ഗംഭീറിന് കൈകൊടുത്ത് അഫ്രീദി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ
|ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായാണ് ഇരുതാരങ്ങളും മൈതാനത്ത് നേർക്കു നേർ വരുന്നത്
ദോഹ: ക്രിക്കറ്റ് ലോകത്തെ വലിയൊരു വൈര്യത്തിന്റെ കഥയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനും മുൻ പാക് താരം ഷാഹിദ് അഫ്രീദിക്കും ഇടയിലുള്ളത്. 2007 ൽ നടന്ന ഇന്ത്യ പാക് പരമ്പരയിലെ ഒരു മത്സരത്തിനിടെയാണ് ഇരുവരും ആദ്യമായി കൊമ്പു കോർത്തത്. റണ്ണിനായി ഓടുന്നതിനിടെ അഫ്രീദിയുമായി കൂട്ടിയിടിച്ച ഗംഭീർ പിന്നീട് തിരിച്ചെത്തി അഫ്രീദിയോട് കയർത്തു. ക്രിക്കറ്റ് ലോകത്ത് ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായി ഇരുതാരങ്ങളും കഴിഞ്ഞ ദിവസം വീണ്ടും മൈതാനത്ത് നേര്‍ക്കു നേര്‍ വന്നു. ലെജന്റ്‌സ് ക്രിക്കറ്റ് ലീഗിലാണ് ഇരുവരും വീണ്ടും കളത്തിലിറങ്ങിയത്. ഏഷ്യാ ലയൺസും ഇന്ത്യാ മഹാരാജാസും തമ്മിൽ നടന്ന മത്സരമാണ് താരസംഗമത്തിന് വേദിയായത്. ഏഷ്യാ ലയൺസിന്റെ നായകനായ അഫ്രീദിയും ഇന്ത്യാ മഹാരാജാസിന്റെ നായകനായ ഗംഭീറും ടോസ് ഇടാനെത്തിയപ്പോൾ ഹർഷാരവങ്ങളോടെയാണ് ആരാധകർ വരവേറ്റത്. ടോസിന് മുമ്പ് ഇരുവരും കൈകൊടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ മണിക്കൂറുകൾ കൊണ്ട് തന്നെ വൈറലായി. മത്സരത്തിൽ ഗംഭീർ അർധ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യാ മഹാരാജാസ് പരാജയപ്പെട്ടു.
കളിയില്‍ അബ്ദു റസാഖിന്റെ ഓവറിൽ ഒരു പന്ത് ഗംഭീറിന്റെ ഹെൽമറ്റിൽ കൊണ്ടപ്പോൾ ഗംഭീറിനടുത്തെത്തി പരിക്കൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുന്ന അഫ്രീദിയുടെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോൾ.