ബൂനോയ്ക്ക് മുന്നിൽ തകരുമോ ഫ്രഞ്ച് മുന്നേറ്റനിര ?
|പ്രതിരോധനിരയിലെ താരങ്ങളും ഗോൾവലയ്ക്ക് കീഴിൽ പാറപോലെ ഉറച്ചുനിൽക്കുന്ന യാസിൻ ബൂനോയുമാണ് അവരുടെ ആത്മവിശ്വാസം
ദോഹ: ഖത്തർ ലോകകപ്പിലെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടാൻ ഒരുങ്ങുകയാണ്. ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെ എത്തുന്ന മൊറോക്കോയുടെ ശക്തികേന്ദ്രം അവരുടെ പ്രതിരോധക്കോട്ട തന്നെയാണ്. പ്രതിരോധനിരയിലെ താരങ്ങളും ഗോൾവലയ്ക്ക് കീഴിൽ പാറപോലെ ഉറച്ചുനിൽക്കുന്ന യാസിൻ ബൂനോയുമാണ് അവരുടെ ആത്മവിശ്വാസം.
ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയാണ് ഗോളടിച്ചത്. എന്നാൽ ആ മത്സരത്തിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചിരുന്നു. രണ്ടു വിജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ നേടിയത്.
31 കാരനായ ബൂനോ ലാലീഗയിൽ സെവിയ്യ ഗോൾകീപ്പറാണ്. ജിറോണ, സെവിയ്യക്കുമായി 100 മത്സരങ്ങളിലിറങ്ങിയിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീം അംഗമാണ്. രണ്ടു ലോകകപ്പ് ടൂർണമെൻറുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെൻറിലും കളിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സിൽ അണ്ടർ 23 ടീമിലുമുണ്ടായിരുന്നു.
എന്നാൽ, ഫ്രാൻസിന്റെ മുന്നേറ്റനിരയാണ് അവരുടെ ശക്തി. കെയ്‌ലിയൻ എംബാപ്പെ, ജെറൂദ്, ഗ്രീസ്മൻ, ഡെംബലെ തുടങ്ങിയ ലോകോത്തര താരങ്ങളുള്ള ഫ്രഞ്ച് മുന്നേറ്റനിരയെ നേരിടാൻ മൊറോക്കൻ പ്രതിരോധകോട്ടയ്ക്ക് സാധിക്കുമോ എന്നാണ് ഫുട്‌ബോൾ ലോകം ഉറ്റുനോക്കുന്നത്. സ്‌പെയിൻ, പോർച്ചുഗൽ തുടങ്ങിയ മികച്ച ടീമുകളെ തോൽപ്പിച്ച ആത്മവിശ്വാസം ഫ്രാൻസിന് നേരിടാൻ ഒരുങ്ങുമ്പോൾ മൊറോക്കോയ്ക്ക് ഉണ്ടാകും.