16 കാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നാല് റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ
|വനിതാ താരത്തെ ചുംബിച്ച് വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ച് ദിവസങ്ങള്‍ക്കകമാണ് സ്പാനിഷ് ഫുട്ബോളിനെ പിടിച്ച് കുലുക്കി വീണ്ടും വിവാദമുയരുന്നത്
മാഡ്രിഡ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ നാല് യുവതാരങ്ങൾ അറസ്റ്റിൽ. ടീമിലെ റിസർവ് ടീം അംഗങ്ങളായ നാല് താരങ്ങളാണ് അറസ്റ്റിലായത്. ഇവരുടെ പേര് ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കാനറി ദ്വീപുകാരിയായ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 16 കാരിയായ പെൺകുട്ടിക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കുട്ടിയുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു എന്നാണ് പരാതിയിലുള്ളത്.
സെപ്റ്റംബർ ആറിനാണ് സ്പാനിഷ് പൊലീസ് കേസ് ഫയൽ ചെയ്യത്. അറസ്റ്റിലായവരിൽ മൂന്ന് പേർ റയൽ സി ടീം അംഗങ്ങളും ഒരാൾ ബി ടീം അംഗവുമാണ്. നാല് പേരെയും പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ ക്ലബ്ബ് ഇതുവരെ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
വനിതാ താരത്തെ ചുംബിച്ച് വിവാദത്തിൽപ്പെട്ട സ്പാനിഷ് ഫുട്ബോൾ പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവെച്ച് ദിവസങ്ങള്‍ക്കകമാണ് സ്പാനിഷ് ഫുട്ബോളിനെ പിടിച്ച് കുലുക്കി വീണ്ടും വിവാദമുയരുന്നത്. ചുംബന വിവാദത്തിന് പിന്നാലെ റുബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്തിരുന്നു.
വനിതാ ലോകകപ്പിന് പിന്നാലെ സ്പാനിഷ് താരം ജെന്നിഫർ ഹെർമോസയെ അനുവാദമില്ലാതെ ചുംബിച്ചതിനെ തുടർന്നാണ് ലൂയിസ് റുബിയാലെസ് വിവാദത്തിലായത്. തുടർന്ന് ഫിഫ അച്ചടക്ക സമിതി നടപടിയെടുക്കുകയും ദേശീയ അന്തർദേശീയ തലത്തിൽ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ആഗസ്റ്റ് 26 മുതൽ 90 ദിവസത്തേക്കായിരുന്നു സസ്പെൻഷന്.
സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്പെയ്നിലെ വനിതാ ഫുട്ബോൾ ലീഗായ ലിഗ എഫ് റൂബിയാലസിനെ പുറത്താക്കാൻ ആവശ്യപ്പെടുകയും മോശം പെരുമാറ്റത്തിനെതിരേ നാഷണൽ സ്പോർട്സ് കൗൺസിലിൽ പരാതി നൽകുകയും ചെയ്തിരുന്നു.