Sports
lionel messi
Sports

മെസ്സി മുതല്‍ യമാല്‍ വരെ; ലാമാസിയ ഒരു അത്ഭുതമാകുന്നു

Web Desk
|
16 July 2024 10:42 AM GMT

ഒരു പതിറ്റാണ്ടിനിപ്പുറം ഡെലഫുവന്‍റെയുടെ കളിക്കൂട്ടം മാഡ്രിഡ് നഗരത്തിലേക്ക് യൂറോ കിരീടമെത്തിക്കുമ്പോള്‍ ടീമില്‍ നിര്‍ണായക സാന്നിധ്യങ്ങളായി രണ്ട് ലാമാസിയ പ്രൊഡക്ടുകളുണ്ട്

തന്റെ കുഞ്ഞനുജനെ ഒരു കയ്യിലും യൂറോയിലെ യങ് പ്ലെയർ അവാർഡ് മറുകയ്യിലും പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്യുകയാണ് ലാമിന്‍ യമാൽ. ഫുട്‌ബോൾ ലോകത്ത് ഒന്നടങ്കം അയാളുടെ പേരിപ്പോൾ നിലക്കാതെ മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. കലാശപ്പോരിന് തൊട്ട് തലേന്ന് മധുരപ്പതിനേഴിലേക്ക് കാലെടുത്ത് വച്ചിട്ടേയുള്ളൂ. ശനിയാഴ്ച സഹതാരങ്ങൾക്കൊപ്പം ജന്മദിനാഘോഷത്തിനിടെ അയാളിങ്ങനെ പറഞ്ഞു... 'ഇംഗ്ലണ്ടിനായി ഞാൻ കാത്തിരിക്കുന്നു'

ഒടുവിൽ സ്പാനിഷ് ഫുട്‌ബോൾ ഒരു പതിറ്റാണ്ടിന് ശേഷം അതിന്റെ പ്രതാപ കാലത്തിന്റെ വീണ്ടെടുപ്പിനെ ഒളിമ്പിയാ സ്റ്റേഡിയത്തിൽ ആഘോഷിക്കുമ്പോൾ ആ 17 കാരൻ ഗാലറിക്ക് മുന്നിൽ നിറപുഞ്ചിരിയോടെ തല ഉയർത്തി നിന്നു. സ്പാനിഷ് അർമാഡയുടെ കിരീട ധാരണം കഴിഞ്ഞ് മണിക്കൂറുകൾക്കിപ്പുറം അമേരിക്കയിലെ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിൽ മറ്റൊരു കിരീട ധാരണം കൂടി നടന്നു. ലൗത്താരോ മാർട്ടിനസിന്റെ ഗോളിൽ അർജന്റീന കൊളംബിയയെ തകർത്ത് കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിടുന്നു. ഡഗ്ഗൗട്ടിൽ നിറകണ്ണുകളോടെ ഫുട്‌ബോളിന്റെ മിശിഹാ ഇരിപ്പുണ്ട്.

ലമീൻ യമാലിൽ നിന്ന് ലയണൽ മെസ്സിയിലേക്കൂള്ള ദൂരം എത്രയാണ്. പ്രായത്തിൽ അത് 20 വർഷത്തിന്റേതാണ്. കളിയിൽ ആ ദൂരം വളരെ ചെറുതാണ്. ലോകത്തിന്റെ രണ്ട് വൻകരകളിൽ രണ്ട് കിരീടധാരണങ്ങൾ നടക്കുമ്പോൾ സ്‌പെയിനിലെ ഒരു മഹാ നഗരത്തോടും അവിടെ പതിറ്റാണ്ടുകൾക്ക് മുമ്പ് പിറവി കൊണ്ടൊരു ഫുട്‌ബോൾ ഫാക്ടറിക്കും നന്ദി പറയുകയാണിപ്പോൾ ആരാധകർ. അതെ.. ലാമാസിയ..

നിങ്ങളുടെ കരിയറിൽ ഇതുവരെ കണ്ട ഏറ്റവും നാടകീയത നിറഞ്ഞ ട്രാൻസ്ഫർ ഏതായിരുന്നു..ചോദ്യം പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫ്രാബിസിയോ റൊമാനോയോടാണ്. അർത്ഥ ശങ്കക്കിടയില്ലാതെ അയാൾ പറഞ്ഞു അത് ബാഴ്‌സലോണയിൽ നിന്നുള്ള ലയണൽ മെസ്സിയുടെ കൂടുമാറ്റമാണ്.

മെസ്സി ക്യാംപ് നൗവിൽ തന്നെ തുടരുമെന്നാണ് ആ സമയമത്രയും ഞാൻ കരുതിയത്. അയാളുടെ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ലിയോ രാവിലെ തന്നെ ബാഴ്‌സലോണയിലെത്തി. അയാൾ ക്യാംപ് നൗവിൽ തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം രാത്രി എട്ട് മണിക്ക് ബാഴ്‌സലോണ ഷെഡ്യൂൾ ചെയ്തു. എന്നാൽ അന്ന് വേകുന്നേരത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ക്ലബ്ബ് പ്രസിഡന്റ് ലാപ്പോർട്ടയും ലിയോയും തമ്മിൽ നാല് മണിക്കൊരു അടിയന്തര കൂടിക്കാഴ്ച നടന്നു. ഫിനാൻഷ്യൽ ഫെയർ പ്ലേ കാരണം നമുക്കീ കരാർ നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും ക്ലബ്ബ് വിടലാണ് ഏകമാർഗമെന്നും ലപ്പോർട്ട ലിയായോ അറിയിച്ചു. എന്താണിവിടെ സംഭവിക്കുന്നത് എന്ന് എനിക്ക് പോലും മനസ്സിലാവുന്നുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് അത് ഒരു അവിശ്വസനീയ ദിനമായിരുന്നു... ഫ്രാബ്രിസിയോ പറഞ്ഞവസാനിപ്പിച്ചു.

2021 ഓഗസ്റ്റ് അഞ്ച്.ചരിത്രത്തിൽ അങ്ങനെയൊരു ദിവസം പുലർന്നില്ലായിരുന്നെങ്കിൽ എന്ന് ബാഴ്‌സ ആരാധകർ ഇപ്പോഴും മനസ്സിൽ പറയുന്നുണ്ടാവണം. ക്യാമ്പ് നൗവിന്റെ തിരുമുറ്റത്ത് കറ്റാലന്മാരുടെ ചുവപ്പും നീലയും കലർന്ന ജേഴ്‌സിയിൽ മെസ്സി ഇനി ഇല്ലെന്ന യാഥാർഥ്യത്തിലേക്ക് അവർ പതിയെ നടന്നടുക്കുകയായിരുന്നു.

‘‘ഞാൻ കാര്‍ള്സ് റെക്സാച്. എഫ്.സി ബാഴ്സലോണയുടെ ടെക്നിക്കൽ സെക്രട്ടറി എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ച് ഞാൻ പറയുന്നു, എന്തൊക്കെ എതിരഭിപ്രായങ്ങളുണ്ടെങ്കിലും ലയണൽ മെസ്സിയെന്ന താരവുമായി നിബന്ധനങ്ങൾപ്രകാരമുള്ള കരാർ ഞാൻ ഒപ്പുവെക്കുന്നു.’’- റക്സാച്ച് തന്‍റെ മുമ്പിലുണ്ടായിരുന്ന മേശയില്‍ നിന്ന് ചീന്തിയെടുത്ത ആ നാപ്കിന്‍ പേപ്പറില്‍ ഇങ്ങനെ എഴുതി ഒപ്പ് വച്ചു. ലോക ഫുട്ബോളില്‍ ഒരിതിസാഹത്തിന് ജന്മം നല്‍കിയത് ആ നാപ്കിന്‍ പേപ്പറാണ്. ലാമാസിയ ലോകഫുട്ബോളിനോട് ചെയ്ത ഏറ്റവും വലിയ സുകൃതം.

2004 ഒക്ടോബർ 16 ന് ബാഴ്‌സക്കായി അരങ്ങേറ്റം കുറിക്കുമ്പോൾ 17 വയസ്സും മൂന്ന് മാസവും 22ദിവസവുമായിരുന്നു ലിയോയുടെ പ്രായം. 2005 മെയ് ഒന്നിന് ആദ്യ ഗോൾ. അതും ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ അസിസ്റ്റിൽ. പിന്നെ നടന്നതൊക്കെ ചരിത്രം.

ലയണല്‍ മെസ്സി മുതല്‍ ലാമിന്‍ യമാല്‍ വരെ. ലാമാസിയ ലോകഫുട്ബോളിന് സംഭാവന ചെയ്ത ഇതിഹാസങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ലാമാസിയ എന്ന സ്പാനിഷ് പദത്തിന്‍റെ അര്‍ത്ഥം ഫാം ഹൌസെന്നാണ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബാഴ്സലോണയില്‍ പണികഴിച്ചിപ്പൊരു ഫാം ഹൌസ്. രണ്ട് നൂറ്റാണ്ടുകള്‍ക്കിപ്പുറം എഫ്.സി ബാഴ്സലോണയുടെ വിദേശ താരങ്ങളെ താമസിപ്പിക്കുന്ന കെട്ടിടവും പിന്നെ വിശ്വപ്രസിദ്ധമായൊരു ഫുട്ബോള്‍ ഫാക്ടറിയുമായി മാറുന്നു. ഐതിഹാസികമാണ് ലാമാസിയയുടെ കഥ.

1988 ൽ ഫുട്‌ബോൾ ചരിത്രം കണ്ട എക്കാലത്തേയും വലിയ ഇതിഹാസം യൊഹാൻ ക്രൈഫ് ബാഴ്‌സലോണയുടെ പരിശീലകവേഷത്തിലെത്തുന്നതോടെയാണ് ബാഴ്‌സലോണയുടെ ഫുട്ബോള്‍ സഞ്ചാരങ്ങള്‍ ദ്രുധ ഗതിയിലാവുന്നത്. അതൊരു സുവര്‍ണകാലത്തേക്കുള്ള വേഗപ്പാച്ചിലായിരുന്നു. ബാഴ്സലോണക്ക് ഒരു റെസിഡ്യന്‍ഷ്യല്‍ യൂത്ത് ഫുട്ബോള്‍ അക്കാദമി എന്ന ആശയം നടപ്പിലാക്കിയത് ക്രൈഫാണ്. ബാല്യത്തില്‍ ഫുട്ബോളിനോടുള്ള പ്രണയം ഹൃദയത്തില്‍ നാമ്പിട്ട് തുടങ്ങുന്ന സമയത്ത് തന്നെ കുട്ടികളെ അക്കാദമിയിലെത്തിക്കുക. പഠനവും കളിയുമൊക്കെ ഒരുമിച്ചവര്‍ക്ക് ഇവിടെ കൊണ്ട് പോവാം. ഭാവിയില്‍ ഇതിഹാസങ്ങളാവാം. വലിയ ക്ലബ്ബുകള്‍ വിദേശ താരങ്ങളെ കോടികളെറിഞ്ഞ് വലയിട്ട് പിടിക്കുന്ന കാലത്ത് ബാഴ്സലോണ തങ്ങളുടെ ഫാക്ടറിയില്‍ ഇതിഹാസങ്ങളെ ഉത്പാദിപ്പിച്ചു. യൊഹാന്‍ ക്രൈഫിന്‍റെ കാലത്ത് 30 ലേറെ അക്കാദമി താരങ്ങള്‍ ബാഴ്സലോണക്കായി അരങ്ങേറ്റം കുറിച്ചു.

ക്രൈഫ് കറ്റാലന്‍ മണ്ണില്‍ തുടങ്ങിവച്ച വിപ്ലവം അതിന്‍റെ പരിപൂര്‍ണതയിലെത്തിയത് പെപ് ഗാര്‍ഡിയോളയുടെ കാലത്താണ്. പെപ്പും ഒരു ലാമാസിയ പ്രൊഡക്ടായിരുന്നല്ലോ. കറ്റാലന്മാരുടെ ഫുട്ബോള്‍ സഞ്ചാരങ്ങള്‍ക്ക് ലാമാസിയ എത്ര മേല്‍ മുതല്‍ക്കൂട്ടാവുമെന്ന് അയാള്‍ക്ക് നന്നായറിയാമായിരുന്നു. പെപ് പരിശീലന ചുമതലയേറ്റെടുത്ത ശേഷം ബാഴ്സലോണ ഫുട്ബോള്‍ ചരിത്രത്തില്‍ നടത്തിയ പടയോട്ടങ്ങള്‍ അവിസ്മരണീയമാണ്. 2008 മുതല്‍ 2012 വരെ കറ്റാലന്മാര്‍ നടത്തിയ അതിശയക്കുതിപ്പുകള്‍ക്ക് ചരട് വലിച്ചിരുന്നത് പത്തോളം ലാമാസിയ പ്രൊഡക്ടുകളാണ്. നാളിതുവരെ റയല്‍ മാഡ്രിഡിന് പോലും സാധ്യതമാവാത്ത ട്രിപ്പിള്‍ കിരീട നേട്ടമടക്കം ബാഴ്സ സാധ്യമാക്കിയത് ഇക്കാലത്താണ്.

2012 നവംബർ 25. സ്‌പെയിനിലെ പ്രസിദ്ധമായ വലൻസിയ നഗരത്തിൽ ബാഴ്‌സലോണ ലെവാന്റെയെ നേരിടുകയാണ്. കളി തുടങ്ങി 14ാം മിനിറ്റിൽ ടീമിലെ വിങ്ങർമാരിൽ ഒരാളായ ഡാനി ആൽവസ് പരിക്കേറ്റ് പുറത്താവുന്നു. ഉടൻ ടിറ്റോ വിലനോവ മാർട്ടിൻ മൊണ്ടോയയെ കളത്തിലിറക്കി. അതൊരു ചരിത്ര നിമിഷമായിരുന്നു. ലയണല്‍ മെസ്സി മുതല്‍ വിക്റ്റര്‍ വാല്‍ഡസ് വരെ ഇപ്പോള്‍ മൈതാനത്ത് കളത്തിലുള്ള 11 പേരും ലാമാസിയ പ്രൊഡക്ടുകളാണ്. ആ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്സ വിജയിക്കുമ്പോള്‍ യൊഹാന്‍ ക്രൈഫിന്‍റെ സ്വപ്നങ്ങള്‍ കൂടിയാണ് വിജയിച്ചത്.

സ്പെയിന്‍ 2008 ലും 2012 ലും യൂറോ കപ്പ് നേടുമ്പോഴും 2010 ല്‍ വിശ്വകിരീടത്തില്‍ മുത്തമിടുമ്പോഴും ലാമാസിയയില്‍ കളിപഠിച്ച ഇതിഹാസങ്ങള്‍ പലരും ആ ഐതിഹാസിക പടയോട്ടങ്ങളില്‍ ടീമിന്‍റെ കുന്തമുനകളായി. ഒരു പതിറ്റാണ്ടിനിപ്പുറം ഡെലഫുവന്‍റെയുടെ കളിക്കൂട്ടം മാഡ്രിഡ് നഗരത്തിലേക്ക് ഒരിക്കല്‍ കൂടി കിരീടമെത്തിക്കുമ്പോള്‍ ആ ടീമിലും നിര്‍ണായക സാന്നിധ്യങ്ങളായ രണ്ട് ലാമാസിയ പ്രൊഡക്ടുകളുണ്ട്. യമാലും ഒല്‍മോയും. പരിക്കേറ്റ് പുറത്തായ പെഡ്രിക്ക് പകരം ടീമിലെ സ്ഥിര സാന്നിധ്യമായ ഒല്‍മോ മൂന്ന് ഗോളും രണ്ട് അസിസ്റ്റുമായി ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായി മാറിയതും കലാശപ്പോരില്‍ ഒരു ഗോള്‍ ലൈന്‍ സേവിലൂടെ ടീമിന്‍റെ രക്ഷകനായി അവതരിച്ചതുമൊക്കെ ചരിത്രം.

സാവി ഹെർണാണ്ടസ്, ആന്ദേസ് ഇനിയെസ്റ്റ, ലയണല്‍ മെസ്സി, കാർലോസ് പുയോൾ, വിക്ടർ വാൽഡസ്, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജെറാർഡ് പിക്വെ, പെപ് ഗ്വാർഡിയോള, പെപ്പെ റെയ്‌ന, പെഡ്രോ, തിയാഗോ അൽക്കാന്ദ്ര, ബൊഹാൻ കിർക്കിച്ച്, സെർജി റോബർട്ടോ, പാബ്ലോ ഗവി, ലാമിൻ യമാൽ, ഡാനി ഒല്‍മോ, സാവി സിമണ്‍സ്... അങ്ങനെയങ്ങനെ ലാമാസിയ ലോക ഫുട്ബോളിന് സമ്മാനിച്ച ഇതിഹാസങ്ങളുടെ നിരയിങ്ങനെ നീണ്ട് നീണ്ട് പോവുകയാണ്.

Similar Posts