Sports
ഷൂട്ടൗട്ടിൽ എതിരാളിയെ തകർക്കാൻ കെൽപ്പുള്ള നാലുപേർ; ഗോൾഡൻ ഗ്ലൗ ആരിലേക്ക്
Sports

ഷൂട്ടൗട്ടിൽ എതിരാളിയെ തകർക്കാൻ കെൽപ്പുള്ള നാലുപേർ; ഗോൾഡൻ ഗ്ലൗ ആരിലേക്ക്

Web Desk
|
11 Dec 2022 7:53 PM GMT

കളി മുഴുവൻ സമയവും അധികസമയവും പിന്നീട് ഷൂട്ടൗട്ടിലേക്ക് നീങ്ങിയാലും വിജയം കൈപിടിയിലൊതുക്കാൻ അവരുണ്ട്

ഷൂട്ടൗട്ട് എന്നത് കളിക്കാരന്‍റെയും ഗോളിയുടെയും കളിജീവിതത്തിലെ നൂൽപ്പാലമാണ്. ഒരു നിമിഷം കൊണ്ട് ഹീറോയും വില്ലനുമാക്കപ്പെടുന്ന വിചിത്ര പ്രതിഭാസം. ലോകകപ്പ് അവസാന നാലിലേക്ക് എത്തുമ്പോൾ ടീമുകളുടെ ഗോൾ കീപ്പർമാർ ശ്രദ്ധാ കേന്ദ്രമാകുന്നു. ഷൂട്ടൗട്ടിൽ എതിരാളിയെ തകർക്കാൻ കെൽപ്പുള്ളവരാണ് നാലു പേരും. ഗോൾഡൻ ഗ്ലൗ ആരിലേക്കെന്നതാണ് ആകാംക്ഷ.

കാൽപന്തിന്റെ കനക കിരീടത്തിനായുള്ള പോരാട്ടം നാലിലേക്ക് ചുരുങ്ങിയിരിക്കുന്നു. അർജന്റീനയും ക്രൊയേഷ്യയും ഫ്രാൻസും മൊറോക്കോയും. ഗോൾ വലയ്ക്ക് കാവലായി നാല് ടീമുകൾക്കും വിശ്വസ്ത കരങ്ങളുണ്ട്. കളി മുഴുവൻ സമയവും അധികസമയവും പിന്നീട് ഷൂട്ടൗട്ടിലേക്ക് നീങ്ങിയാലും വിജയം കൈപിടിയിലൊതുക്കാൻ അവരുണ്ട്. എമിലിയാനോ മർട്ടിനസ്, യാസിൻ ബോനോ, യൂഗോ ലോറിസ്, ഡൊമനിക്ക് ലിവാകോവിച്ച്.

30 വയസുകാരനായ മർട്ടിനസാണ് അർജന്റീനയെ അവസാന നാലിലേക്ക് എത്തിച്ചത്. ക്രൊയേഷ്യയെ നേരിടുമ്പോഴും സ്ക്ലോണി വിശ്വാസമർപ്പിക്കുന്നതും മർട്ടിനസിൽ തന്നെ. ഖത്തറിൽ അഞ്ചു മത്സരങ്ങളിൽ 2 ക്ലീൻ ചീറ്റുകളുണ്ട് എമിക്ക്. എണ്ണം പറഞ്ഞ ഡസൻ സേവുകൾ. ഷൂട്ടൗട്ടിൽ എതിരാളിയെ പ്രകോപിപ്പിച്ച് ശ്രദ്ധതിരിക്കാനും അതിവേഗം കിക്കുകളെനിർണയിക്കാനുമുള്ള എമിലിയാനോയുടെ കരുത്താണ് മെസ്സിപ്പടയുടെ ആത്മവിശ്വാസം

31 വയസ്സുകാരനായ യാസിൻ ബോനോയാണ് മൊറോക്കയുടെ തുറപ്പ് ചീട്ട്. കളിച്ച 5 മത്സരങ്ങളിൽ നാലിലും ക്ലീൻ ചീറ്റ്. മൊറോക്കോയെ രക്ഷിച്ചെടുത്ത 8 സേവുകൾ. ഖത്തറിൽ വമ്പൻമാരെ വീഴുത്തി അറ്റ്ലസ് ലയൺസ് പുതുചരിത്രം കുറിച്ചപ്പോൾ ഗോൾ വലയ്ക്ക് കീഴിൽ ബോനോ കൈയൊപ്പ് ചാർത്തി. എതിരാളിയെ വാക്കു കൊണ്ടോ നോക്ക് കൊണ്ടോ പ്രകോപിപ്പിക്കില്ല.പകരം ചിരികൊണ്ട് ആത്മവിശ്വാസം കെടുത്തും. അളന്ന് മുറിച്ചുള്ള നീക്കങ്ങളിലൂടെ നിഷ്പ്രഭരാക്കും.സ്പെയിൻ ആ ചൂട് അറിഞ്ഞതാണ്. മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയാലും മൊറോക്കോയ്ക്ക് ആശങ്ക ഇല്ല.

ഷൂട്ടൗട്ടിൽ മുന്നിൽ ലിവാകോവിച്ചെങ്കിൽ എതിരാളികൾ സമർദ്ദത്തിലാകും. ലിവാകോവിച്ച് എന്ന 27 വയസ്സുകാരന്റെ പ്രകടനം സ്വപ്ന തുല്യമാണ്. രണ്ട് ഷൂട്ടൗട്ടുകളെ ക്രൊയേഷ്യ തരണം ചെയ്തത് ലിവാകോവിച്ചിന്റെ ബലത്തിലാണ്. 4 പെനാൽറ്റി ഷോട്ടുകളും 20 ഓളം ഓൺ ടാർഗറ്റ് ഷോട്ടുകളുമാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. ഗോൾ വലയ്ക്ക് മുന്നിൽ നിശ്ബദനായി നിൽക്കുന്ന ലിവാകോവിച്ച് തന്നെയായിരിക്കും ക്രൊയേഷ്യൻ കരുത്ത്.

അവസാന നാലിൽ ഗോൾവല കാക്കുന്നവരിൽ സീനിയറാണ് ഹ്യൂഗോ ലോറിസ്. 35 വയസ്സുകാരാനായ ഹ്യൂഗോയുടെ പരിചയ സമ്പത്തിലാണ് ഫ്രഞ്ച് പടയുടെ വിശ്വാസം. പ്രായം ഹ്യൂഗോ ലോറിസിനെ തളർത്തുന്നില്ല. ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ 12 ഷോട്ടുകളാണ് ഹ്യൂഗോ തട്ടിയകറ്റിയത്. ഖത്തറിൽ ഷൂട്ടൗട്ട് നേരിടേണ്ടി വന്നിട്ടില്ല ഹ്യൂഗോ ലോറിസിന്. ഇനി നേരിടേണ്ടി വന്നാലും ഹ്യൂഗോയുള്ളപ്പോൾ ഫ്രഞ്ച് ടീം എന്തിന് ആശങ്കപ്പെടണം.

എന്തും ഏതും നേരിടാൻ ഒരുങ്ങിയെത്തുന്ന ഈ നാലുപേർക്കിടയിൽ മറ്റൊരു മത്സരം കൂടി നടക്കുന്നുണ്ട്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിന് വേണ്ടി. ഇനിയുള്ള ഓരോ സേവും ഓരോ പിഴവും അക്കാര്യം കൂടി നിർണയിക്കും.

Similar Posts