ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ത്രോ; ഇംഗ്ലണ്ട് കരുതിയിരിക്കുക ഈ ഇറാനിയൻ ഗോൾകീപ്പറെ
|2018 ലോകകപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടഞ്ഞിട്ട് ഇറാന്‍റെ ഹീറോയായി മാറിയ അലിറെസയുടെ മുഖം അങ്ങനെ പെട്ടെന്നാരും മറക്കാനിടയില്ല
ദോഹ: ലോകകപ്പ് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഇന്ന് ഇംഗ്ലണ്ട് ഏഷ്യൻ ശക്തികളായ ഇറാനെ നേരിടുകയാണ്. താരതമ്യേന ദുര്‍ബലരായ ഇറാനെ തോൽപ്പിച്ച് ഖത്തറിൽ വരവറിയിക്കുകയായിരിക്കും ഇംഗ്ലണ്ടിന്‍റെ ലക്ഷ്യം. പ്രീമിയർ ലീഗിലെ വമ്പൻ പേരുകളുമായി എത്തുന്ന ഇംഗ്ലണ്ടിന് തന്നെയാണ് കളത്തിനകത്തും പുറത്തും മുൻതൂക്കം. എന്നാല്‍ ഇറാനെ പൂര്‍ണ്ണമായും എഴുതിത്തള്ളാനുമാവില്ല. കാരണം അവരുടെ ചില പ്രധാന താരങ്ങള്‍ തന്നെ.
ഇറാന്‍റെ കുന്തമുനകളില്‍ ഏറ്റവും പ്രധാനി ഗോള്‍മുഖത്ത് അവരുടെ കാവല്‍ മാലാഖ അലിറെസ ബെറാന്‍വന്ദ് ആണ്. 2018 ലോകകപ്പില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍ട്ടി തടഞ്ഞിട്ട് ഇറാന്‍റെ ഹീറോയായി മാറിയ അലിറെസയുടെ മുഖം അങ്ങനെ പെട്ടെന്നാരും മറക്കാനിടയില്ല. ഒപ്പം ചരിത്രത്തില്‍ വലിയൊരു റെക്കോര്‍ഡിന് ഉടമ കൂടെയാണ് അലിറെസ.
ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ത്രോക്കുള്ള ഗിന്നസ് റെക്കോര്‍ഡ് അലിറെസയുടെ പേരിലാണ്. 2016 ഒക്ടോബറില്‍ ദക്ഷിണ കൊറിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് ദക്ഷിണ കൊറിയന്‍ താരത്തിന്‍റെ കയ്യില്‍ നിന്ന് പന്ത് പിടിച്ചെടുത്ത് ഇറാനിയന്‍ മുന്നേറ്റ നിരക്കാരെ ലക്ഷ്യമാക്കി അലിറെസ പന്തെറിഞ്ഞത്. പന്ത് 61 മീറ്റര്‍ പിന്നിട്ട് സെന്‍റര്‍ സര്‍ക്കിളും കടന്ന് ഇറാന്‍ ഫോര്‍വേഡുകളില്‍ ഒരാളുടെ കാലില്‍. ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിച്ച താരം പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും ഗോള്‍വല കുലുക്കാനായില്ല. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നീളമേറിയ ത്രോയായി ആ ത്രോ പിന്നീട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.
കളിയുടെ ഗതിയെ തന്നെ നിര്‍ണ്ണയിക്കാന്‍ പോന്ന ത്രോകള്‍ അതിന് ശേഷവും ഒരുപാട് തവണ അലിറെസയുടെ കൈകളില്‍ നിന്ന് പിറവിയെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇംഗ്ലണ്ട് ഇറാന്‍ മുന്നേറ്റ നിരയെ ഭയന്നില്ലെങ്കിലും അലി റെസയെ ഭയന്നേ മതിയാവൂ.