ഇവിടെ എന്ത് മാസ്ക്? എന്ത് സാമൂഹിക അകലം? അമ്പരപ്പിച്ച് ബുഡാപെസ്റ്റ്
|ഹംഗറിയിലെ ബുഡാപെസ്റ്റ് പുഷ്കാസ് അരീനയിലായിരുന്നു 'കോവിഡ് നിയന്ത്രണങ്ങളെയെല്ലാം' കാറ്റില്‍പറത്തി കാണികളെത്തിയത്. ഏകദേശം 65,000ത്തോളം കാണികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
മനോഹര ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞെങ്കിലും ഹംഗറിക്കെതിരായ മത്സരം ശ്രദ്ധേയമാക്കിയത് മറ്റൊന്ന്. തിങ്ങിനിറഞ്ഞ ഗ്യാലറിയും അവരുടെ ആര്‍പ്പ് വിളിയും. കോവിഡ് എന്ന് കേട്ടാല്‍ പലരും ഓടിയൊളിക്കുന്ന ഇക്കാലത്താണ് സാമൂഹിക അകലവും മാസ്കുമൊന്നുമില്ലതെ ഇത്രയും ആളുകള്‍ മത്സരം കാണാന്‍ എത്തിയത്.
ഹംഗറിയിലെ ബുഡാപെസ്റ്റ് പുഷ്കാസ് അരീനയിലായിരുന്നു 'കോവിഡ് നിയന്ത്രണങ്ങളെയെല്ലാം' കാറ്റില്‍പറത്തി കാണികളെത്തിയത്. ഏകദേശം 65,000ത്തോളം കാണികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. കോവിഡ് നിയന്ത്രണങ്ങളില്ലാത്ത ഒരു രാജ്യവും ഇന്ന് ലോകത്ത് ഇല്ല. അവിടെയാണ് ഹംഗറി വ്യത്യസ്തമാകുന്നത്.
ഏതെങ്കിലും ഒരു രാജ്യത്ത് കോവിഡ് കേസുകള്‍ കൂടിയാല്‍ അങ്ങോട്ടേക്ക് വിമാന സര്‍വീസ് പോലും റദ്ദ് ചെയ്യുന്ന കാലം. കോവിഡ് ടെസ്റ്റും ക്വാറന്റെെനുമൊക്കെ ഒരു രാജ്യത്തിന്റെ സമാധാന ജീവിതത്തിന് അടയാളമാകുന്ന കാലം. എന്നിട്ടും ഇതൊന്നുമില്ലാതെ എന്ത് ധൈര്യത്തിലാണ് ഹംഗറി ഇത്രയും ആളുകളെ ഉള്‍കൊള്ളിച്ച് ഒരു മത്സരം നടത്തിയത്.
ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കില്‍ ഹംഗറി എന്ന രാജ്യത്തിന്റെ കോവിഡ് കണക്കും വാക്സിനേഷനുമൊക്കെ അറിയണം. ഏവരെയും അമ്പരപ്പിക്കുന്ന നീക്കങ്ങളാണ് ഹംഗറിയും ആ രാജ്യത്തെ ഭരണകൂടവും നടത്തുന്നത്. കോവിഡ് തരംഗങ്ങളൊന്നും അധികം ഏല്‍ക്കാത്ത രാജ്യമാണ് ഹംഗറി. എട്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ ഹംഗറിയില്‍ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോർട്ട് ചെയ്തത് 57 പേര്‍ക്ക്!
അതേസമയം പുഷ്കാസ് സ്റ്റേഡിയത്തില്‍ നടക്കുന്ന നാല് മത്സരങ്ങള്‍ക്കും പരമാവധി ആരാധകരെ അനുവദിച്ചിട്ടുണ്ട്. യൂറോ കപ്പ് മുന്നില്‍ കണ്ട് വാക്സിനേഷന് വേഗത്തിലാക്കിയതാണ് ഹംഗറിക്ക് ഗുണം ചെയ്തത്. ചൈനീസ്- റഷ്യന്‍ വാക്സിനുകളാണ് ഇവിടെ വിതരണം ചെയ്തത്.
സ്റ്റേഡിയത്തിലെത്തുന്നവര്‍ക്ക് വാക്സിനേഷന് കാര്‍ഡുകളും നിര്‍ബന്ധമാക്കിയിരുന്നു. ഹംഗേറിയന്‍ സര്‍ക്കാറിനും പ്രധാനമന്ത്രിക്കുമുള്ള ഫുട്ബോള്‍ പ്രണയമാണ് സ്റ്റേഡിയത്തിലേക്ക് ഇത്രയും ആളുകളെ എത്തിക്കാനായത് എന്നാണ് പറയപ്പെടുന്നത്.