പതിനായിരങ്ങള്‍ സാക്ഷി: കരീം ബെൻസേമയെ അവതരിപ്പിച്ച് അൽ ഇത്തിഹാദ്
|മൂന്ന് വര്‍ഷത്തെ കരാറിലാണ് ബെൻസേമ ഒപ്പുവച്ചിരിക്കുന്നത്
ജിദ്ദ: ഫ്രഞ്ച് ഫുട്ബോൾ താരം കരീം ബെൻസേമ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ഔദ്യോഗികമായി ചേർന്നു. സൗദിയിലെ ജിദ്ദയിൽ നടന്ന പ്രസന്റേഷൻ ചടങ്ങിൽ അറുപതിനായിരത്തോളം കായികപ്രേമികൾക്കിടയിയിലായിരുന്നു ചടങ്ങ്. മൂന്ന് വര്‍ഷത്തെ കരാറിലാണ് ബെൻസേമ ഒപ്പുവച്ചിരിക്കുന്നത്.
സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. മുപ്പത്തിയഞ്ചുകാരനായ ബെൻസമേ റയൽ മാഡ്രിഡിലെ പതിനാല് വര്‍ഷം നീണ്ട ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറുന്നത്. 2009ൽ 35 മില്യൺ യൂറോക്കാണ് സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ബെൻസേമയെ സാന്റിയാഗോ ബെർണബ്യൂവിലെത്തിക്കുന്നത്.
ക്രിസ്റ്റ്യാനോയും കക്കയുമടക്കം റയലിന്റെ പുതിയ തലമുറയെ ഫ്ലോറണ്ടീനോ പെരസ് അവതരിപ്പിച്ച അതേ വർഷം വലിയ കൊട്ടിഘോഷങ്ങളും ആരവങ്ങളുമില്ലാതെയാണ് ബെൻസേമ റയൽമാഡ്രിഡിലെത്തിയത്. എന്നാൽ പെട്ടെന്ന് തന്നെ റയലിന്റെ മുന്നേറ്റ നിരയിലെ നിർണ്ണായക സാന്നിധ്യമായി താരം മാറി.
അഞ്ച് ചാമ്പ്യൻസ് ലീഗ് കീരീടങ്ങളും നാല് ലീഗ കിരീടങ്ങളുമടക്കം റയലിനൊപ്പം 24 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. ററയലിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ 2022ലെ ബാലണ്‍ ഡി ഓര്‍ ജേതാവുമാണ്. റയലിലെ മുന്‍ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗില്‍ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത് .