ഏഴ് വർഷത്തിനിടെ മോശം റാങ്ക്; തലകുനിച്ച് ഇന്ത്യൻ ഫുട്‌ബോൾ, നേട്ടമുണ്ടാക്കി ഖത്തർ
|എ.എഫ്.സി ഏഷ്യൻകപ്പിലെ ദുരന്തപൂർണമായ പ്രകടനമാണ് ഇന്ത്യൻ ഫുട്‌ബോളിനെ താഴ്ചയിലേക്ക് എത്തിച്ചത്
ന്യൂഡൽഹി: ഏഴ് വർഷത്തിനിടെ ഏറ്റവും മോശം റാങ്കിലേക്ക് കൂപ്പുകുത്തി ഇന്ത്യൻ ഫുട്‌ബോൾ. പുതുക്കിയ റാങ്കിങ് പ്രകാരം 15 സ്ഥാനങ്ങൾ പിന്നോട്ട് ഇറങ്ങി ഇന്ത്യ 117ലാണ് എത്തിയത്. ഇക്കഴിഞ്ഞ എ.എഫ്.സി ഏഷ്യൻകപ്പിലെ ദുരന്തപൂർണമായ പ്രകടനമാണ് ഇന്ത്യൻ ഫുട്‌ബോളിനെ താഴ്ചയിലേക്ക് തള്ളിയിട്ടത്.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ തോറ്റു. ഒരൊറ്റ ഗോൾ പോലും ഇന്ത്യക്ക് തിരിച്ചടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് മുമ്പ് ഇന്ത്യയുടെ മോശം റാങ്ക്, 2017ലായിരുന്നു. അന്ന് ഇന്ത്യ 129ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഇന്ത്യ പടിപടിയായി കയറി 102ൽ എത്തിയത്. ഒരു ഘട്ടത്തില്‍ 99ലും എത്തിയിരുന്നു.
എന്നാൽ ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മോശം റാങ്ക്, 2015ലാണ്. 129ാം സ്ഥാനത്തായിരുന്നു ആ വർഷം ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഫിഫ റാങ്കിങ് നേട്ടം 94 ആണ്. 1964ൽ ആയിരുന്നു ഇന്ത്യ 94ൽ എത്തിയത്.
ഏഷ്യൻ കപ്പ് തുടങ്ങുന്നതിന് മുമ്പ് 2023 ഡിസംബർ ഒന്നിന് പുറത്തിറക്കിയ റാങ്കിങ്ങിലായിരുന്നു ഇന്ത്യ 102ൽ എത്തിയിരുന്നത്. 35.63 റേറ്റിങ് പോയിന്റുകളാണ് ഏഷ്യാകപ്പോടെ ഇന്ത്യക്ക് നഷ്ടമായത്. ഇതോടെ ഏഷ്യൻ ടീമുകളിൽ ഇന്ത്യയുടെ സ്ഥാനം 22 ആയി. എ.എഫ്.സി ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ, ഏറ്റവും അടിയിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ആസ്‌ട്രേലിയ, ഉസ്ബക്കിസ്താൻ, സിറിയ എന്നിവരോടെല്ലാം ഇന്ത്യ ദയനീയമായി തോറ്റു. ഈ മൂന്ന് മത്സരങ്ങളിൽ നിന്നായി ആറ് ഗോളുകളാണ് ഇന്ത്യ വഴങ്ങിയത്. ഒരെണ്ണം പോലും തിരിച്ചടിക്കാനായില്ല. ഇതെക്കെയാണ് ഇന്ത്യയുടെ റേറ്റിങിനെ കാര്യമായി ബാധിച്ചത്.
അതേസമയം ഏഷ്യൻകപ്പ് ജേതാക്കളായ ഖത്തർ റാങ്കിങിൽ വൻ നേട്ടമുണ്ടാക്കി. 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 37ാം റാങ്കിലാണിപ്പോൾ ഖത്തർ. റണ്ണേഴ്‌സ് അപ്പായ ജോർദാൻ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 70ാം സ്ഥാനത്ത് എത്തി. ഒരു സ്ഥാനം നഷ്ടമായെങ്കിലും(17ൽ നിന്നും 18ലേക്ക്) ഏഷ്യൻ റാങ്കിങിൽ ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. അതേസമയം ആദ്യത്തെ പത്ത് റാങ്കിങിൽ മാറ്റങ്ങളില്ല. അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, ബ്രസീൽ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവർ.