Football
മെസ്സിയും സംഘവും ആദ്യ അങ്കത്തിനിറങ്ങുന്നു; അർജന്റീനയുടെ വിജയക്കുതിപ്പ് തടയുമോ സൗദി?
Football

മെസ്സിയും സംഘവും ആദ്യ അങ്കത്തിനിറങ്ങുന്നു; അർജന്റീനയുടെ വിജയക്കുതിപ്പ് തടയുമോ സൗദി?

Web Desk
|
22 Nov 2022 1:33 AM GMT

പരിക്കേറ്റെന്ന വാർത്തകൾ തള്ളിയ സൂപ്പർ താരം ലയണൽ മെസ്സി സ്വപ്ന സാക്ഷാത്കാരത്തിനുള്ള അവസാന അവസരമാകാം ഈ ലോകകപ്പെന്നും ഇന്നലെ വ്യക്തമാക്കിയിരുന്നു

ദോഹ: ലോകകിരീടമെന്ന അടങ്ങാത്ത മോഹവുമായി ഇതിഹാസ താരം ലയണൽ മെസ്സിയും സംഘവും ഇന്ന് ആദ്യ അങ്കത്തിനിറങ്ങുന്നു. ഏഷ്യൻ കരുത്തരായ സൗദി അറേബ്യയാണ് ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് എതിരാളികൾ. തുടർച്ചയായ 36 മത്സരങ്ങൾ ജയിച്ചടക്കി റെക്കോർഡിലേക്കുള്ള കുതിപ്പു തുടരുന്ന നീലപ്പടയ്ക്കു മുന്നിൽ സൽമാൻ അൽഫറജിന്റെ സംഘം അട്ടിമറി മാത്രം ലക്ഷ്യമിട്ടായിരിക്കും ഇന്ന് ഇറങ്ങുക. ഇന്ത്യൻ സമയം മൂന്നരയ്ക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.

പരിക്കിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെ സൂപ്പർ താരം ലയണൽ മെസ്സി ഇന്നലെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതിനാൽ, ആരാധകർക്ക് ആശങ്കപ്പെടാനൊന്നുമില്ല. പതിവ് ഫോർമാറ്റിലോ താരങ്ങളിലോ മാറ്റം വരുത്തില്ലെന്ന് പരിശീലകൻ ലയണൽ സ്‌കലോണിയും വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ 'വിജയസഖ്യം' തന്നെയായിരിക്കും ഇന്ന് ലുസൈൽ രാജ്യാന്തര സ്‌റ്റേഡിയത്തിൽ ഇറങ്ങുക.

പരിക്കേറ്റെന്ന വാർത്ത തെറ്റാണെന്നും താൻ പൂർണ ആരോഗ്യവാനാണെന്നുമാണ് മെസ്സി ഇന്നലെ വ്യക്തമാക്കിയത് ഖത്തറിലെ പ്രധാന മീഡിയ സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മെസ്സിയുടെ വിശദീകരണം. ഖത്തർ ലോകകപ്പ് തന്റെ അവസാന ലോകകപ്പ് ആയേക്കാമെന്നും താരം സൂചന നൽകി. അതിനാൽ സ്വപ്നസാക്ഷാത്കാരത്തിനായി പരമാവധി ശ്രമിക്കും. ടീമിലെ ഒത്തിണക്കമാണ് പ്രധാന കരുത്തെന്നും മെസ്സി വ്യക്തമാക്കി.

വമ്പൻ താരനിര തന്നെയാണ് അർജന്റീനൻ സംഘത്തിന്റെ കരുത്ത്. മുൻനിര മുതൽ പ്രതിരോധവും ഗോൾവലയും വരെ എല്ലാവരും നിലവിൽ ലോകഫുട്‌ബോളിലെ കരുത്തർ. അതുകൊണ്ടുതന്നെ ഈ ലോകകിരീടത്തിനു സാധ്യത കൽപിക്കപ്പെടുന്ന പരിക്കേറ്റ് പുറത്തായ ലോ സെൽസോക്ക് പകരം പപ്പു ഗോമസ്, മാക് അലിസ്റ്റർ എന്നിവരിൽ ഒരാൾ കളിക്കും.

അർജന്റീനയുടെ സാധ്യതാ ഇലവൻ: എമിലിയാനോ മാർട്ടിനെസ്, നാഹുവേൽ മൊളീന, ക്രിസ്റ്റിയൻ റൊമേരോ. നിക്കോളാസ് ഒട്ടമെൻഡി, മാർക്കോസ് അക്യൂന, ലിയാൻഡോ പരെദെസ്, റോഡ്രിഗോ ഡീപോൾ, ജുലിയൻ അൽവാരസ്, ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ്.

മറുവശത്ത് സൗദിയിലെ ഒറ്റ താരവും നിലവിൽ മുൻനിര യൂറോപ്യൻ ടീമുകളിൽ കളിച്ചു പരിചയമില്ലാത്തവരാണ്. എന്നാൽ, എല്ലാവരും സൗദി പ്രോ ലീഗിലടക്കം കഴിവ് തെളിയിച്ചവർ തന്നെയാണ്. മധ്യനിരക്കാരൻ സാലിം അൽദൗസരി തന്നെയാകും സൗദി ആക്രമണത്തെ നയിക്കുക. സൗദിയുടെ എല്ലാ പ്രതീക്ഷയും താരത്തിന്റെ ചുമലിലാകും.

സൗദി അറേബ്യ സാധ്യതാ ഇലവൻ: മുഹമ്മദ് അൽഉവൈസ്, സൗദ് അബ്ദുൽഹമീദ്, അബ്ദുല്ല അൽഅംരി, അലി അൽബുലൈഹി, യാസിർ അശ്ശഹ്‌റാനി, ഫെറാസ് അൽബിറാകൻ, മുഹമ്മദ് കന്നോ, അബ്ദുല്ല അൽമക്കി, സാലിം അൽദൗസരി, സൽമാൻ അൽഫറജ്, സാലിഹ് അൽഷെഹ്‌രി.

Similar Posts