ജയിച്ചിട്ടും കണ്ണീരോടെ മടക്കം... യുറുഗ്വായ് പുറത്ത്
|ആദ്യപകുതിയിൽ അരാസ്കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്
ദോഹ: ഗ്രൂപ്പ് എച്ചിലെ അവസാനമത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് യുറുഗ്വായ്. ആദ്യപകുതിയിൽ അരാസ്കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. എന്നാൽ,ജയിച്ചെങ്കിലും പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
കൊറിയ ജയിച്ചതോടെ യുറഗ്വായ്ക്കും കൊറിയക്കും നാല് പോയന്റ് വീതമായി. ഗോള്‍ വ്യത്യാസത്തിലും സമാസമം. എന്നാല്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ യുറഗ്വായെ മറികടന്ന് കൊറിയ പോര്‍ച്ചുഗലിനൊപ്പം പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.
മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ, 16-ാം മിനിറ്റിലെ ഒരു ഘാന മുന്നേറ്റം നിരവധി സംഭവങ്ങൾക്ക് വഴിവെച്ചു. 16-ാം മിനിറ്റിൽ ഘാനയാണ് മത്സരത്തിലെ ആദ്യ പ്രധാന മുന്നേറ്റം നടത്തിയത്. ജോർദാൻ ആയു പന്ത് കട്ട് ചെയ്ത് ബോക്സിനകത്തേക്ക് കയറി അടിച്ച ഷോട്ട് യുറഗ്വായ് ഗോളി സെർജിയോ റോഷെറ്റ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് കുഡുസ് മുഹമ്മദിന് ലഭിക്കും മുമ്പ് റോഷെറ്റ് വീണ്ടും യുറഗ്വായുടെ രക്ഷയ്ക്കെത്തി.
എന്നാൽ ഇതിനു പിന്നാലെ വാർ പരിശോധിച്ച റഫറി ഘാനയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ റോഷെറ്റ്, കുഡുസിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. പക്ഷേ കിക്കെടുത്ത ആൻഡ്രെ അയൂവിന്റെ ഷോട്ട് രക്ഷപ്പെടുത്തി റോഷെറ്റ് വീണ്ടും യുറഗ്വായുടെ ഹീറോയായി.
പിന്നാലെ 26-ാം മിനിറ്റിൽ യുറുഗ്വായുടെ ആദ്യ ഗോളെത്തി. പെല്ലിസ്ട്രി ബോക്സിലേക്ക് നൽകിയ ക്രോസിൽ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോൾകീപ്പർ അതി സിഗി തട്ടിയകറ്റി. എന്നാൽ കീപ്പറുടെ കൈയിൽ തട്ടി തെറിച്ച പന്ത് അരാസ്‌കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 32-ാം മിനിറ്റിൽ അരാസ്‌കേറ്റ യുറഗ്വായുടെ രണ്ടാം ഗോളും നേടി ലീഡ് ഉയർത്തി.
4-4-2 എന്ന ഫോർമേഷനിലാണ് യുറുഗ്വേ കളത്തിൽ ഇറങ്ങിയതെങ്കിൽ 4-2-3-1 ഫോർമേഷനിലാണ് ഘാന ഇറങ്ങിയത്.
ടീം ലെെനപ്പ് :
ഘാന
ലോറൻസ് സിഗി,സെയ്ദു, അമാർത്തെ, സലിസു,റഹ്മാൻ, തോമസ്, അബ്ദുൽ സമീദ്, കുദുസ്, അയ്യൂ, ജോർദാൻ അയ്യൂ, വില്യംസ്
യുറുഗ്വേ
റോച്ചറ്റ്, വരേല, ഗിമ്മൻസ്, കോറ്റസ്, ഔലിവേറ,പെല്ലിസ്ട്രി, വൽവർദേ, ബെൻടാക്കർ, അരാസ്ക്കട്ട, സുവാരസ്, നൂനസ്