൂടി എന്റെ നീക്കം തടയാൻ ലൂണ ശ്രമിച്ചു-ഛേത്രി വെളിപ്പെടുത്തി.
'മുന്നിൽ സ്ഥലമില്ലാത്തതു കാരണം പത്ത് വാരയൊരുക്കാൻ ഞാൻ റഫറിയോട് ആവശ്യപ്പെട്ടു. എല്ലാ കളിയിലും ഞാൻ അത് ചെയ്യാറുണ്ട്. അവസരം ലഭിച്ചപ്പോഴെല്ലാം ഞാൻ അങ്ങനെ നോക്കാറുണ്ട്. കാരണം അതുവഴി നമുക്ക് ഒരു അവസരം തുറന്നുലഭിക്കും. മിക്ക സമയത്തും ആരെങ്കിലും പന്തിനു മുന്നിലുണ്ടാകും.'
ഞാൻ എപ്പോഴും ഗർവ് കാണിക്കാറുണ്ട്. ഇതാദ്യമായല്ല ഞാൻ ചെയ്യുന്നത്. ലൂണ പന്തിനു മുന്നിലുണ്ടായിരുന്നു. അവിടെ ഒഴിവുണ്ടായിരുന്നില്ല. ഞാൻ ഒരു ശ്രമം നടത്തിയപ്പോൾ അദ്ദേഹം തടഞ്ഞു. പൊതുവെ അത്തരം സമയങ്ങളിൽ പത്തുവാരയ്ക്കപ്പുറം താരങ്ങളെ നിർത്താൻ ആവശ്യപ്പെടാറാണ് പതിവ്. ഇത്തവണ വിസിലും പത്തുവാരയും വേണ്ടെന്ന് രണ്ടു പ്രാവശ്യം ഞാൻ റഫറിയോട് പറയുകയായിരുന്നു. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല. അത് അവരുടെ കാര്യമാണ്-ഛേത്രി കൂട്ടിച്ചേർത്തു.
Summary: What is quick free kick? Was Sunil Chhetri's free kick goal legit in Kerala Blasters vs Bengaluru FC playoff match in ISL 2022-23?