മെസ്സിയെ വിടില്ല; വീണ്ടും കരാർ ഉറപ്പിച്ച് പിഎസ്ജി
|2021 ലാണ് മെസ്സി ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയത്
പാരിസ്: ലോകകപ്പ് നേടിയ അർജന്റീനൻ നായകൻ ലയണൽ മെസ്സി അടുത്ത സീസണിലും ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരുമെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് പിഎസ്ജി പ്രസിഡണ്ട് നാസർ അൽ ഖലീഫിയുമായി താരം ചർച്ച നടത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
2021 ലാണ് മെസ്സി ബാഴ്സലോണയിൽനിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയത്. രണ്ടു സീസണിലേക്കായിരുന്നു കരാർ. ആവശ്യമാണെങ്കിൽ ഒരു വർഷം ദീർഘിപ്പിക്കാമെും കരാറിലുണ്ടായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഫ്രാൻസിനെ തോൽപ്പിച്ച് മെസ്സിയും സംഘവും ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ക്ലബ്ബിലെ സഹതാരം കിലിയൻ എംബാപ്പെ ഉൾപ്പെട്ട ഫ്രഞ്ച് സംഘത്തെയാണ് അർജന്റീന കലാശക്കളിയില്‍ കീഴ്പ്പെടുത്തിയത്.
പിഎസ്ജിയില്‍നിന്ന് അമേരിക്കൻ ക്ലബ്ബായ ഇൻർ മിയാമി എഫ്സിയിലേക്ക് മെസ്സി കൂടുമാറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, മെസ്സിയുമായി വീണ്ടും കരാറൊപ്പിടാൻ താത്പര്യമുണ്ടെന്ന് നാസര്‍ ഖലീഫി ലോകകപ്പ് ഫൈനലിന് ശേഷം വ്യക്തമാക്കിയിരുന്നു. എംബാപ്പെയും മെസ്സിയും ക്ലബ്ബിൽ ഉണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'തീർച്ചയായും, ഒരാൾ ലോകകപ്പിലെ ടോപ് സ്കോററാണ്. മറ്റേയാൾ ടൂര്‍ണമെന്റിലെ മികച്ച താരവും. ലിയോയിൽ ഞങ്ങൾക്ക് വേറെ ചില പദ്ധതികളുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ലോകകപ്പ് ആരവങ്ങൾക്ക് ശേഷം എംബാപ്പെ പിഎസ്ജിയിൽ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ക്ലബ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വിജയാഘോഷങ്ങൾക്കായി അർജന്റീനയിലാണ് നിലവിൽ മെസ്സിയുള്ളത്. മെസ്സി അടക്കമുള്ള താരങ്ങൾക്ക് ജന്മനാട്ടിൽ വൻ സ്വീകരണമാണ് ലഭിച്ചിരുന്നത്.