Football
മെസ്സിക്കേറ്റ ശാപം ഇല്ലാതാക്കി, അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നിൽ ഞങ്ങൾ; അവകാശവാദവുമായി മന്ത്രവാദി സംഘം
Football

'മെസ്സിക്കേറ്റ ശാപം ഇല്ലാതാക്കി, അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് പിന്നിൽ ഞങ്ങൾ'; അവകാശവാദവുമായി മന്ത്രവാദി സംഘം

Sports Desk
|
21 Dec 2022 2:51 PM GMT

അർജൻറീനൻ കളിക്കാർ മൈതാനത്ത് മത്സരിക്കുമ്പോൾ മന്ത്രവാദിനികൾ വീട്ടിൽ അവരെ സംരക്ഷിക്കുകയായിരുന്നുവെന്ന് മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലെ മന്ത്രവാദിനി

ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീന ജേതാക്കളായതിന് പിന്നിൽ തങ്ങളാണെന്ന അവകാശവാദവുമായി മന്ത്രവാദി സംഘം. മഗാലി മാർട്ടിനെസെന്ന മന്ത്രവാദിനിയും സംഘവുമാണ് അവകാശ വാദം ഉന്നയിച്ചത്. അർജൻറീന തോറ്റ സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിനിറങ്ങുമ്പോൾ മെസിക്ക് ശാപബാധയുണ്ടായിരുന്നുവെന്നും പിന്നീട് താനും സംഘവും അവ നീക്കി മികച്ച പ്രകടനം നടത്താനും കിരീടം നേടാനും നീലപ്പടക്ക് അവസരമൊരുക്കിയെന്നുമാണ് മന്ത്രവാദിനിയുടെ അവകാശവാദം. ന്യൂയോർക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അർജൻറീനൻ താരങ്ങളിലുള്ള നെഗറ്റീവ് ശക്തി നീക്കി, നല്ല ശക്തി നിറയ്ക്കുകയായിരുന്നു തങ്ങൾ ചെയ്തതെന്നും മന്ത്രവാദികൾ പറഞ്ഞതായി റിപ്പോർട്ടിൽ പറഞ്ഞു.

തലവേദന, തലകറക്കം, ഛർദ്ദി, പേശി വേദന എന്നിങ്ങനെ താരങ്ങളിലുള്ള എല്ലാ അസുഖങ്ങളെയും നീക്കിയെന്ന് വടക്കുപടിഞ്ഞാറൻ അർജന്റീനൻ നഗരത്തിൽ കട നടത്തുന്ന ഒരു മന്ത്രവാദിനിയും ഗ്രൂപ്പിന്റെ സ്ഥാപകയുമായ 23-കാരിയായ ആന്റണെല്ല സ്പാഡഫോറ പറഞ്ഞു. ജോലി ഭാരം വിഭജിക്കാൻ, ഓരോ മത്സരത്തിനും മുമ്പായി മന്ത്രവാദിനികളെ ഗ്രൂപ്പുകളായി വിഭജിച്ചുവെന്നും ഓരോരുത്തരും ഒരു നിശ്ചിത കളിക്കാരനെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അവർ വ്യക്തമാക്കി. ഫൈനലിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയടക്കമുള്ള കളിക്കാരെ ശപിച്ചൊതുക്കാൻ ചിലർ ശ്രമിച്ചപ്പോൾ അത് തിരിച്ചടിക്കുമെന്നും അവരിൽ ഡാർക്ക് എൻടിറ്റിയുള്ളവരുണ്ടെന്നും സംഘത്തിന്റെ നേതാക്കൾ വ്യക്തമാക്കിയെന്നും വാർത്തയിൽ പറഞ്ഞു.

അജയ്യനായ ലയണൽ മെസ്സി മൈതാനത്ത്‌ കുഴങ്ങിയപ്പോൾ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് അറിയാമായിരുന്നുവെന്നും അമാനുഷിക ശാപം താരത്തിന് ഏറ്റിരുന്നുവെന്ന് മഗലി മാർട്ടിനെസിന് മനസ്സിലായെന്നും ഇതോടെ മന്ത്രവാദിനിയായ ഇവർ ജോലി തുടങ്ങിയെന്നും വാർത്തയിൽ പറഞ്ഞു. തുടർന്ന് മെസ്സിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാർത്ഥന തുടങ്ങിയെന്നും ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് അൽപം എണ്ണ ഒഴിച്ചപ്പോൾ അവ മധ്യഭാഗത്ത് ഊറിക്കൂടിയെന്നും ഇതോടെ ശാപമുണ്ടെന്ന് വ്യക്തമായെന്നും അവർ പറഞ്ഞു. എണ്ണ ചിതറിക്കിടക്കുകയാണെങ്കിൽ, താരം സുരക്ഷിതനായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ എണ്ണ പാത്രത്തിന്റെ മധ്യഭാഗത്ത് കാന്തം ആകർഷിച്ചത് പോലെ എത്തുകയായിരുന്നുവെന്നും ഇതോടെ താരത്തെ സുഖപ്പെടുത്താൻ തനിക്ക് മാത്രം കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ട്വിറ്ററിലൂടെ അർജന്റീനയിലുടനീളമുള്ള തന്റെ സഹ മന്ത്രവാദികളെ വിളിച്ചുവെന്നും മഗാലി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കി.

'ഇവിൾ-ഐ ഹീലിംഗ് സിസ്റ്റേഴ്സ്, മെസ്സിക്ക് വലിയൊരു ബാധയേറ്റിരിക്കുന്നു. എനിക്ക് നിങ്ങളുടെ സഹായം വേണം' എന്നായിരുന്നു ട്വിറ്ററിൽ ഇവർ കുറിച്ചത്. ഈ സന്ദേശം ആയിരം പേർ പങ്കിട്ടുവെന്നും മന്ത്രവാദികളായ പലരും അർജന്റീനയുടെ പൊന്നോമനയെ സംരക്ഷിക്കാൻ പ്രവർത്തിക്കുമെന്നും പറഞ്ഞുവെന്നും മഗാലി വ്യക്തമാക്കി.

അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഞായറാഴ്ചത്തെ ലോകകപ്പ് ഫൈനലിനായി ഇവർ പ്രത്യേക മന്ത്രവാദം നടത്തിയെന്നും 'ബ്രൂജകൾ', മന്ത്രവാദിനികൾ എന്ന് സ്വയം വിളിക്കുന്ന ആയിരക്കണക്കിന് അർജന്റീനൻ സ്ത്രീകൾ പ്രാർത്ഥനകൾ, ബലിപീഠങ്ങൾ, മെഴുകുതിരികൾ തുടങ്ങിയവയിലൂടെ തങ്ങളുടെ രാജ്യത്തിന്റെ പ്രിയപ്പെട്ട ഫുട്‌ബോൾ ടീമിനെ സംരക്ഷിക്കുന്നതിനായി ഇറങ്ങിയെന്നും വാർത്തയിൽ പറഞ്ഞു. 36 വർഷത്തിനിടെയുള്ള ആദ്യ ലോകകപ്പ് കിരീടം നേടാനായിരുന്നു ഈ പ്രയത്‌നമെന്നും പറഞ്ഞു.

അർജൻറീനൻ കളിക്കാർ മൈതാനത്ത് മത്സരിക്കുമ്പോൾ മന്ത്രവാദിനികൾ വീട്ടിൽ അവരെ സംരക്ഷിക്കാനുള്ള പൂജകൾ ചെയ്യുകയായിരുന്നുവെന്ന് മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലെ മന്ത്രവാദിനിയും ഹൈസ്‌കൂൾ അധ്യാപികയുമായ റൊസിയോ കബ്രാൽ മെന്ന (27) പറഞ്ഞു.

സൗദി അറേബ്യയോടേറ്റ അർജന്റീനയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം മന്ത്രവാദ പ്രവർത്തനം സജീവമായെന്നും 47 ദശലക്ഷത്തോളം പേരുള്ള ഈ രാഷ്ട്രം പ്രതീക്ഷയർപ്പിച്ച ടീമിനെ സഹായിക്കാൻ അർജന്റീനക്കാർ ഏതെങ്കിലും വഴി തേടാൻ പരാജയം ഇടയാക്കിയെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടി. ആ മത്സരത്തിന് ശേഷം, ദേശീയ ടീമിനെ എങ്ങനെ സഹായിക്കണമെന്ന് മറ്റ് മന്ത്രവാദിനികൾക്ക് നിർദ്ദേശം നൽകാൻ നിരവധി മന്ത്രവാദികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. അർജന്റീനയുടെ ദേശീയ ടീമിന്റെ വിളിപ്പേരായ 'ബ്രൂജ', 'ലാ സ്‌കലോനെറ്റ' എന്നിവയെ അവലംബിച്ച് ഈ കൂട്ടത്തിന് അർജന്റീനിയൻ അസോസിയേഷൻ ഓഫ് വിച്ചസ് അല്ലെങ്കിൽ ലാ ബ്രൂജിനെറ്റ എന്ന് പേര് വിളിച്ചു.

'10 പേർ ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ദിവസങ്ങൾക്കകം മുന്നൂറിലധികം പേർ സംഘത്തിൽ ചേർന്നു' സ്പാഡഫോറ പറഞ്ഞു. കഴിഞ്ഞയാഴ്ച ആരംഭിച്ച ട്വിറ്റർ അക്കൗണ്ടിന് ഏഴ് ദിവസം കൊണ്ട് 25,000 ഫോളോവേഴ്സുണ്ടായെന്നും പറഞ്ഞു.

Wich Group claims to be behind Argentina's victory at the FIFA World Cup in Qatar

Similar Posts