തുടര്‍ച്ചയായ മൂന്ന് എല്‍ ക്ലാസിക്കോ വിജയങ്ങള്‍; ഇതാ ചാവിയുടെ ബാഴ്സ
|ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും സീസണിൽ വലിയ തിരിച്ചടി നേരിട്ടെങ്കിലും ലാലീഗ വിട്ട് കൊടുക്കാൻ ഇക്കുറി ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയാണ് സാവി ഹെര്‍ണാണ്ടസും കൂട്ട
തുടര്‍ച്ചയായ മൂന്ന് എല്‍ ക്ലാസികോ വിജയങ്ങള്‍. ലാലീഗ പോയിന്‍റ് ടേബിളില്‍ 12 പോയിന്‍റിന്‍റെ വ്യക്തമായ മേധാവിത്വം. ഇക്കുറി ലാലീഗയില്‍ ബാഴ്സലോണ നടത്തുന്ന പടയോട്ടങ്ങള്‍ അവിശ്വസനീയമാണ്. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും സീസണിൽ വലിയ തിരിച്ചടി നേരിട്ടെങ്കിലും ലാലീഗ വിട്ട് കൊടുക്കാൻ ഇക്കുറി ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയാണ് സാവി ഹെര്‍ണാണ്ടസും കൂട്ടരും.
ബാഴ്സയുടെ തട്ടകമായ ക്യാംപ് നൌവില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ആദ്യം മുന്നിലെത്തിയ റയലിനെതിരെ രണ്ട് ഗോളടിച്ച് വിജയം പിടിച്ച് വാങ്ങുകയായിരുന്നു ബാഴ്സ. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലാണ് കറ്റാലന്മാര്‍ വിജയ തീരമണഞ്ഞത്.
ലീഗില്‍ 26 മത്സരങ്ങള്‍ കളിച്ച ബാഴ്സക്ക് 68 പോയിന്‍റാണുള്ളത്. അത്ര തന്നെ മത്സരങ്ങള്‍ കളിച്ച റയലിനാകട്ടെ 56 പോയിന്‍റും. ലാലീഗയില്‍ ബാഴ്സയുടെ അവിശ്വസനീയ കുതിപ്പിന് തടയിടാന്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം എന്ന കാര്യത്തില്‍ സംശയമില്ല.
''സാവിയെ പരിശീലകനായി നിയമിച്ചതാണ് ബാഴ്‌സ പ്രസിഡന്റ് ആയതിന് ശേഷം ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം'' ബാഴ്‌സലോണ ഇതിഹാസം സാവി ഹെർണാണ്ടസിനെ ടീമിന്‍റെ പുതിയ പരിശീലകനായി നിയമിച്ചതിന് പിറകേ ബാഴ്‌സ പ്രസിഡന്റ് ജോൺ ലാപോർട്ടയുടെ പ്രതികരണം ഇതായിരുന്നു. ലയണൽ മെസ്സിയുടെ പടിയിറക്കത്തിന് ശേഷം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെ സഞ്ചരിച്ചിരുന്ന ക്ലബ്ബിനെ അടിമുടി ഉടച്ചു വാർക്കേണ്ട ചുമതല ഏൽപ്പിച്ച് സാവിയെ ക്ലബ്ബ് തിരിച്ചു വിളിക്കുമ്പോൾ ആരാധകർക്ക് ഏറെ പ്രതീക്ഷയായിരുന്നു. എന്നാൽ ചുമതലയേറ്റ ആദ്യ സീസണിൽ ലീഗിൽ വലിയ ചലനങ്ങൾ ഒന്നും സൃഷ്ടിക്കാൻ സാവിക്കായില്ല.
പക്ഷെ ടീമിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ സാവി നടത്തിയ ഇടപെടലുകൾ പിന്നീട് വിജയം കണ്ട് തുടങ്ങി. ഒത്തിണക്കം നഷ്ടപ്പെട്ട ടീമിനെ സാവി ഉടച്ചു വാര്‍ത്തു. ഈ സീസണിൽ ലാലീഗയിൽ ബാഴ്‌സ നടത്തുന്ന അജയ്യമായ കുതിപ്പിന് തടയിടാൻ യൂറോപ്പ്യൻ ചാമ്പ്യന്മാരായ സാക്ഷാൽ റയൽ മാഡ്രിഡിന് പോലുമാവുന്നില്ല എന്നത് തന്നെ ആ കുതിപ്പിന്‍റെ ശക്തിയെത്രയാണെന്ന് തെളിയിക്കുന്നു.
സീസണിൽ ആകെ രണ്ടേ രണ്ട് മത്സരങ്ങളിലാണ് കറ്റാലന്മാർ തോറ്റത്. രണ്ട് മത്സരങ്ങൾ സമനിലയിൽ കലാശിച്ചപ്പോൾ 22 മത്സരങ്ങളിൽ വെന്നിക്കൊടി നാട്ടി. 2021 ൽ ബാഴ്‌സയുടെ പരീശീലകനായി ചുമതലയേറ്റ സാവിയുടെ ക്ലബ്ബുമായുള്ള കരാർ 2024 ൽ അവസാനിക്കാനിരിക്കുകയാണ്. എന്നാൽ ക്ലബ്ബ് സാവിയുമായുള്ള കരാർ നീട്ടാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. തുടർച്ചയായി കിരീടങ്ങളില്ലാത്ത സീസണുകളെന്ന ചീത്തപ്പേര് മാറ്റിയ സാവി വരും സീസണുകളില്‍ യൂറോപ്പ്യന്‍ ലീഗുകളിലും ടീമിന്‍റെ ഏറെക്കാലത്തെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.