ഗോളടിക്കാതെ ഒന്നും ചെയ്യാനാവില്ല; യോഗ്യതാ റൗണ്ടില്‍ മുന്നേറാനായില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് പരിശീലകന്‍
|അഫ്ഗാനിസ്താനെതിരെ നാളെ വിജയിക്കാനായാല്‍ മൂന്നാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കാനാകും
ഗുവഹാത്തി: ഇന്ത്യന്‍ ടീമിനെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് എത്തിക്കാനായില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്. നാളെ അഫ്ഗാനിസ്താനെ നേരിടാനിരിക്കെയാണ് കോച്ചിന്റെ പ്രതികരണം. നേരത്തെ ആദ്യ പാദത്തില്‍ ഇന്ത്യ അഫ്ഗാനോട് സമനില വഴങ്ങിയിരുന്നു.
മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ നിലപാട് വ്യക്തമാക്കിയത്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ നാല് പോയന്റുള്ള നീലപട ഗ്രൂപ്പില്‍ രണ്ടാമതാണ്. അഫ്ഗാനിസ്താനെതിരെ നാളെ വിജയിക്കാനായാല്‍ മൂന്നാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കാനാകും. മുന്നേറാനായാല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനും ഇന്ത്യക്കാകും.
2019 മുതല്‍ തലപ്പത്തുള്ള മുന്‍ ക്രൊയേഷ്യന്‍ താരത്തിന് കഴിഞ്ഞ വര്‍ഷം കരാര്‍ 2026 വരെ നീട്ടിനല്‍കിയിരുന്നു. അതേസമയം, സമീപകാലത്തെ ഗോള്‍ വരള്‍ച്ചയിലുള്ള നിരാശയും കോച്ച് മറച്ചുവെച്ചില്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഗോള്‍ നേടാനായില്ല. അഞ്ചുവര്‍ഷമായി ഇതേ പ്രശ്‌നം നേരിടുന്നു. ഐഎസ്എലില്‍ സ്‌ട്രൈക്കര്‍മാരായി വിദേശ താരങ്ങളെത്തുന്നതിനാല്‍ വിവിധ ക്ലബുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം ചുരുങ്ങുന്നു. ഇന്ത്യന്‍ സ്‌ട്രൈക്കര്‍മാരുടെ കുറവ് ദേശീയ ടീം പ്രകടനത്തേയും ബാധിക്കുന്നതായി സ്റ്റിമാക് പറഞ്ഞു.