ചുവപ്പുകാർഡ് കണ്ട് പെപെ, പോർച്ചുഗലിനെ തളച്ച് അയർലൻഡ്
|മറ്റുള്ള മത്സരങ്ങളിൽ ജർമനിയും ക്രൊയേഷ്യയും റഷ്യയും സ്‌പെയിനും ജയിച്ചു
ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗ്രൂപ്പ് എയിൽ പോർച്ചുഗൽ- അയർലൻഡ് മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. റൊണാൾഡോ ഉണ്ടായിട്ടും ഐറിഷ് പ്രതിരോധം ഭേദിക്കാൻ പോർച്ചുഗലിന് ആയില്ല. 82ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ടു പെപെ പുറത്ത് പോയതോടെ 10 പേരുമായാണ് പോർച്ചുഗൽ മത്സരം പൂർത്തിയാക്കിയത്.
മറ്റുള്ള മത്സരങ്ങളിൽ ജർമനിയും ക്രൊയേഷ്യയും റഷ്യയും സ്‌പെയിനും ജയിച്ചു. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ക്രൊയേഷ്യ മാൾട്ടയെ പരാജയപ്പെടുത്തിയത്.
ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഗ്രീസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സ്‌പെയിൻ തോൽപ്പിച്ചത്. തോൽവിയോടെ ഗ്രീസിന്റെ ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ അവസാനിച്ചു. അതേസമയം നേരത്തെ സ്വീഡൻ തോൽവി വഴങ്ങിയതിനാൽ സ്പെയിൻ ഈ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തി. ഇതോടെ ഇനി നടക്കാനിരിക്കുന്ന സ്പെയിൻ, സ്വീഡൻ പോരാട്ടത്തിൽ സമനില നേടിയാൽ സ്‌പെയിനിന് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാം.
ഗ്രൂപ്പ് ജെയിൽ നിന്നു നേരത്തെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ജർമ്മനി ലിക്റ്റൻസ്‌റ്റൈനെ എതിരില്ലാത്ത ഒമ്പത് ഗോളുകൾക്ക് ആണ് തകർത്തത്. ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ സൈപ്രസിന് എതിരെ വമ്പൻ ജയവുമായി റഷ്യ. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് റഷ്യയുചെ വിജയം.