കോഹ്‍ലി - നവീന്‍ മഞ്ഞുരുക്കം; ആദ്യമായി പ്രതികരിച്ച് ഗംഭീര്‍
|കഴിഞ്ഞ ദിവസം മൈതാനത്ത് ഒരു പോര് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കോഹ്‍ലിയും നവീനും ചേര്‍ന്നൊരുക്കിയത് മനോഹരമായൊരു സൗഹൃദക്കാഴ്ചയാണ്
ന്യൂഡല്‍ഹി: ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ അഫ്ഗാനിസ്താന്‍ മത്സരത്തിനിടെ കണ്ട ഏറ്റവും മനോഹര കാഴ്ചകളിലൊന്നായിരുന്നു വിരാട് കോഹ്‍ലി നവീനുല്‍ ഹഖ് സൗഹൃദം. ഐ.പി.എല്ലില്‍ ലഖ്നൗ ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മൈതാനത്ത് കൊമ്പ് കോര്‍ത്ത ഇരുവരും പിന്നീട് സോഷ്യല്‍ മീഡിയയിലും ഇത് തുടര്‍ന്നു. ഐ.പി.എല്ലിന് ശേഷം ഇതാദ്യമായാണ് കോഹ്‍ലിയും നവീനും നേര്‍ക്കു നേര്‍ ഒരു പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. അതിനാല്‍ തന്നെ ആരാധകരും ഏറെ ജിജ്ഞാസയിലായിരുന്നു. കോഹ്ലി നവീന്‍ പോര് ലോകകപ്പിലും ആവര്‍ത്തിക്കുമോ എന്നതായിരുന്നു ഏവരും ഉറ്റു നോക്കിയത്.
എന്നാല്‍ പോര് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കോഹ്‍ലിയും നവീനും ചേര്‍ന്നൊരുക്കിയത് മനോഹരമായൊരു സൗഹൃദക്കാഴ്ച. ഇന്ത്യന്‍ ഇന്നിങ്സിന്‍റെ ഇടവേളകളില്‍ ഒന്നില്‍ മൈതാനത്ത് വച്ച് ഇരുതാരങ്ങളും ഹസ്തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതുമാണ് ആരാധകര്‍ കണ്ടത്. പെട്ടെന്ന് തന്നെ ക്യാമറക്കണ്ണുകള്‍ ഇത് ഒപ്പിയെടുക്കുകയും ചെയ്തു. ലഖ്നൗ - ബാംഗ്ലൂര്‍ പോരാട്ടത്തിനിടെ മുന്‍ ഇന്ത്യന്‍ താരവും ലഖ്നൗ മെന്‍ററുമായിരുന്ന ഗൗതം ഗംഭീറുമായും കോഹ്‍ലി മൈതാനത്ത് ഏറ്റുമുട്ടിയിരുന്നു. പിന്നീട് നവീനുല്‍ ഹഖിന് പിന്തുണയുമായി ഗംഭീര്‍ പലവുരു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴിതാ കോഹ്‍ലി- നവീന്‍ പോരവസാനിച്ചതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഗംഭീര്‍. മത്സരത്തിനിടക്ക് കോഹ്ലിയും നവീനും സൗഹൃദം പങ്കിടുന്നത് കണ്ടപ്പോൾ തന്നെ അവർക്കിടയിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് മനസ്സിലായെന്ന് ഗംഭീര്‍ പറഞ്ഞു.
''മൈതാനത്തിനകത്ത് നിങ്ങൾക്ക് ഏറ്റുമുട്ടാം. എന്നാൽ മൈതാനത്തിന് പുറത്ത് വൈര്യം വച്ച് പുലർത്തരുത്. ഏത് രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത് എന്നോ നിങ്ങൾ എത്ര മികച്ച കളിക്കാരനാണ് എന്നോ ഇവിടെ പ്രസക്തമല്ല. വിജയിക്കാൻ വേണ്ടി പോരാടുക. മത്സരത്തിനിടക്ക് കോഹ്ലിയും നവീനും സൗഹൃദം പങ്കിടുന്നത് കണ്ടപ്പോൾ തന്നെ അവർക്കിടയിലുള്ള പ്രശ്‌നങ്ങൾ അവസാനിച്ചു എന്ന് മനസ്സിലാക്കാം. എനിക്കിനി ആരാധകരോട് പറയാനുള്ളത് ഒരു താരത്തേയും ഇനി സോഷ്യല്‍ മീഡിയില്‍ പരിഹസിക്കരുത് എന്നാണ്"- ഗംഭീര്‍ പറഞ്ഞു.
കഴിഞ്ഞ ഐപിഎൽ സീസണിലാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് ലഖ്നൗ സൂപ്പർ ജയൻറ്‌സ് മത്സരത്തിന് ശേഷം അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ബാംഗ്ലൂർ താരം വിരാട് കോഹ്‌ലി ലഖ്നൗ മെന്റർ ഗൗതം ഗംഭീറുമായും ലഖ്‌നൗ താരം നവീനുൽ ഹഖുമായും നടത്തിയ വാക്കേറ്റം മൈതാനത്തെ ചൂടുപിടിപ്പിച്ചു. ഏറെ പണിപ്പെട്ടാണ് ടീമംഗങ്ങൾ ഇവരെ തണുപ്പിച്ചത്. മത്സരശേഷം ബി.സി.സി.ഐ കോഹ്‌ലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനം പിഴയേർപ്പെടുത്തുകയും ചെയ്തു. സംഘർഷങ്ങളെ തുടർന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീനും പിഴ ലഭിച്ചു. ഈ തർക്കത്തിന് ശേഷവും നവീനുൽ ഹഖ് വിരാട് കോഹ്‌ലിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒളിയമ്പുകളെയ്തിരുന്നു. കോഹ്‌ലി ആരാധകർ സമൂഹ മാധ്യമങ്ങളിലും മൈതാനങ്ങളിലും നവീനെ ശല്യം ചെയ്തുകൊണ്ടുമിരുന്നു. കോഹ്‍ലിക്കും നവീനുമിടയില്‍ മഞ്ഞുരുകിയതോടെ ആരാധകരും ഇനി വായടക്കുമെന്ന് കരുതാം.