Football
kerala blasters- sahal abdul samad

സഹല്‍ അബ്ദുല്‍ സമദ്

Football

എവിടെ സഹൽ? ക്ലബ്ബ് വിട്ടോ, ബ്ലാസ്റ്റേഴ്‌സിന്റെ ആശംസാ കാർഡിൽ ചർച്ച

Web Desk
|
1 July 2023 11:41 AM GMT

മിഡ്ഫീൽഡർ ജീക്‌സൺ സിങിന്റെ ഫോട്ടോയാണ് ആശംസാ കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി പോസ്റ്റ് ചെയ്ത കാർഡുകളിലെല്ലാം ജീക്‌സണാണ്

കൊച്ചി: മലയാളി താരം സഹൽ അബ്ദുൽ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടോ? ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോൾ പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോയാണ് പുതിയ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. സാഫ്കപ്പിലെ സെമിയിൽ ഇന്ത്യ ഇന്ന് ലബനാനെ നേരിടാനൊരുങ്ങുകയാണ്. ഇതിന് ആശംസ അറിയിച്ചുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കാർഡാണ് പുതിയ അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്.

മിഡ്ഫീൽഡർ ജീക്‌സൺ സിങിന്റെ ഫോട്ടോയാണ് ആശംസാ കാർഡിൽ ഉപയോഗിച്ചിരിക്കുന്നത്. ഇന്നലെയും ഇന്നുമായി പോസ്റ്റ് ചെയ്ത കാർഡുകളിലെല്ലാം ജീക്‌സണാണ്. ലബനാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ അർപ്പിക്കുകയാണ് കാർഡിൽ. ജീക്‌സണെ കൂടാതെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിന്ന് സഹൽ അബ്ദുൽ സമദ് കൂടി ഇന്ത്യക്ക് വേണ്ടി കളിക്കുന്നുണ്ട്. രണ്ട് ദിവസം ഇട്ട പോസ്റ്റുകളിലും സഹലിന്റെ പേരോ ചിത്രമോ ഇല്ല. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണം. സഹൽ, ബ്ലാസ്റ്റേഴ്‌സ് വിട്ടതായാണ് ആരാധകർ രേഖപ്പെടുത്തുന്നത്. ഈ കാർഡിന്റെ കമന്റുകളിൽ അധികവും സഹലിനെ ചുറ്റിപ്പറ്റിയാണ്.

സഹലിന് നേരത്തെ ഓഫറുകളുണ്ടായിരുന്നു. മോഹൻ ബഗാനും ബംഗളൂരു എഫ്.സിയുമൊക്കെ സഹലിന് പിന്നാലെയുണ്ടായിരുന്നു. ഇതാണ് താരം ക്ലബ്ബ് വിട്ടതാണെന്ന് പറയാന്‍ കാരണം. എടികെ മോഹൻ ബഗാനിലേക്ക് സഹൽ പോയെന്നാണ് ഒരാൾ കുറിക്കുന്നത്. ക്ലബ്ബ് വിട്ടതാണെങ്കിൽ ഇപ്പോഴെ വിമർശനം തുടങ്ങുന്നുണ്ട്. മികച്ച കളിക്കാരെ നിലനിർത്താൻ ക്ലബ്ബിന് ആകുന്നില്ലെങ്കിൽ സങ്കടം എന്നെ പറയാനുള്ളൂ എന്നായിരുന്നു ഒരാളുടെ കമന്റ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുടബോളിന് സമ്മാനിച്ച പ്രതിഭയാണ് കണ്ണൂരുകാരൻ സഹൽ അബ്ദുൾ സമദ്.

2018ൽ മഞ്ഞക്കുപ്പായത്തിൽ അരങ്ങേറിയ സഹലാണ് ഇന്ന് ക്ലബിനായി ഏറ്റവും കൂടുതൽ തവണ കളിച്ച താരം. അതേസമയം സഹലിന്റെ ചുവട്മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പികളൊന്നും ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടില്ല. സാഫ് കപ്പിൽ ശക്തരായ ലബനാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്റർകോണ്ടിനന്റൽ കപ്പിൽ ലബനാനെ തോൽപിച്ച് ഇന്ത്യ കിരീടം ചൂടിയിരുന്നു. മികച്ച ഫോമിലാണ് ഇന്ത്യ. ഒരൊറ്റ ഗോൾ മാത്രമാണ് ഈ ടൂർണമെന്റിൽ വഴങ്ങിയത്. അതും സെൽഫ് ഗോൾ രൂപത്തിൽ. നായകൻ സുനിൽ ഛേത്രി മിന്നും ഫോമിൽ നിൽക്കെ ഇന്ത്യയെ പിടിച്ചുകെട്ടാൻ ലബനാൻ വിയർക്കേണ്ടി വരും.

Similar Posts