ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സ് വിടുമോ? വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകൾ; ആരാധകർക്ക് ആശങ്ക
|2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നിൽക്കണ്ട് താരവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യങ്ങൽ നല്ല വഴിക്കല്ല നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ
കേരള ബ്ലാസ്റ്റേഴ്സിൽ മിന്നുംഫോമിലുള്ള കളിക്കാരനാണ് ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ. 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിലും 12 ഗോളുകൾ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ അടിച്ചത്.
മികച്ച മുന്നേറ്റങ്ങളാലും കാണികളെ കയ്യിലെടുക്കുന്നതിലും ദിമിത്രിയോസ് വേറിട്ടൊരു ശൈലി സൃഷ്ടിച്ചിരുന്നു. തുടക്കത്തിൽ അഡ്രിയാൻ ലൂണയുമൊത്തുള്ള കെമിസ്ട്രി ക്ലിക്കാവുകയും ചെയ്തു. ലൂണ-ഡയമന്റകോസ് സഖ്യം ബ്ലാസ്റ്റേഴ്സിനെ ഉന്നതിയിലെത്തിക്കുകയും ചെയ്തിരുന്നു. 2023 അവസാനിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ഈ കൂട്ടുകെട്ടിന് ലഭിച്ച അംഗീകാരം കൂടിയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ലൂണക്കേറ്റ പരിക്ക് ഈ സഖ്യത്തിന് വിള്ളലേറ്റെങ്കിലും, ദിമി ഗോളടി തുടർന്നു.
ഇപ്പോഴിതാ ദിമിയെച്ചുറ്റിപ്പറ്റി, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ദഹിക്കാത്തൊരു വാർത്ത വന്നിരിക്കുന്നു. താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്നതാണത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നിൽക്കണ്ട് താരവുമായി ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചെങ്കിലും കാര്യങ്ങൽ നല്ല വഴിക്കല്ല നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്താണ് തടസമായി നിൽക്കുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല. ഇതോടെയാണ് മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത് എത്തിയിരിക്കുന്നത്.
റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങൾ നടത്തുന്നത്. നിലവിലെ ടീമിന്റെ ഘടന നോക്കുകയാണെങ്കിൽ മോഹൻ ബഗാന് ഒരു വിദേശ സ്‌ട്രൈക്കറെ അത്യാവശ്യമില്ലെങ്കിലും മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നീ ടീമുകൾക്ക് ആക്രമണം നയിക്കാൻ കരുത്തനായ ഒരു വിദേശതാരത്തിന്റെ അഭാവമുണ്ട്. അതുകൊണ്ട് ഈ രണ്ട് ടീമുകളാവും ദിമിക്കായി കാര്യമായി ചരടുവലിക്കുക.
2022 - 2023 ഐ എസ് എൽ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ എത്തിയത്. ഒരു വർഷ കരാറിൽ ആയിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണിൽ മികവ് പുലർത്തിയ താരത്തിന്റെ കരാർ, കേരള ബ്ലാസ്റ്റേഴ്സ് ഒരു സീസണിലേക്ക് കൂടി നീട്ടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.
2022 - 2023 സീസണിൽ ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സിനായി 10 ഗോളും മൂന്ന് അസിസ്റ്റും നടത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ ഇതുവരെ ആകെ 42 മത്സരങ്ങൾ കളിച്ച ഈ സെൻറർ സ്ട്രൈക്കർ 27 ഗോൾ നേടുകയും ഏഴ് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇങ്ങനെയുള്ള ഒരു താരത്തെ കൈവിടുന്നത് ബ്ലാസ്റ്റേഴ്സന് വന്‍ നഷ്ടം തന്നെയാണ്. ലഭിക്കുന്ന ടീമുകള്‍ക്കാകട്ടെ, ലോട്ടറിയും.
അതേസമയം അവസാന മത്സരത്തിലെ ബാഗാനെതിരായ തോൽവി, ബ്ലാസ്റ്റേഴ്സിന്റെ ഷീൽഡ് സ്വപ്നങ്ങളെ പൂർണമായും അവസാനിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ആദ്യ നാലിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യതകള്‍ക്കും കൊച്ചിയിലെ തോല്‍വി മങ്ങലേല്‍പിച്ചിട്ടുണ്ട്.
18 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. ഇത്രയും മത്സരങ്ങളില്‍ 39 പോയിന്റുള്ള ബഗാനാണ് രണ്ടാമത്. ഒരു മത്സരം കൂടുതല്‍ കളിച്ച മുംബൈ സിറ്റി 39 പോയിന്റോടെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്. ഈ മാസം 30 ന്, ജംഷഢ് പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. ഇതിന് ശേഷം ഈസ്റ്റ് ബംഗാൾ, നോർത്തീസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്സി എന്നീ ടീമുകൾക്കെതിരെയും മഞ്ഞപ്പട കളിക്കും.