അടുത്ത മെസ്സിയോ? ആരാണ് യൂറോപ്പ് പിടിവലി കൂടുന്ന ക്ലോഡിയോ എച്ചിവേരി?
|ബ്രസീലുമായുള്ള അണ്ടർ 17 ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കായി ക്ലോഡിയോ ഹാട്രിക് നേടിയത് വലിയ വാർത്തയായിരുന്നു
ഫുട്‌ബോളിൽ ഉയർന്നുവരുന്ന ഏത് അർജൻറീനൻ താരത്തെയും അടുത്ത മെസ്സിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. പുതുതായി 17കാരനായ താരം ക്ലോഡിയോ എച്ചിവേരിയെയാണ് ഈ വിശേഷണം തേടിയെത്തിയത്. അർജൻറീനയുടെ അണ്ടർ 17 ടീം നായകനായിരുന്നു താരം. ഇക്കഴിഞ്ഞ ഫിഫ അണ്ടർ 17 ലോകകപ്പിൽ നാലാം സ്ഥാനവുമായാണ് ടീം മടങ്ങിയത്. എൽ ഡിയബ്ലിറ്റോയെന്ന് വിളിക്കപ്പെടുന്ന താരം ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടിയതോടെ നിരവധി ക്ലബുകളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. ബദ്ധവൈരികളായ ബ്രസീലുമായുള്ള അണ്ടർ 17 ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കായി ക്ലോഡിയോ ഹാട്രിക് നേടിയത് വലിയ വാർത്തയായിരുന്നു. ആ മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജൻറീന ജയിച്ചത്.
മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ്, ചെൽസി എന്നിങ്ങനെ എട്ട് ടീമുകൾ ക്ലോഡിയോയെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ. അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സിയെ മാതൃകയായി കാണുന്ന താരമാണ് ക്ലോഡിയോ എച്ചെവേരി. തന്റെ ആരാധനാപാത്രത്തിന്റെ മുൻ തട്ടകമായ ബാഴ്സലോണയ്ക്കായി കളിക്കാനാണ് താരത്തിന്റെ ആഗ്രഹം. എന്നാൽ ബാഴ്‌സലോണക്ക് സാമ്പത്തിക പ്രയാസങ്ങളുള്ളതിനാൽ ഇതെളുപ്പത്തിൽ നടന്നേക്കില്ല. അത്‌ലറ്റികോ മാഡ്രിഡ്, എസി മിലാൻ, യുവൻറസ്, പിഎസ്ജി, ബെൻഫിക്ക എന്നിവയൊക്കെ ക്ലോഡിയോയുടെ പിറകെയുണ്ട്. പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിൽ താരമെത്താൻ സാധ്യതയുണ്ടെന്നാണ് വാർത്തകൾ വരുന്നത്.അതേസമയം, താരത്തിനായി നിരവധി ടീമുകൾ വരുന്നതോടെ റിവർപ്ലേറ്റ് റിലീസ് ക്ലോസ് ഉയർത്തുകയാണ്. നിലവിൽ സീനിയർ ടീമിനായി നാലു മത്സരങ്ങളാണ് ക്ലോഡിയോ കളിച്ചിട്ടുള്ളത്.
2017-ൽ ഇറ്റലിയിലെ വെനീസിൽ നടന്ന കുട്ടികളുടെ ടൂർണമെന്റിനിടെയാണ് എച്ചിവേരി ആദ്യമായി ശ്രദ്ധ പിടിച്ചുപറ്റിയത്. റിവർപ്ലേറ്റിനായി ആറ് മത്സരങ്ങളിൽ നിന്ന് ഒമ്പത് തവണ സ്‌കോർ ചെയ്ത് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറ്റാക്കിംഗ് മിഡ്ഫീൽഡർ മാറി. താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ റിവർപ്ലേറ്റ് 2022 ഡിസംബറിൽ അവരുടെ ഫസ്റ്റ്-ടീം സ്‌ക്വാഡിലേക്ക് സ്ഥാനക്കയറ്റം നൽകി. വെറും 16 വയസ്സുള്ളപ്പോഴായിരുന്നു ഈ മാറ്റം.
ലയണൽ മെസ്സിക്ക് സമാനമായ ഡ്രിബ്ലിംഗ് ശൈലിയുള്ള യുവ മധ്യനിരക്കാരൻ പന്ത് എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നത് ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. വലംകാലനാണെങ്കിലും മെസ്സിയുടെ ശൈലിയുമായി താരത്തിന്റെ കേളീശൈലിക്ക് സാമ്യമുണ്ട്.
The next Lional Messi? Who is Claudio Echiverri ?