സ്റ്റേഡിയത്തിൽ പെണ്ണാരവം; ഫുട്‌ബോൾ ലീഗിൽ വനിതകൾക്ക് പ്രവേശനം നൽകി ഇറാൻ
|ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ സ്ത്രീകൾക്ക് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്
തെഹ്‌റാൻ: ആഭ്യന്തര ഫുട്‌ബോൾ ലീഗിൽ വനിതാ ആരാധകർക്ക് പ്രവേശനം നൽകി ഇറാൻ. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ സ്ത്രീകൾക്ക് ഫുട്‌ബോൾ സ്‌റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്. തലസ്ഥാനമായ തെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തിൽ ഇസ്തഖ്‌ലാൽ എഫ്‌സിയും മെസെ കെർമനും തമ്മിലുള്ള മത്സരം വീക്ഷിക്കാനാണ് വനിതകളെത്തിയത്.
ഒരു ലക്ഷം ഇരിപ്പിട ശേഷിയുള്ള സ്റ്റേഡിയത്തിൽ സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കിയിരുന്നു. ഇസ്തിഖ്‌ലാലിന്റെ കൊടിയും നീല ജഴ്‌സിയുമണിഞ്ഞാണ് ആരാധകരെത്തിയത്. സ്ത്രീകൾക്കു മാത്രമായി അഞ്ഞൂറു ടിക്കറ്റുകൾ മാറ്റിവച്ചിരുന്നതായി ഇറാനിലെ ഇസ്‌ന വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ഫിഫയുടെ നിർദേശത്തെ തുടർന്ന് 2019ൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ വനിതകൾക്ക് ഇറാനിയൻ ഫെഡറേഷൻ അനുമതി നൽകിയിരുന്നു. ഇറാനിലെ പെർസെപോളിസ് എഫ്‌സിയും ജപ്പാനിലെ കഷിമ അന്റ്‌ലേഴ്‌സും തമ്മിലായിരുന്നു ഫൈനൽ. ഈ വർഷം ജനുവരിയിൽ ഇറാഖിനെതിരെയുള്ള ദേശീയ ടീമിന്റെ മത്സരം കാണാനും വനിതകളെത്തിയിരുന്നു. രണ്ടായിരം വനിതാ ആരാധകരാണ് ഇറാൻ ലോകകപ്പിലേക്ക് യോഗ്യത നേടിയ മത്സരം കാണാനെത്തിയിരുന്നത്.
വനിതകൾക്ക് ഫുട്‌ബോൾ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നൽകുന്നതിന് സർക്കാർ എതിരല്ലെന്ന് ആഭ്യന്തര മന്ത്രി അഹ്‌മദ് വാഹിദി പ്രതികരിച്ചു. വനിതാ ആരാധകർക്കായി സ്റ്റേഡിയത്തിൽ പ്രത്യേകം സൗകര്യങ്ങളില്ലാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.