'നമുക്ക് മുന്നേറാം'; മൊറോക്കൻ നിരക്ക് പിന്തുണയുമായി ഓസിൽ അൽബയ്ത് സ്റ്റേഡിയത്തിൽ
|പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്ത്തിയിരുന്നു
ദോഹ: ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ മൊറോക്കോക്ക് പിന്തുണയുമായി മുൻ ജർമൻ താരം മൊസ്യൂട് ഓസിൽ. 'മഹത്തരമായ ഈ ലോകകപ്പ് സെമിഫൈനലിനായി കാത്തിരിക്കാനാവില്ല, മൊറോക്കോ നമുക്ക് മുന്നേറാം' ട്വിറ്ററിൽ ഓസിൽ കുറിച്ചു. അൽബയ്ത് സ്റ്റേഡിയത്തിൽ നിന്നുള്ള തന്റെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്.
നേരത്തെ പോർച്ചുഗല്ലിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ലോകകപ്പിന്റെ സെമിഫൈനലിലെത്തിയപ്പോഴും മൊറോക്കോയെ ഓസിൽ പുകഴ്ത്തിയിരുന്നു. 'അഭിമാനം, എന്തൊരു ടീം! ആഫ്രിക്കൻ ഭൂഖണ്ഡത്തിനും മുസ്ലിം ലോകത്തിനും എന്തൊരു നേട്ടമാണ്. ആധുനിക ഫുട്ബോളിൽ ഇത്തരമൊരു യക്ഷിക്കഥ ഇപ്പോഴും സാധ്യമാണ്, ഇത് നിരവധി ആളുകൾക്ക് വളരെയധികം ശക്തിയും പ്രതീക്ഷയും നൽകും' താരം കുറിച്ചു.
കാമറൂൺ താരം സാമുവൽ എറ്റുവും മൊറോക്കോയെ പുകഴ്ത്തി. സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ ടീമായ മൊറോക്കോക്ക് പിറകിൽ ഭൂഖണ്ഡത്തിലെ മുഴുവൻ പേരുമുണ്ടെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. ശതകോടീശ്വരൻ ഇലോൺ മസ്കടക്കം നിരവധി പേരും മൊറോക്കോയുടെ മുന്നേറ്റത്തെ വാഴ്ത്തി.
മറ്റൊരു ക്വാർട്ടറിൽ വിജയിച്ച ഫ്രാൻസിനെയും അവർക്കെതിരെ പൊരുതിത്തോറ്റ ഇംഗ്ലണ്ടിനെയും ഓസിൽ പുകഴ്ത്തി. 'ടീം ഇംഗ്ലണ്ടിനെ കുറിച്ച് നിങ്ങൾക്ക് നാണക്കേട് തോന്നേണ്ടതില്ല. നിലവിലെ ലോക ചാമ്പ്യനെതിരെ ശക്തമായ പ്രകടനമാണ് അവർ നടത്തിയത്. എംബാപ്പെ ആൻഡ് കമ്പനിക്കെതിരെ മികച്ച പ്രതിരോധം കാഴ്ചവെച്ചു. എന്നാൽ ഫ്രാൻസ് എല്ലായ്പ്പോഴും വളരെ ഫലപ്രദമാണ്. എന്റെ സഹോദരനിൽ നിന്നുള്ള (@BukayoSaka87 ബുകിയോ സാകയെ ടാഗ് ചെയ്ത്) മികച്ച ഗെയിം - ഭാവി നിങ്ങളുടേതാണ്' ഓസിൽ ട്വീറ്റ് ചെയ്തു.
1970ലാണ് ലോകകപ്പിൽ ആദ്യമായി ആഫ്രിക്കൻ ടീം പോയൻറ് നേടിയത്. 1986ൽ ആദ്യമായി നോക്കൗട്ട് റൗണ്ടിലെത്തി. ഇപ്പോൾ 2022ൽ ആഫ്രിക്കൻ അറബ് രാജ്യമായ മൊറോക്കോ സെമി ഫൈനലിലുമെത്തി.
അതേസമയം, ഇന്നത്തെ ഫ്രാൻസ് - മൊറോക്കോ സെമിഫൈനലിലെ ടീം ലൈനപ്പായി. അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെയിറക്കുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി. ഫ്രാൻസിന്റെ അഡ്രിയാൻ റാബിയോട്ട ഇന്നത്തെ ആദ്യ ഇലവനിലോ പകരക്കാരുടെ പട്ടികയിലോയില്ല. മൊറോക്കൻ പ്രതിരോധ താരം നായിഫ് അഗ്വേർഡ് ആദ്യ ഇലവനിൽ ഇടംപിടിച്ചു.
ഫ്രാൻസ് ലൈനപ്പ്
ലോറിസ്, കൗണ്ടെ, വരാണെ, കൊനാട്ട, ഹെർണാണ്ടസ്, ഗ്രീസ്മാൻ, ഷുവാമെനി, ഫൊഫാന, ഡംബലെ, എംബാപ്പെ, ജിറൗദ്. കോച്ച്: ദെഷാംപ്സ്.
മൊറോക്കോ ലൈനപ്പ്
ബോനോ, ഹകീമി, അഗ്വേർഡ്, സായ്സ്, മസ്റൂഇ, ഔനാഹി, അംറബാത്, അൽ യാമിഖ്, സിയെച്ച്, അന്നസൈരി, ബൗഫാൽ. കോച്ച്: വലീദ് റെഗ്രാഗി
മത്സരത്തിലെ വിജയികളെയാണ് ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനലിൽ അർജൻറീനക്ക് നേരിടേണ്ടി വരിക. ഇതുവരെ ഒരു മത്സരത്തിലും മൊറോക്കോയോട് ഫ്രാൻസ് തോറ്റിട്ടില്ല. അഞ്ചുവട്ടം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഫ്രാൻസ് മൂന്നുവട്ടം വിജയിച്ചു. രണ്ടുവട്ടം സമനിലയിലുമായി. ഏറ്റവും സമീപകാലത്ത് ഇരുടീമുകളും ഏറ്റുമുട്ടിയത് 2007 നവംബറിലാണ്. സെയ്ൻറ് ഡെനിസിൽ നടന്ന മത്സരം 2-2 സമനിലയിലാണ് അവസാനിച്ചത്. ലോകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ ഫൈനലിലുമെത്തി ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. എന്നാൽ നിലവിലെ ചാമ്പ്യൻ പട്ടം നിലനിർത്താനാണ് ഫ്രാൻസ് ഇറങ്ങുന്നത്.
ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെ എത്തുന്ന മൊറോക്കോയുടെ ശക്തികേന്ദ്രം അവരുടെ പ്രതിരോധക്കോട്ടയാണ്. പ്രതിരോധനിരയിലെ താരങ്ങളും ഗോൾവലയ്ക്ക് കീഴിൽ പാറപോലെ ഉറച്ചുനിൽക്കുന്ന യാസിൻ ബൂനോയുമാണ് അവരുടെ ആത്മവിശ്വാസം. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഒരു കിക്ക് മാത്രമാണ് ബൂനോ കാവൽ നിൽക്കുന്ന മൊറോക്കൻ വലയിൽ കയറിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ കാനഡയാണ് ഗോളടിച്ചത്. എന്നാൽ ആ മത്സരത്തിലും ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടീം വിജയിച്ചിരുന്നു. രണ്ടു വിജയവും ഒരു സമനിലയുമാണ് ഗ്രൂപ്പ് ഘട്ടത്തിൽ മൊറോക്കോ നേടിയത്.
31 കാരനായ ബൂനോ ലാലീഗയിൽ സെവിയ്യ ഗോൾകീപ്പറാണ്. ജിറോണ, സെവിയ്യക്കുമായി 100 മത്സരങ്ങളിലിറങ്ങിയിട്ടുണ്ട്. 2020ൽ യുവേഫ യൂറോപ്യൻ ലീഗ് ചാമ്പ്യന്മാരായ സെവിയ്യ ടീമിൽ അംഗമായിരുന്നു. 2013 മുതൽ മൊറോക്കൻ ടീം അംഗമാണ്. രണ്ടു ലോകകപ്പ് ടൂർണമെൻറുകളിലും ആഫ്രിക്ക കപ്പ് ഓഫ് നാഷൻസ് ടൂർണമെൻറിലും കളിച്ചിട്ടുണ്ട്. 2012 ഒളിമ്പിക്സിൽ അണ്ടർ 23 ടീമിലുമുണ്ടായിരുന്നു.
എന്നാൽ, ഫ്രാൻസിന്റെ മുന്നേറ്റനിരയാണ് അവരുടെ ശക്തി. കെയ്ലിയൻ എംബാപ്പെ, ജെറൂദ്, ഗ്രീസ്മൻ, ഡെംബലെ തുടങ്ങിയ ലോകോത്തര താരങ്ങളുള്ള ഫ്രഞ്ച് മുന്നേറ്റനിരയെ നേരിടാൻ മൊറോക്കൻ പ്രതിരോധകോട്ടയ്ക്ക് സാധിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ മികച്ച ടീമുകളെ തോൽപ്പിച്ച ആത്മവിശ്വാസം ഫ്രാൻസിനെ നേരിടാൻ ഒരുങ്ങുമ്പോൾ മൊറോക്കോയ്ക്ക് ഉണ്ടാകും.
പിഎസ്ജി താരങ്ങളായ എംബാപ്പെയിലും ഹക്കീമിയിലുമാണ് ആരാധകരുടെ നോട്ടം. രണ്ട് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കുന്നവരാണ് എംബാപ്പെയും ഹക്കീമിയും. എതിരാളികളുടെ ബോക്സിലേക്ക് അതിവേഗം പന്തുമായി കുതിച്ചുപായുന്ന അപകടകാരിയായ സ്ട്രൈക്കറാണ് എംബാപ്പെ. എന്നാൽ, ഗോൾവല ലക്ഷ്യമാക്കി വരുന്ന എതിരാളികളുടെ മുന്നേറ്റം ബോക്സിനപ്പുറത്ത് തകർത്തുകളയുന്ന പ്രതിരോധമതിലാണ് അഷ്റഫ് ഹക്കീമി. എന്നാൽ, ഒരു കാര്യത്തിൽ ഇരുവരും തമ്മിലൊരു സാദൃശ്യമുണ്ട്; വേഗത!നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും വേഗമേറിയ കളിക്കാരിലൊരാളാണ് എംബാപ്പെ. സ്വന്തം റെക്കോർഡിലെത്താനായില്ലെങ്കിലും ഖത്തർ ലോകകപ്പിലും എംബാപ്പെ വേഗം കൊണ്ട് കായികപ്രേമികളെ ഞെട്ടിച്ചു. മണിക്കൂറിൽ 35.3 കി.മീറ്റർ ആണ് താരം ഇത്തവണ കുറിച്ച ഏറ്റവും വലിയ വേഗം. എന്നാൽ, ഇത്തവണ മൊറോക്കോയുടെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ഹക്കീമിയും സുഹൃത്തിനെപ്പോലെ വേഗംകൊണ്ട് വിസ്മയിപ്പിച്ചു. മണിക്കൂറിൽ 35.3 കി.മീറ്റർ കുറിച്ച് വേഗത്തിൽ എംബാപ്പെയ്ക്കൊപ്പമെത്തി ഹകീമി.
Former German player Mossut Özil supports Morocco in the semi-final match against France in Qatar World Cup.