Football
മൊറോക്കൻ വിജയ​ഗാഥ; കാന‍ഡയെ തറപറ്റിച്ച് പ്രീക്വാർട്ടറിൽ
Football

മൊറോക്കൻ വിജയ​ഗാഥ; കാന‍ഡയെ തറപറ്റിച്ച് പ്രീക്വാർട്ടറിൽ

Web Desk
|
1 Dec 2022 2:22 PM GMT

ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് കടന്നത്.

ദോഹ: ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ കാന‍ഡ‍യ്ക്കെതിരെ‌ മൊറോക്കോയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മൊറോക്കോ വെന്നിക്കൊടി പാറിച്ചത്. ഇതോടെ ​മൊറോക്കോ പ്രീക്വാർട്ടറിലേക്ക് കടന്നു. ഹക്കീം സിയെച്ചും യൂസുഫ് നെസിരിയുമാണ് മൊറോക്കാക്കായി വലകുലുക്കിയത്. മൊറോക്കൻ താരം നയീഫിൻറെ സെൽഫ് ഗോളിലൂടെയാണ് കാനഡ സ്കോർ ചെയ്തത്.

​ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോ പ്രീക്വാർട്ടറിലേക്ക് കടന്നത്. കഴിഞ്ഞ കളിയിൽ ബെൽജിയത്തെ 2-0ന് തോൽപ്പിച്ച മൊറോക്കോ നിർണായകമായ മൂന്നാം മത്സരത്തിലും ജയം ആവർത്തിക്കുകയായിരുന്നു. ​ഗ്രൂപ്പിലെ ആദ്യ കളിയിൽ ക്രൊയേഷ്യയുമായി സമനില വഴങ്ങിയിരുന്നെങ്കിലും പിന്നീടുള്ള രണ്ട് കളികളിലും മൊറോക്കൻ ആധിപത്യമാണ് കാണാനായത്.

കളിയാരംഭിച്ച് നാലാം മിനിറ്റിലാണ് ഹക്കീം സിയെച്ച് മൊറോക്കോക്കായി ആദ്യം വലംകുലുക്കിയത്. കാനഡ പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് സിയെച്ച് ഗോള്‍ നേടിയത്. കാനഡ ഗോള്‍കീപ്പര്‍ ബോര്‍ഹാനെ ലക്ഷ്യമാക്കിയുള്ള സ്വന്തം ടീം അംഗത്തിന്റെ ബാക്ക് പാസ് പിഴയ്ക്കുകയായിരുന്നു. ഈ പന്ത് പിടിച്ചെടുക്കാന്‍ കാനഡ താരം എത്തിയതോടെ ഓടിയെത്തിയ ഗോള്‍ കീപ്പര്‍ക്ക് പന്ത് ക്ലിയര്‍ ചെയ്യാനായില്ല. ബോക്സിന് പുറത്ത് നിന്ന് പന്ത് ലഭിച്ച സിയെച്ച് പന്ത് ബോര്‍ഹാന്റെ തലയ്ക്ക് മുകളിലൂടെ വലയിലെത്തിച്ചു.

23 ാം മിനിറ്റിലായിരുന്നു നെസ്‍രിയുടെ ഗോള്‍. ആ ഗോളിനും സിയെച്ച് ടച്ചുണ്ടായിരുന്നു. സിയെച്ചിന്‍റെ കയ്യില്‍ നിന്ന് പാസ് സ്വീകരിച്ച് കനേഡിയന്‍ പ്രതിരോധ നിരക്കാരെ കാഴ്ച്ചക്കാരാക്കി നിര്‍ത്തി നെസ്‍രി വലകുലുക്കി. 40 ാം മിനിറ്റിലായിരുന്നു നയീഫിന്‍റെ സെല്‍ഫ് ഗോള്‍.

ആദ്യ പകുതിയില്‍ കൂടുതല്‍ നേരം പന്ത് കൈവശം വച്ചത് കാനഡയായിരുന്നെങ്കിലും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞത് മൊറോക്കോയായിരുന്നു. കാനഡ ഗോള്‍ മുഖം ലക്ഷ്യമാക്കി ആറ് ഷോട്ടുകളാണ് മൊറോക്കോ താരങ്ങള്‍ ഉതിര്‍ത്തത്. അൽതുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4-3-3 ശൈലിയിലാണ് മൊറോക്കോ ടീമിനെ അണിനിരത്തിയത്. 3-4-3 ശൈലിയിലാണ് കാനഡ ടീം ഇറങ്ങിയത്.

ടീം അന്തിമ ലൈനപ്പ്

മൊറോക്കോ : യാസീൻ ബൗനോ, അഷ്‌റഫ് ഹകീമി, നൗസൈർ മസ്‌റൂഇ, സുഫ്‌യാൻ അമ്രബാത്, സാബിരി, നായിഫ് അഗ്വേഡ്, റൊമൈൻ സായ്‌സ്, ഹകീം സിയെച്ച്, അസ്സെദ്ദീൻ ഒനാഹി, സൗഫിയാൻ ബൗഫൽ, യൂസുഫ് അൽനെസൈരി.

കാനഡ:ബോർജാൻ, ജോൺസ്റ്റൺ,വിറ്റോറിയ, മില്ലർ, അഡകുഗ്‌ബെ,ഒസോരിയോ,കായെ,ഡേവിഡ്, ബുച്ചാനൻ, ലാരിൻ,ഹോയ്‌ലെറ്റ്‌

മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പ് എഫിലെ സമവാക്യങ്ങൾ മുഴുവന്‍ മാറ്റി മറിച്ചത്. ബെൽജിയത്തെ അട്ടിമറിച്ച മൊറോക്കൊ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണിപ്പോള്‍. നാല് പോയിന്‍റുള്ള ക്രൊയേഷ്യയാണ് ഒന്നാം സ്ഥാനത്ത്. ഇതോടെ ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം- രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടാകാന്‍ സാധ്യത നന്നേ കുറവാണ് . കാനഡ നേരത്തേ തന്നെ പുറത്തായിരുന്നു.

Similar Posts