Football
ജർമനിയെ മലർത്തിയടിച്ച കരുത്തിൽ ജപ്പാൻ കോസ്റ്ററീകക്കെതിരെ
Football

ജർമനിയെ മലർത്തിയടിച്ച കരുത്തിൽ ജപ്പാൻ കോസ്റ്ററീകക്കെതിരെ

Web Desk
|
27 Nov 2022 1:21 AM GMT

ഇന്ന് ജയിക്കാനായാൽ ജപ്പാന് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. ഇന്ന് തോറ്റാൽ കോസ്റ്ററിക പ്രീ ക്വാർട്ടർ കാണാതെ പുറത്താവും. അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടത്തിനാണ് അവർ ഇന്നിറങ്ങുന്നത്.

ദോഹ: കിരീട മോഹവുമായെത്തിയ ജർമനിക്ക് ആദ്യ മത്സരത്തിൽ തന്നെ അപ്രതീക്ഷിത തോൽവി സമ്മാനിച്ചതിന്റെ കരുത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാൻ രണ്ടാം മത്സരത്തിനിറങ്ങുന്നു. പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ ജർമൻ വലയിൽ പകരക്കാരായ റിസു ദോവാനും തകുമ അസാനോയും നിറയൊഴിക്കുകയായിരുന്നു. സമനില പോലും വലിയ നേട്ടമായി കണ്ട മത്സരത്തിൽ യൂറോപ്യൻ വമ്പൻമാരെ അട്ടിമറിക്കാനായത് ജപ്പാന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

ഈ ലോകകപ്പിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് കോസ്റ്ററീക രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ സ്‌പെയിൻ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കോസ്റ്ററികയെ തകർത്തത്. ലോകകപ്പിന്റെ ചരിത്രത്തിൽ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്. ഇന്ന് ജപ്പാനോടും തോറ്റാൽ കോസ്റ്ററിക പ്രീ ക്വാർട്ടർ കാണാതെ പുറത്താവും. അതുകൊണ്ട് തന്നെ ജീവൻമരണ പോരാട്ടത്തിനാണ് അവർ ഇന്നിറങ്ങുന്നത്.

പോരുതാനുറച്ചാണ് തങ്ങൾ രണ്ടാം മത്സരത്തിനിറങ്ങുന്നതെന്ന് കോസ്റ്ററിക കോച്ച് ലൂയിസ് ഫെർണാണ്ടോ സുവാരസ് പറഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ആകെ എട്ട് ഗോളുകൾ മാത്രം വഴങ്ങിയ പ്രതിരോധനിരയുടെ കരുത്തിലാണ് കോസ്റ്ററിക ദോഹയിലെത്തിയത്. സ്‌പെയിനിനെതിരായ മത്സരത്തിൽ സംഭവിച്ച പിഴവുകൾ ജപ്പാനെതിരെ ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനെതിരായ മത്സരത്തിൽ ടീമിന്റെ പുനർജന്മമുണ്ടാവുമോ എന്ന ചോദ്യത്തിന് തങ്ങൾ മരിച്ചിട്ടില്ലെന്നായിരുന്നു സുവാരസിന്റെ മറുപടി. ''10 വർഷങ്ങൾക്ക് മുമ്പ് കാനഡ ഹോണ്ടുറാസിനോട് 8-1 പരാജയപ്പെട്ടു. ഇപ്പോൾ കാനഡ കോൺകാഫിലെ ഏറ്റവും മികച്ച ടീമാണ്. എല്ലാവരും അവരുടെ തെറ്റുകളിൽനിന്ന് പഠിക്കുന്നു, പക്ഷെ തിരിച്ചുവരാൻ നിങ്ങൾ ശക്തരായിരിക്കണം. ഞാൻ വിമർശിക്കപ്പെട്ടാലും തോറ്റാലും ഞാൻ തിരിച്ചുവരും. നിങ്ങൾ യുദ്ധം തുടരുന്നില്ലെങ്കിൽ നിങ്ങൾ പരാജയപ്പെടും''- സുവാരസ് പറഞ്ഞു.

ഇന്ന് ജയിക്കാനായാൽ ജപ്പാന് പ്രീ ക്വാർട്ടർ ഉറപ്പിക്കാം. അടുത്ത മത്സരം കരുത്തരായ സ്‌പെയിനുമായാണ്. ഉജ്ജ്വല ഫോമിൽ കളിക്കുന്ന സ്പാനിഷ് പടക്കെതിരായ പോരാട്ടം കടുത്തതാവും. ജർമനിക്കെതിരായ പ്രകടനം അന്ന് ആവർത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് തന്നെ കോസ്റ്ററികക്കെതിരായ ഇന്നത്തെ പോരാട്ടത്തിൽ ഏത് വിധേനയും ജയിച്ചുകയറി പ്രീ ക്വാർട്ടർ സ്വപ്‌നം സാക്ഷാത്കരിക്കാനാവും ജപ്പാന്റെ ശ്രമം.

തുടർച്ചയായ ഏഴാം തവണയും ലോകകപ്പിനെത്തുന്ന ജപ്പാന് ഒരിക്കൽ പോലും അവസാന എട്ടിൽ കടക്കാനായിട്ടില്ല. മൂന്നു പ്രാവശ്യം പ്രീ ക്വാർട്ടറിലെത്തി. ഇത്തവണ തങ്ങൾ ക്വാർട്ടറിലെത്തുമാണ് ജപ്പാൻ പരിശീലകൻ ഹാജിമേ മോറിയാസു ഉറപ്പിച്ച് പറയുന്നത്.

Similar Posts