Sports
antonio rüdiger

antonio rüdiger

Sports

റുഡിഗര്‍ കാണിച്ചത് ഐ.എസ് ചിഹ്നമെന്ന് ആരോപണം; മറുപടിയുമായി താരം

Web Desk
|
30 March 2024 10:34 AM GMT

ജൂലിയൻ റീഷൽട്ടിനെതിരെ പരാതി നൽകി റുഡിഗർ

ദിവസങ്ങൾക്ക് മുമ്പാണ് റയൽ മാഡ്രിഡിന്റെ ജർമൻ സെന്‍റര്‍ബാക്ക് അന്‍റോണിയോ റുഡിഗർ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു ചിത്രം പങ്കുവച്ചത്. റമദാൻ ആശംസകൾ നേർന്നുള്ള പോസ്റ്റ് പെട്ടെന്നാണ് വൈറലായത്. 'ലോകത്തുള്ള എല്ലാ മുസ്ലിങ്ങൾക്കും റമദാൻ മുബാറക്. ദൈവം നമ്മുടെ പ്രാർഥനയും നോമ്പും സ്വീകരിക്കട്ടെ' എന്ന് തലവാചകമെഴുതിയാണ് റുഡിഗർ തന്റെ ചിത്രം പങ്കിട്ടത്. മുസ്വല്ലയിൽ ആകാശത്തേക്ക് കൈ ഉയർത്തി നിൽക്കുന്നതായിരുന്നു ചിത്രം. എന്നാൽ ചിത്രം പങ്കിട്ടതിന് പിറകേ റുഡിഗറിനെതിരെ തീവ്രവാദ ആരോപണവുമായി ജര്‍മന്‍ മാധ്യമ പ്രവർത്തകൻ ജൂലിയൻ റീഷെൽട്ട് രംഗത്തെത്തി.

''അന്റോണിയോ റുഡിഗറിന്‍റേത് ഇസ്ലാമിക് സല്യൂട്ടാണ്. ഭരണഘടനാ സംരക്ഷണത്തിനുള്ള ഫെഡറൽ അതോറിറ്റി ഈ ചിഹ്നത്തെ ഐ.എസ്.ഐ.എസ് ചിഹ്നമായാണ് കണക്കാക്കുന്നത്. ആ ചൂണ്ടുവിരൽ ഇസ്ലാമിസത്തിന്റെ അടയാളമാണ്''- റീഷൽട്ട് എക്‌സിൽ കുറിച്ചു.ഇതോടെ താരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകളാരംഭിച്ചു.

ഇപ്പോഴിതാ റീഷല്‍ട്ടിന് മറുപടിയുമായെത്തിയിരിക്കുകയാണ് റുഡിഗര്‍. ''ഞാൻ കാണിച്ചത് തൗഹീദിന്റെ വിരലാണ്. ദൈവം ഏകനാണെന്നാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്. ലോകമമ്പാടുമുള്ള മുസ്ലിങ്ങൾക്ക് സുപരിചിതമാണ് ഇക്കാര്യം. ഒരു മുസ്ലിം എന്ന നിലക്ക് ഞാനെന്റെ വിശ്വാസം മുറുകെ പിടിക്കും. എന്നാൽ ഒരു തീവ്രവാദ ചിന്തയുമായും എനിക്ക് ബന്ധമില്ല. സമാധാനത്തിനും സഹിഷ്ണുതക്കും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്'- റുഡിഗർ പറഞ്ഞു. റീഷൽട്ടിനെതിരെ ബെർലിൻ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിൽ റുഡിഗർ പരാതി നൽകി.

Similar Posts