ഫിഫ പുരസ്‌കാരം: എംബാപ്പെയുടെ ആദ്യ വോട്ട് മെസ്സിക്ക്, മെസ്സിയുടെ വോട്ട്?
|ഇന്ത്യൻ ടീം നായകൻ സുനിൽ ഛേത്രിയുടെ ആദ്യ വോട്ട് ഹാളണ്ടിനായിരുന്നു
ലണ്ടൻ: 2023ലെ ഫിഫ പ്ലേയർ ദ ഇയർ പുരസ്‌കാരത്തിന്റെ വിശദവിവരങ്ങൾ പുറത്ത്. ആരൊക്കെ ആർക്കെല്ലാം വോട്ടു ചെയ്തുവെന്ന കൗതുകകരമായ വിവരങ്ങളാണ് പുറത്തുവന്നത്. പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമപ്രവർത്തകരും നൽകിയ വോട്ട് അനുസരിച്ചാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടിനെ പിന്തള്ളി അർജീന്റീൻ ഇതിഹാസം ലയണൽ മെസ്സിക്കാണ് 2023 ലെ വർഷത്തെ പുരസ്‌കാരം. ഇത് മൂന്നാം തവണയാണ് മെസ്സി ഫിഫ ദ പ്ലേയർ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഫ്രാൻസിന്റെ കിലിയൻ എംബാപ്പെ മൂന്നാമതെത്തി. മെസ്സിക്കും ഹാളണ്ടിനും ഓരേ സ്‌കോറിങ് പോയിന്റാണ് (48) ലഭിച്ചത്. എന്നാൽ ക്യാപ്റ്റന്മാരുടെ വോട്ട് കൂടുതൽ കിട്ടിയ മെസ്സി പുരസ്‌കാരത്തിന് അർഹനായി.
മെസ്സിക്ക് ക്യാപ്റ്റന്മാരിൽനിന്ന് 677 പോയിന്റ് കിട്ടി. പരിശീലകരിൽനിന്ന് 476 വോട്ടും മാധ്യമപ്രവർത്തകരിൽനിന്ന് 315 വോട്ടും ലഭിച്ചു. 613293 ആരാധക വോട്ടും കിട്ടി. മെസ്സിയേക്കാൾ കൂടുതൽ മാധ്യമ വോട്ട് കിട്ടിയത് ഹാളണ്ടിനാണ്- 729. എന്നാൽ കൂടുതൽ പോയിന്റുള്ള ക്യാപ്റ്റന്മാരുടെ വോട്ടുകൾ ഫലനിർണയത്തിൽ നിർണായകമായി.
ലയണൽ മെസ്സി ആദ്യ വോട്ട് ചെയ്തത് ഹാളണ്ടിനാണ്. രണ്ടാം വോട്ട് എംബാപ്പെയ്ക്കും മൂന്നാം വോട്ട് അർജന്റീനൻ സഹതാരം യൂലിയൻ അൽവാരസിനും നൽകി.
ഫ്രഞ്ച് നായകൻ എംബാപ്പെ ആദ്യ വോട്ട് നൽകിയത് മെസ്സിക്കാണ്. രണ്ടാം വോട്ട് ഹാളണ്ടിനും മൂന്നാം വോട്ട് കെവിൻ ഡി ബ്രുയിനെക്കും നൽകി. ക്യാപറ്റൻ സ്ഥാനത്ത് ഇല്ലാത്തതു കൊണ്ട് ഹാളണ്ടിന് വോട്ട് ചെയ്യാനായില്ല. എന്നാൽ നോർവേ ക്യാപറ്റൻ മാർട്ടിൻ ഒഡെഗാർഡ് ആദ്യ വോട്ട് നൽകിയത് ഹാളണ്ടിനാണ്. രണ്ടും മൂന്നും വോട്ട് യഥാക്രമം മെസ്സിക്കും എംബാപ്പെയ്ക്കും. പോർച്ചുഗൽ നായകൻ പെപ്പെ ആദ്യ വോട്ടു നൽകിയത് പോർച്ചുഗീസ് മിഡ്ഫീൽഡർ ബെർണാഡോ സിൽവയ്ക്കായിരുന്നു. രണ്ടാം വോട്ട് ഹാളണ്ടിന്. മൂന്നാം വോട്ട് നാപ്പോളിയുടെ നൈജീരിയൻ താരം വിക്ടർ ഒസിംഹെനും.
ഇന്ത്യൻ ടീം നായകൻ സുനിൽ ഛേത്രിയുടെ ആദ്യ വോട്ട് ഹാളണ്ടിനായിരുന്നു. സ്പാനിഷ് താരം റോഡ്രിക്ക് രണ്ടാം വോട്ടും വിക്ടർ ഒസിംഹെന് മൂന്നാം വോട്ടും നൽകി. കോച്ച് ഇഗോർ സ്റ്റിമാച്ച് ആദ്യ വോട്ട് നൽകിയത് റോഡ്രിക്ക്. യൂലിയൻ അൽവാരസ്, കെവിൻ ഡി ബ്രുയിനെ എന്നിവർക്കായിരുന്നു മറ്റു രണ്ടുവോട്ടുകൾ.