Sports
French Footballer,30-Year Ban,Punching Referee,റഫറി,ഇടി
Sports

ഇടികൊണ്ട് റഫറി രണ്ട് ദിവസം ആശുപത്രിയില്‍; ഫ്രഞ്ച് ഫുട്ബോള്‍ താരത്തിന് 30 വര്‍ഷം വിലക്ക്

Web Desk
|
28 Jan 2023 7:56 AM GMT

കളിക്കിടെ റഫറി തങ്ങളുടെ ടീമിനെതിരായി പെനാല്‍റ്റി വിധിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്.

റഫറിയെ ഇടിച്ചിട്ട ഫ്രഞ്ച് ഫുട്ബോള്‍ താരത്തിന് 30 വര്‍ഷം വിലക്ക്. ഫ്രാന്‍സിലെ ഒരു അമേച്വര്‍ ഫുട്ബോള്‍ മത്സരത്തിനിടെയാണ് കളിയുടെ സ്പിരിറ്റിനെ തന്നെ ചോദ്യം ചെയ്യുന്ന സംഭവം അരങ്ങേറിയത്. റഫറിയെ ഇടിച്ചിട്ട 25 കാരനായ താരത്തിന്‍റെ പേര് അധികൃതര്‍ പുറത്തിവിട്ടിട്ടില്ല.

താരത്തിന്‍റെ ഇടികൊണ്ട് രണ്ട് ദിവസമാണ് റഫറി ആശുപത്രിയില്‍ കിടന്നത്. ഇതോടെ സംഭവം വലിയ വിവാദമായി. തുടര്‍ന്ന് ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ താരത്തിന് 30 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

കളിക്കിടെ റഫറി തങ്ങളുടെ ടീമിനെതിരായി പെനാല്‍റ്റി വിധിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് അക്രമാസക്തനായ താരം പെനാല്‍റ്റി വിധിച്ച റഫറിയെ കായികമായി നേരിടുകയായിരുന്നു. എന്നാല്‍ റഫറിയുടെ തീരുമാനം ശരിയാണെന്നും ഇത്തരം രീതികള്‍ ഫുട്‌ബോളില്‍ അനുവദിക്കില്ലെന്നും ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെനോയ്റ്റ് ലൈനെ സംഭവത്തില്‍ പ്രതികരിച്ചു.

എന്‍റെന്‍റെ സ്‌പോര്‍ട്ടീവ് ഗാറ്റിനൈസിനായി കളിക്കുന്ന താരത്തിനാണ് 30 വര്‍ഷത്തെ വിലക്ക് ലഭിച്ചിരിക്കുന്നത്. താരത്തിന്‍റെ വിലക്കിന് പുറമേ ടീമിനും ലോയ്‌റെറ്റ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ നിന്ന് ടീമിനെ അയോഗ്യരാക്കുകയും വരാനിരിക്കുന്ന രണ്ട് സീസണുകളില്‍ കളിക്കുന്നതിനും എന്‍റെന്‍റെ സ്‌പോര്‍ട്ടീവ് ഗാറ്റിനൈസിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Similar Posts